അവർക്കു പാർക്കാൻ വീടുകൾ സ്വന്തം

Mail This Article
മാനന്തവാടി ∙ തരുവണ പാലിയാണയിലും പയ്യമ്പള്ളി നിട്ടമാനിയിലും ഭൂരഹിത കുടുംബങ്ങൾക്കായി നിർമാണം പൂർത്തിയാക്കിയ 47 വീടുകളുടെ താക്കോൽദാനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. കോളനി എന്ന പേര് കാലക്രമേണ നമുക്കു മാറ്റാൻ സാധിക്കണമെന്നും പാലിയാണയിലെ ഭൂമിക്ക് 'ഉന്നതി ഗ്രാമമെന്നും' നിട്ടമാനിയിലെ ഭൂമിക്ക് 'ഭൂമിക' എന്നും പേര് നൽകിയത് പുതിയ തുടക്കമാണെന്നും മന്ത്രി പറഞ്ഞു.
ആദിവാസി സമൂഹത്തിനായുള്ള വികസന പദ്ധതികളുടെ രൂപീകരണത്തിൽ ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കണം. അടുത്ത അധ്യയനവർഷം മുഴുവൻ ആദിവാസി കുട്ടികളെയും വിദ്യാലയങ്ങളിൽ എത്തിക്കാനുള്ള ശ്രമം നടത്തണം. ഏവിയേഷൻ പോലെയുള്ള കോഴ്സുകളിലേക്ക് ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളിൽ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കണം. 283 ആദിവാസി മേഖലകളിൽകൂടി കണക്ടിവിറ്റി സാധ്യമാക്കിയാൽ എല്ലാ ആദിവാസി മേഖലകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
പൊരുന്നന്നൂർ വില്ലേജിലെ പാലിയാണയിൽ ലാൻഡ് ബാങ്ക് പദ്ധതിയിലൂടെ വിലയ്ക്കു വാങ്ങിയ 4.57 ഏക്കറിൽ 38 വീടുകളാണു നിർമിച്ചത്. പയ്യമ്പള്ളി നിട്ടമാനിയിൽ 1.20 ഏക്കറിൽ 9 വീടുകളും നിർമിച്ചു. ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലം വീതം പ്ലോട്ടുകളായി തിരിച്ച് നൽകി 6 ലക്ഷം രൂപ വീതം ചെലവിട്ടാണ് വീടുകൾ നിർമിച്ചത്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു ചുമതല. പാലിയാണയിൽ വീടു ലഭ്യമായവരിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കൂവണക്കുന്ന് നിവാസികളായ 14 കുടുംബങ്ങളും ഉൾപ്പെടുന്നുണ്ട്.
പാലിയാണയിൽ നടന്ന ചടങ്ങിൽ ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ രേണുരാജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കല്യാണി, പി.കെ. അമീൻ, പഞ്ചായത്ത് സ്ഥിരംസമിതി ഭാരവാഹികളായ സി.എം. അനിൽകുമാർ, സീനത്ത് വൈശ്യൻ, ഇ.കെ. സൽമത്ത്, ടിഡിഒമാരായ സി. ഇസ്മയിൽ, ജി. പ്രമോദ്, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം കെ. രാമചന്ദ്രൻ, തഹസിൽദാർ എം.ജെ അഗസ്റ്റിൻ, ഒ.കെ സാജിത് തുടങ്ങിയവർ പ്രസംഗിച്ചു.
നിട്ടമാനിയിൽ നടന്ന ചടങ്ങിൽ ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയർപഴ്‌സൻ സി.കെ. രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, നഗരസഭ സ്ഥിരം സമിതി ഭാരവാഹികളായ ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, പാത്തുമ്മ, പി.വി.എസ്. മൂസ, സംസ്ഥാനതല പട്ടികവർഗ ഉപദേശക സമിതിയംഗം എ.ജെ ജൂലി, ടിഡിഒമാരായ സി. ഇസ്മയിൽ, ജി. പ്രമോദ്, തഹസിൽദാർ എം.ജെ അഗസ്റ്റിൻ, ഒ.കെ സാജിത് തുടങ്ങിയവർ പ്രസംഗിച്ചു.
ആശ്വാസ തീരത്ത് കൂവണ കോളനിവാസികൾ
2018 ലെ പ്രളയം തീർത്ത ദുരിത ജീവിതത്തിൽനിന്നു മോചനം ലഭിച്ച സന്തോഷത്തിലാണ് പാലിയാണ, കൂവണ കോളനിവാസികൾ. പ്രളയത്തിൽ കൂവണ കോളനിയിലെ 14 കുടുംബങ്ങളുടെ വീടുകളാണ് തകർന്നു പോയത്. വീടുകൾ തകർന്നു പോയതിനാൽ പാലിയണ സ്‌കൂളിലും കരിങ്ങാരി സ്‌കൂളിലുമാണ് പിന്നീടുള്ള മാസങ്ങളിൽ കൂവണ കോളനിവാസികൾ അന്തിയുറങ്ങിയത്.
സ്കൂൾ തുറന്നതോട അധികൃതർ കൂവണക്കുന്നിൽ നിർമിച്ചു നൽകിയ താൽക്കാലിക ഷെഡ്ഡുകളിലേക്കു മാറിത്താതാമസിക്കുകയായിരുന്നു. നിന്നു തിരിയാനിടമില്ലാത്ത നടയ്ക്കൽ കൂവണ കോളനിയിൽ ദുരിതജീവിതം നയിച്ചിരുന്ന 14 കുടുംബങ്ങൾക്കാണ് ആശ്വാസമായി വീട് ലഭിച്ചത്.