കാട്ടാന ശല്യം അതിരൂക്ഷം; പൂതാടിയിൽ ഗതികെട്ട് ജനം
Mail This Article
പനമരം ∙ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കാട്ടാന ശല്യത്തിൽ പൊറുതിമുട്ടുകയാണു പൂതാടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശത്തുള്ളവർ. പതിവായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടങ്ങളാണുണ്ടാക്കുന്നത്. കൃഷി നശിപ്പിക്കുന്നതിനു പുറമേ വീടുകളുടെ ചുറ്റുമതിലും കുടിവെള്ള പൈപ്പുകളും വേലികളും വീട്ടുമുറ്റത്തെ ചെടിച്ചട്ടികളും കോഴിക്കൂടും വളർത്തുനായയുടെ കൂടും വരെ നശിപ്പിക്കുന്നു.
പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക്, വണ്ടിക്കടവ്, നടവയൽ, ഒരുമിടാവ്, ചെഞ്ചടി, അഴിക്കോടൻ നഗർ, കവലമറ്റം, വട്ടത്താനി, കുരിശിൻ കവല, ഗാന്ധിനഗർ, മാരമല പ്രദേശങ്ങളിലാണു കാട്ടാനയുടെ ശല്യം രൂക്ഷം. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനക്കൂട്ടം വാഴ, തെങ്ങ് എന്നിവയാണു നശിപ്പിക്കുന്നതിൽ ഏറെയും.
കൂടാതെ കമുക്, മാങ്കോസ്റ്റിൻ, ഏലം, ജാതി, കാപ്പി, നെല്ല്, റബർ, പച്ചക്കറി അടക്കമുളള കൃഷികളും നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കക്കോടൻ ബ്ലോക്കിൽ ഇറങ്ങിയ കാട്ടാന കൊല്ലിയിൽ സുകുമാരൻ നായരുടെ വീടിന് മുൻപിലെ പൂവൻ വാഴകൾ പറിച്ചു സമീപത്തെ റോഡിലേക്ക് ഇടുകയും പിന്നീട് റോഡിൽ വച്ച് ഭക്ഷിക്കുകയും ചെയ്താണു മടങ്ങിയത്. കോച്ചേരി പ്രിൻസ് കാടപറമ്പിൽ ജോസ് തുടങ്ങി ഒട്ടേറെ കർഷകരുടെ കൃഷികളും നശിപ്പിച്ചിട്ടുണ്ട്.
കാട്ടാനശല്യം പതിവായതോടെ ഇവിടെ കർഷകർ കൃഷി ഉപേക്ഷിച്ചു. കൃഷിനാശത്തിന് പുറമേ കർഷകരുടെ ജീവനും ഭീഷണിയായ സാഹചര്യമാണ് കൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. രാത്രി ജനവാസകേന്ദ്രത്തിൽ എത്തുന്ന കാട്ടാന നേരം പുലർന്നാലും വനത്തിനുള്ളിലേക്കു മടങ്ങാൻ കൂട്ടാക്കാതെ വനാതിർത്തിയിൽ തമ്പടിക്കുന്ന സ്ഥിതിയാണുള്ളത്. ഒരേസമയം പലയിടങ്ങളിൽ കാട്ടാനയിറങ്ങുന്നതിനാൽ കർഷകർ വിളിച്ചാലും വനപാലകർക്കും എല്ലായിടത്തും ഒരേപോലെ ഓടിയെത്താൻ കഴിയുന്നുമില്ല.