തൃശ്ശിലേരിയിൽ കാട്ടാന വീട് ആക്രമിച്ചു

Mail This Article
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം രൂക്ഷം. മുത്തുമാരിയിൽ വടക്കേകടവന്നൂർ ആന്റണിയുടെ വീടു കാട്ടാന ആക്രമിച്ചു. വീടിന്റെ ഷെഡ് പൂർണമായും തകർത്തു. ഷെഡിൽ നിർത്തിയിട്ട ബൈക്കും കാർഷികോപകരണങ്ങളും നശിപ്പിച്ചു.
ഇന്നലെ പുലർച്ചെയാണ് സംഭവം. ആന വീടിനോട് ചേർന്ന ഷെഡ് തകർക്കുന്ന ഒച്ച കേട്ടു വീടിനു പുറത്തിറങ്ങിയ വീട്ടുകാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബഹളം വച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. പരിസരങ്ങളിലെ കാർഷിക വിളകളും ആന ചവിട്ടി നശിപ്പിച്ചു. കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതു തടയാൻ ട്രഞ്ചും ഫെൻസിങ്ങും നവീകരിച്ചു കാവൽ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സന്ധ്യയാകുന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറഞ്ഞു.