കൈതക്കലിൽ കാട്ടാനക്കൂട്ടം കൃഷിനാശം: ഭീതി

Mail This Article
പനമരം∙ മാനന്തവാടി പനമരം റോഡിലെ കൈതക്കൽ പ്രദേശത്തെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. ഒരു പകൽ മുഴുവൻ ജനങ്ങളെയും വനംവകുപ്പിനെയും പൊലീസിനെയും ഭീതിയിലാഴ്ത്തിയ കാട്ടാനകളെ രാത്രി വൈകിയും വനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു. മുൻവർഷങ്ങളിലെ പോലെ ഇക്കുറിയും പതിവു തെറ്റിക്കാതെ പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാനകളിൽ 3 എണ്ണമാണ് ഒട്ടേറെ കർഷകരുടെ കൃഷിയിടം നശിപ്പിച്ച് നേരം പുലർന്നിട്ടും തിരിച്ചു പോകാതെ വെള്ളമുണ്ട സെക്‌ഷനിലെ കൈതക്കൽ കാപ്പി ഡിപ്പോയ്ക്ക് സമീപത്തെ സൂപ്പർ മാർക്കറ്റിനു പിന്നിലുള്ള കൃഷിയിടങ്ങളിൽ നിലയുറപ്പിച്ചത്.

ഇന്നലെ രാവിലെ നാട്ടുകാരാണ് കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകളെ കണ്ടത്. വിവരമറിഞ്ഞ് വിവിധ സെക്‌ഷനുകളിൽ നിന്നു വനപാലകരും പനമരം പൊലീസും സ്ഥലത്തെത്തിയെങ്കിലും വൈകിട്ടു വരെ തുരത്താൻ കഴിയാത്തതിനാൽ വനപാലകർ സ്ഥലത്ത് അപകട മുന്നറിയിപ്പ് നൽകി കാവലേർപ്പെടുത്തി. വൈകിട്ട് 4.30 നു ശേഷം മാനന്തവാടി റേഞ്ച് ഓഫിസർ രമ്യ രാഘവൻ, ബോഗുർ റേഞ്ച് ഓഫിസർ കെ.രാകേഷ്, തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ അബ്ദുൽ ഗഫൂർ, തലപ്പുഴ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജയേഷ് ജോസഫ്, വെള്ളമുണ്ട ഫോറസ്റ്റ് ഓഫിസർ ഇ.സി. രാജു, പുൽപള്ളി ഫോറസ്റ്റ് ഓഫിസർ കെ.യു. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടാനകളെ പടക്കം പൊട്ടിച്ചും മറ്റും തുരത്താനുള്ള നടപടി ആരംഭിച്ചത്.
പകൽ മുഴുവൻ കാട്ടാനകൾ പ്രദേശത്തെ ഷംസു കടന്നോളി, കുറുങ്ങോടൻ ഇക്ബാൽ, വിജയൻ, ഹസൻ തുടങ്ങിയ പല കർഷകരുടെയും കൃഷിയിടങ്ങളിലൂടെ കയറിയിറങ്ങി കൃഷി നശിപ്പിച്ചു. പാതിരി സെക്‌ഷനിൽ നിന്നിറങ്ങിയ കാട്ടാനകൾ കൈതക്കലിൽ എത്തിയത് 2 പുഴകളും 3 റോഡുകളും മറിച്ചു കടന്ന് 10 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ്. 3 ദിവസം മുൻപ് കാട്ടാനകൾ പനമരം വലിയ പുഴയ്ക്കു സമീപത്തെ പരക്കുനിയിൽ എത്തിയിരുന്നു. കാട്ടാന സ്ഥിരമായി ഇറങ്ങുന്ന സ്ഥലത്ത് വാച്ചർമാരെ നിയമിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്.