മഴ: വീടുകൾക്കും കൃഷിക്കും നാശം

Mail This Article
കൽപറ്റ ∙ വയനാട്ടില്‍ മഴപ്പെയ്ത്തിനു തെല്ലൊരു ശമനമുണ്ടായെങ്കിലും കെടുതികള്‍ക്കു കുറവില്ല. ജില്ലയിൽ കാലവർഷത്തിൽ 27 വീടുകൾക്ക് ഭാഗിക നാശമുണ്ടായി. പ്രാഥമിക കണക്കെടുപ്പിൽ 9.4 ഹെക്ടർ സ്ഥലത്തെ കൃഷിനാശവുമുണ്ടായി. നൂൽപുഴ വില്ലേജിലെ പുഴങ്കുനി കോളനിയിൽ നിന്നു 9 കുടുംബങ്ങളിലെ 26 പേർ കല്ലൂർ ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ തുടരുന്നുണ്ട്.
മുത്തങ്ങ ചുണ്ടക്കുനി പണിയ കോളനിയിലെ 8 കുടുംബങ്ങളിലെ 26 പേരെ അടുത്തുള്ള ആലത്തൂർ അങ്കണവാടിയിലേക്ക് മാറ്റി പാർപ്പിച്ചെങ്കിലും പ്രദേശത്ത് മഴ ശക്തി കുറഞ്ഞതിനാൽ വീടുകളിലേക്ക് തിരികെ അയച്ചു. ലക്കിടിയിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി. രാവിലെ ഏഴരയോടെയാണു മരം വീണത്. കൽപറ്റയിൽ നിന്നു അഗ്നിരക്ഷാസേനയെത്തി മരം മുറിച്ച് മാറ്റി. ഇതുവഴിയുള്ള ഗതാഗതം മുക്കാൽ മണിക്കൂറോളം മുടങ്ങി. റോഡരികിലെ വൈദ്യുതിക്കാലുകളും തകർന്നു.
മടക്കിമലയിൽ മതിലിടിഞ്ഞ് സമീപത്തെ വീടുകൾക്ക് ഭീഷണിയായി. മേത്തുണ്ടിൽ ഷാജിയുടെ വീടാണ് കൂടുതൽ അപകട ഭീഷണി നേരിടുന്നത്. വീടിനോട് ചേർന്ന സമീപവാസിയുടെ കരിങ്കൽ ഭിത്തിയാണ് തകർന്നു വീണത്. കനത്ത മഴയിൽ ചുണ്ടേൽ ടൗണിന് സമീപം റോഡരികിൽ വിള്ളലും ഗർത്തവും രൂപപ്പെട്ടു. വെങ്ങപ്പള്ളി കോളനിമുക്ക് രജീഷ് നീലഞ്ചേരിയുടെ വീട്ടുപരിസരത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. 22 റിങ്ങുകളുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
കനത്ത മഴയിലും കാറ്റിലും മരം വീണു പുതുശ്ശേരി നൊച്ചന കോളനിയിലെ ശാന്തയുടെ വീട് തകർന്നു. പുറക്കാടി കോലമ്പറ്റയില്‍ ചീരക്കുഴി അനിത മോഹന്റെ വീടിനു മുകളില്‍ ഇല്ലി മറിഞ്ഞുവീണു കേടുപാടുണ്ടായി. വെങ്ങപ്പള്ളി വില്ലേജില്‍ നീലഞ്ചേരി രജീഷിന്റെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വെള്ളമുണ്ട മുണ്ടക്കല്‍ കോളനിയിലെ ബാലന്റെ അടുക്കളയും തകര്‍ന്നു. കാഞ്ഞിരങ്ങാട് പുതുശേരി കോളനിയിലെ ശാന്തയുടെ വീടിനു മുകളില്‍ മരംവീണു നാശനഷ്ടമുണ്ടായി.ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മാനന്തവാടി നഗരസഭ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 04935 240253 തിരുനെല്ലി പഞ്ചായത്തിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്: 7902535207
ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്ത സ്ഥലങ്ങളും മഴയളവും (മില്ലീമിറ്ററില്‍)
പടിഞ്ഞാറത്തറ 153.16
തവിഞ്ഞാല്‍ 142
വൈത്തിരി 141.14
തരിയോട് 131
തൊണ്ടര്‍നാട് 127.9
പൊഴുതന 126
കോട്ടത്തറ 125.3