നമുക്ക് ‘പാർക്കാൻ’ ബസ് സ്റ്റാൻഡുകൾ; ബസ് സ്റ്റാൻഡുകൾ കയ്യടക്കി സ്വകാര്യവാഹനങ്ങൾ

Mail This Article
കൽപറ്റ ∙ ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകൾ സ്വകാര്യ വാഹന പാർക്കിങ് കേന്ദ്രങ്ങളായി മാറുന്നു. ടൗണിൽ വേണ്ടത്ര പാർക്കിങ് സൗകര്യമില്ലാത്തതാണു മിക്കയിടത്തും പ്രതിസന്ധി രൂക്ഷമാക്കുന്നത്. മേപ്പാടി ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യേറിയതോടെ ബസുകള്‍ നിര്‍ത്താന്‍ സ്ഥലമില്ലാതെയായി. ടൗണിൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കിയിട്ടു മാസങ്ങളായെങ്കിലും ബസ് സ്റ്റാൻഡിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് അവസാനിപ്പിക്കാനായില്ല. സ്ഥല പരിമിതി പോലും പരിഗണിക്കാതെയാണു മറ്റു വാഹനങ്ങളുടെ പാർക്കിങ്. ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗം മുതൽ എല്ലായിടങ്ങളിലും വാഹനങ്ങൾ നിര്‍ത്തിയിടുന്നു. ട്രാഫിക് പരിഷ്കരണം നടപ്പാക്കിയപ്പോഴും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനു ടൗണില്‍ സൗകര്യം ഏര്‍പെടുത്താത്തതാണു പ്രതിസന്ധിക്കു കാരണം.

ബസുകൾ മുട്ടാതിരിക്കാൻ മുട്ടിലിൽ കഷ്ടപ്പാട്
മുട്ടിൽ ദേശീയ പാതയോട് ചേർന്നുള്ള മുട്ടിൽ ബസ് സ്റ്റാൻഡും പകലും രാത്രിയും വ്യത്യസമില്ലാതെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറി. സ്റ്റാൻഡിന്റെ നടുവിൽ കൂടുതൽ ഭാഗവും കാറുകളാണ് പാർക്ക് ചെയ്യുന്നത്. ബസ് സ്റ്റാൻഡിന്റെ വശങ്ങളെല്ലാം ഇരുചക്ര വാഹനങ്ങളും കയ്യടക്കുന്നു. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനായി ടൗണിൽ മറ്റു സ്ഥലങ്ങൾ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ സ്ഥല സൗകര്യമുള്ള സ്റ്റാൻഡിനുള്ളിൽ വാഹനങ്ങൾ നിർത്തുകയാണ്. മുൻപ് കുറച്ചു വാഹനങ്ങളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പ്രവൃത്തി ദിവസങ്ങളിലെല്ലാം നിറയെ വാഹനങ്ങളാണുള്ളത്. പലപ്പോഴും കൂടുതൽ ബസുകൾ ഒന്നിച്ച് എത്തുമ്പോൾ, കടന്നു പോകാൻ സാധിക്കാത്ത വിധമാണ് സ്വകാര്യവാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്.
സ്വകാര്യ വാഹന കേന്ദ്രമായി വടുവൻചാൽ
സ്വകാര്യ വാഹനങ്ങളുടെ സ്ഥിരം കേന്ദ്രമാണു വടുവൻചാൽ ബസ് സ്റ്റാൻഡും. സ്ഥല പരിമിതി വളരെ കുറഞ്ഞ ബസ് സ്റ്റാൻഡ് ആണെങ്കിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ബസ് സ്റ്റാൻഡിന് നടുവിലെ ഉപയോഗശൂന്യമായ ടൂറിസം ഇൻഫർമേഷൻ സെന്റർ ഉണ്ടാക്കുന്ന അസൗകര്യത്തിനു പുറമേയാണു സ്വകാര്യ വാഹന പാർക്കിങ് സൃഷ്ടിക്കുന്ന അസൗകര്യം. കാറുകളും ഒാട്ടോകളും ഇരുചക്ര വാഹനങ്ങളുമെല്ലാം ഇവിടെ സ്ഥിരമായി നിർത്തിയിടുന്നുണ്ട്.

മീനങ്ങാടിയിൽ പൊലീസ് പാർക്കിങ്
സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് കുറവാണെങ്കിലും മീനങ്ങാടിയിൽ ബസ് സ്റ്റാൻഡാണ് പൊലീസിന്റെ പാർക്കിങ് സ്ഥലം. മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെടുന്നതും മറ്റു കേസുകളിലും പിടിക്കപ്പെടുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ നിന്നു വാഹനങ്ങൾ കയറുന്ന ഭാഗത്താണു കൊണ്ടിടുന്നത്. പൊലീസ് സ്റ്റേഷനോട് ചേർന്നു പാർക്കിങ്ങിനു സ്ഥലം കുറവായതിനാലാണ് വാഹനങ്ങൾ ഇവിടെ ഇടുന്നത്. പൊലീസ് സ്റ്റേഷനിലെ 2 വാഹനങ്ങൾ പോലും ഇടാൻ സ്ഥലമില്ലാത്തതിനാൽ ദേശീയ പാതയിലാണ് ഒരെണ്ണം ഇടുന്നത്. പല കേസുകളിലായി എത്തുന്ന വലിയ വാഹനങ്ങൾ ഇടാൻ പൊലീസ് മറ്റൊരിടം കണ്ടെത്തിയാൽ മാത്രമേ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ ഇടുന്നത് അവസാനിപ്പിക്കാൻ സാധിക്കൂ.