നരഭോജി കടുവയെ പിടിച്ചാൽ എങ്ങോട്ട് കൊണ്ടുപോകും?; സംരക്ഷിക്കാൻ മാസം 60,000 രൂപ ചെലവ്

Mail This Article
ബത്തേരി ∙ വാകേരി മൂടക്കൊല്ലിയിൽ യുവ കർഷകനെ കൊന്ന കടുവയെ ജീവനോടെ പിടികൂടിയാൽ പാർപ്പിക്കാനും പരിചരിക്കാനും വയനാട് വന്യജീവി സങ്കേതത്തിലുള്ള നാലാംമൈലിലെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തിൽ ഇടമില്ല. 7 കടുവകളുമായി കേന്ദ്രം നിറഞ്ഞിരിക്കുന്നതിനാൽ എട്ടാമനെത്തിയാൽ മൃഗശാലയിലേക്കു കൊണ്ടു പോവുകയേ രക്ഷയുള്ളു. വാകേരി മൂടക്കൊല്ലിയിലെ കടുവയെ പിടികൂടിയാൽ തൃശൂരിലെയോ തിരുവനന്തപുരത്തെയോ മൃഗശാലയിലേക്ക് കൊണ്ടു പോകാനാണ് വനംവകുപ്പ് പദ്ധതിയിട്ടിട്ടുള്ളതെന്നു വന്യജീവി സങ്കേതം വാർഡൻ ജി. ദിനേഷ്കുമാർ പറഞ്ഞു. പിടികൂടുന്ന കടുവയ്ക്കു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ മൃഗശാലയിലേക്ക് മാറ്റുകയാവും ചെയ്യുക.
മൃഗശാലയിലേക്കു കൊണ്ടു പോകാൻ കഴിയുന്ന അവസ്ഥയല്ലെങ്കിൽ നിലവിലുള്ള 7 അന്തേവാസികളിൽ ഒന്നിനെ മൃഗശാലയിലേക്കു മാറ്റേണ്ടി വരും. 5 കടുവകൾക്കു സ്വസ്ഥമായി കഴിയാവുന്ന കേന്ദ്രത്തിലാണ് ഇപ്പോൾ 7 എണ്ണത്തിനെ താമസിപ്പിച്ചിട്ടുള്ളത്. സംരക്ഷണ കേന്ദ്രത്തിൽ കടുവകളെ പാർപ്പിക്കുന്ന 5 സെല്ലുകളാണ് ഉള്ളത്. തീവ്രപരിചരണം ആവശ്യമായവയ്ക്കു ചികിത്സ നൽകുന്നതിന് 2 സ്ക്യൂസ് കേജുകളുമുണ്ട്. ഇത്തരത്തിൽ സെല്ലുകളും സ്ക്യൂസ് കേജുകളുമായുള്ള ഏഴിടത്തും കടുവകളെ പാർപ്പിച്ചിരിക്കുകയാണ്. കടുവകൾക്ക് വനസമാന വാസ സൗകര്യമൊരുക്കിയിട്ടുള്ള 4 പെഡോക്കുകളും കേന്ദ്രത്തിലുണ്ട്. ശരാശരി 25 മീറ്റർ നീളത്തിലും വീതിയിലുമായി 20 അടിയിലധികം ഉയരത്തിൽ കമ്പിവല സ്ഥാപിച്ച പുൽമേടുകളാണ് പെഡോക്കുകൾ.
ഇപ്പോൾ പരിചരണ കേന്ദ്രത്തിലുള്ള 7 കടുവകളെയും മാറി മാറി പെഡോക്കുകളിൽ വിശ്രമിക്കാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ മണിക്കൂറാണ് ഓരോ കടുവയും പെഡോക്കുകളിൽ കഴിയുന്നത്. പെഡോക്കിലെ വാസം കഴിഞ്ഞാൽ സെല്ലുകളിലേക്ക് തിരികെ കൊണ്ടു വരും. സ്ക്യൂസ് കേജുകളും നിറഞ്ഞിരിക്കുന്നതിനാൽ കടുവയെ കൊണ്ടുവന്ന് പെട്ടെന്നു ചികിത്സ നൽകാൻ പോലും ഇവിടെ ബുദ്ധിമുട്ടാകും. നിലവിലുള്ള സങ്കേതത്തിൽ കൂടുതൽ കടുവകളെ പാർപ്പിക്കാനുള്ള പദ്ധതിയുണ്ടെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനാൽ നിർമാണ പ്രവൃത്തി നീളാനാണ് സാധ്യത. വന്യജീവി സങ്കേതമായതിനാൽ കടുവകളെ പാർപ്പിച്ചിരിക്കുന്നിടത്ത് സഞ്ചാരികൾക്ക് കാണാനാകും വിധം സഫാരി പാർക്ക് ഒരുക്കാനാകില്ല. വയനാട്ടിൽ തന്നെ മറ്റൊരിടത്ത് സഫാരി പാർക്ക് ഒരുക്കാനായാൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വനംവകുപ്പിന് ഫണ്ടിന്റെ കുറവ് വരില്ല.
7 കടുവകൾ; ചെലവ് അരക്കോടി
വന്യമൃഗ സംരക്ഷണ പരിചരണ കേന്ദ്രത്തിൽ ഒരു കടുവയെ സംരക്ഷിക്കാൻ മാസത്തിൽ 60,000 രൂപയോളം ചെലവ് വരും. 7 കടുവകളാകുമ്പോൾ മാസം 4 ലക്ഷത്തിലധികം വരും. വർഷത്തിൽ അരക്കോടിയും. 10 കിലോയോളം ഇറച്ചി ഓരോ കടുവയ്ക്കും 2 ദിവസം കൂടുമ്പോൾ കൊടുക്കേണ്ടതുണ്ട്. പുതിയ കൂടുകളും അതിഥികളുമെത്തിയാൽ കടുവകളെ തീറ്റിപ്പോറ്റാൻ ലക്ഷങ്ങൾ പോരാതെ വരും.
പരിചരണ കേന്ദ്രത്തിൽ കഴിയുന്ന കടുവകൾ, പിടിച്ച സ്ഥലം, മാസം, വർഷം, ആൺ– പെൺ,വയസ്സ് എന്ന ക്രമത്തിൽ)
1. മാനന്തവാടി–മാർച്ച് 2022– ആൺ – 4
2. വാകേരി– ജൂലൈ 2022– പെൺ– 14
3. ചീരാൽ– ഓഗസ്റ്റ് 2022– ആൺ– 12
4. കൃഷ്ണഗിരി കുപ്പമുടി– നവംബർ 2022– ആൺ–11
5. കുപ്പാടിത്തറ (പുതുശേരിയിൽ തോമസിനെ കൊന്ന കടുവ)
ജനുവരി 2023–ആൺ–10
6. മൂലങ്കാവ് എറളോട്ടുകുന്ന്– 2023 സെപ്റ്റംബർ– പെൺ– 12
7. മാനന്തവാടി പനവല്ലി– 2023 സെപ്റ്റംബർ– പെൺ– 10