ചുളിക്കയെ പേടിപ്പിച്ചു പുലിയും; ആക്രമണത്തിൽ പശു ചത്തു
![wayanad-tiger-attack പുലിയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ, ചുളിക്ക മുല്ലപ്പള്ളി യാഹുവിന്റെ പശുവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2024/3/5/wayanad-tiger-attack.jpg?w=1120&h=583)
Mail This Article
മേപ്പാടി ∙ ചുളിക്ക മേഖലയെ ആശങ്കയിലാഴ്ത്തി പുലിയും. കഴിഞ്ഞ ദിവസം പുലർച്ചെയോടെ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. മറ്റൊരു പശുവിനു ഗുരുതര പരുക്കേറ്റു. എസ്റ്റേറ്റ് തൊഴിലാളിയായ മുല്ലപ്പള്ളി യാഹുവിന്റെ മൂന്നര വയസ്സുള്ള പശുവാണ് ചത്തത്. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ചുളിക്ക ഫാക്ടറിക്കു സമീപമാണു പുലിയിറങ്ങിയത്. നേരത്തെയും മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മേഖലയാണിത്. എളമ്പിലേരി വനമേഖലയിൽ നിന്നാണു വന്യമൃഗങ്ങൾ ചുളിക്കയിലിറങ്ങുന്നത്. ഒന്നിലധികം കടുവകളും പുലികളും മേഖലയിലുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനോടകം ഒട്ടേറെപ്പേരുടെ വളർത്തുമൃഗങ്ങളെ കാണാതായിട്ടുമുണ്ട്. മേഖലയിലെ തേയിലത്തോട്ടത്തിൽ താവളമാക്കിയ കടുവ കഴിഞ്ഞ 6 മാസത്തിനിടെ 10ലധികം പശുക്കളെയാണു ആക്രമിച്ചു കൊലപ്പെടുത്തിയത്. പ്രദേശവാസിയായ പെരിയങ്ങാടൻ നാസറിന് 7 പശുക്കളെയാണു കടുവയുടെ ആക്രമണത്തിൽ നഷ്ടമായത്. കാട്ടാന ശല്യവും മേഖലയിൽ രൂക്ഷമാണ്.