മുള്ളൻകൊല്ലിയിലെ മിക്ക ചെക്ക് ഡാമുകളും തുറന്നുകിടക്കുന്നു; പാഠം പഠിക്കാതെ നമ്മൾ

Mail This Article
മുള്ളൻകൊല്ലി ∙ വരൾച്ചയുടെ പാഠം നന്നായി പഠിച്ചിട്ടും പാഴാകുന്ന വെള്ളം സംഭരിക്കാനോ, വരും ദിവസങ്ങളിലെ ഉപയോഗത്തിനു കരുതാനോ ഒരു നടപടിയുമില്ലാതെ നാട്. കഴിഞ്ഞവർഷവും നാട് വറചട്ടിയിൽ എരിഞ്ഞതിന്റെ അനുഭവങ്ങൾ എല്ലാവരും മറന്നു. പുഴകളും തോടുകളും വറ്റി തുള്ളിവെള്ളം കോരിയെടുക്കാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. കാരാപ്പുഴ അണക്കെട്ടിൽ നിന്നു വെള്ളം തിരിച്ചു കൊണ്ടുവന്നാണ് നാട്ടിൽ കുടിവെള്ളം നൽകിയത്.വെള്ളമില്ലാതെ പശുക്കളെ വിറ്റവരും കുടിക്കാൻ കുപ്പിവെള്ളം വാങ്ങിവച്ചവരുമേറെ.
ഇക്കൊല്ലം അധികമഴ കിട്ടിയെങ്കിലും വേനൽ നേരത്തെ പിടിമുറുക്കി. തോടുകളിലെ വെള്ളം അതിവേഗം കുറയുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തേണ്ട ജലസംരക്ഷണ പ്രവർത്തനങ്ങൾ ഒരിടത്തുമാരംഭിച്ചില്ല. ഒട്ടുമിക്ക ചെക്ക് ഡാമുകളും തുറന്നുകിടക്കുന്നു. വെള്ളമെല്ലാം തോടുകളിലൂടെ ഒഴുകി കന്നാരംപുഴ, കടമാൻതോട് എന്നിവയിലൂടെ കബനി വഴി കർണാടകയിലേക്ക് ഒഴുകുന്നു.
വിവിധ വകുപ്പുകളുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ഡസൻകണക്കിന് തടയണകൾ നശിച്ചുകിടക്കുന്നു. ഇതിലെ ചീർപ്പുകൾ പൊട്ടിത്തകർന്നു. ചിലയിടങ്ങളിൽ ചീർപ്പു പലക പൊളിച്ച് അടുപ്പിൽ കത്തിച്ചവരുമുണ്ട്. തടയണകളിൽ വെള്ളം സംഭരിക്കുന്നതോടെ പരിസരങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് കിണറുകൾ, കുളങ്ങൾ എന്നിവയിൽ വെള്ളമെത്തും.
മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്നതിനു മുൻപേ തടയണ സംരക്ഷണമടക്കമുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബുകൾ, സ്വാശ്രയസംഘങ്ങൾ, യുവജന സംഘടനകൾ എന്നിവകളുടെ സഹകരണത്തോടെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പ്രാദേശിക ഭരണസംവിധാനങ്ങൾ തൊഴിലുറപ്പിൽപ്പെടുത്തിയും തടയണ നിർമാണം നടത്തി. എന്നാൽ കഴിഞ്ഞ വർഷമുണ്ടായ വരൾച്ച മുന്നിൽകണ്ട് ജലസംരക്ഷണമടക്കമുള്ള കാര്യങ്ങൾ നടത്താൻ ഒരു നടപടിയും നാട്ടിലുണ്ടായിട്ടില്ല.
വരൾച്ച പ്രതിരോധം; അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിജെപി
മുള്ളൻകൊല്ലി ∙ വരൾച്ച രൂക്ഷമായ പഞ്ചായത്തിലെ കൃഷിനാശം, ജലക്ഷാമം എന്നിവ കണക്കിലെടുത്തു മുന്നൊരുക്കങ്ങൾ നടത്താൻ അധികൃതർ സത്വരനടപടികൾ സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണകളെല്ലാം നോക്കുകുത്തിയായി മാറുമ്പോഴും ഇക്കാര്യത്തിൽ ഒരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ല. രാജൻ പാറക്കൽ അധ്യക്ഷത വഹിച്ചു. സദാശിവൻ കളത്തിൽ, രഞ്ജിത് ഇടമല, ജോബിഷ് മാവുടി, പി.എൻ.സന്തോഷ്, കുമാരൻ പൊയ്ക്കാട്ടിൽ, പി.കെ.മോഹനൻ. സണ്ണി ചോലിക്കര എന്നിവർ പ്രസംഗിച്ചു.