ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ ടൗൺഷിപ്പിൽ വീട് വേണ്ടവർക്ക് വീടിനൊപ്പം 10 സെന്റ് സ്ഥലം തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് ദുരന്തബാധിതർ. വീട് വേണ്ടാത്തവർക്ക് സാമ്പത്തിക സഹായമായി 40 ലക്ഷം രൂപ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.  ടൗൺഷിപ്പിനുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്കായി കലക്ടർ ഡി.ആർ.മേഘശ്രീയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ദുരന്തബാധിതർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇൗ ആവശ്യങ്ങൾ രേഖപ്പെടുത്തിയാണു ദുരന്തബാധിതർ,

പുനരധിവാസ നടപടിക്രമങ്ങളുടെ ഭാഗമായി റവന്യു വകുപ്പ് നൽകിയ സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയത്. എന്നാൽ, സമ്മതപത്രത്തിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തേണ്ടെന്നും പകരം രേഖാമൂലം പ്രത്യേക പരാതി നൽകണമെന്നും അധികൃതർ നിലപാടെടുത്തു.  കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് നിർമിക്കുന്ന ടൗൺഷിപ്പിൽ 7 സെന്റ് സ്ഥലവും 1000 ചതുരശ്ര അടിയുള്ള വീടും എന്നതാണ് സർക്കാർ നലപാട്.

വീട് വേണ്ടാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും. ഇതു സംബന്ധിച്ച് സമ്മതപത്രം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കലക്ടർ ദുരന്തബാധിതരുമായി കൂടിക്കാഴ്ച നടത്തുന്നത്. ആദ്യ ദിനത്തിൽ കൂടിക്കാഴ്ചയ്ക്കായി 125 ഗുണഭോക്താക്കൾക്കാണ് കത്ത് നൽകിയത്. ഇവരിൽ 107 പേർ ഇന്നലെ കലക്ടറേറ്റിലെത്തി. ഇതിൽ 12 പേർ വീടിനായി സമ്മതപത്രം നൽകി. ഒരാൾ സാമ്പത്തിക സഹായത്തിനും സമ്മതപത്രം നൽകി.

ടൗൺഷിപ്പിൽ വീട് താൽപര്യമുള്ളവർക്ക് വീടിനൊപ്പം 10 സെന്റ് സ്ഥലം നൽകണം. ടൗൺഷിപ്പിൽ താൽപര്യമില്ലാത്തവർക്ക് വീട് നിർമാണത്തിന് കണക്കാക്കിയ 20 ലക്ഷം രൂപയും 10 സെന്റ് ഭൂമിയുടെ വിപണി വിലയായ 20 ലക്ഷം രൂപയും ചേർത്ത് 40 ലക്ഷം രൂപ നഷ്ടപരിഹാരത്തുക നൽകണം. ഇതാണ് ദുരന്തബാധിതരുടെ ആവശ്യം. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താതെ സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകില്ലെന്നാണു ദുരന്തബാധിതരുടെ തീരുമാനം.

ആവശ്യങ്ങൾ 
കൂടിക്കാഴ്ചയിൽ കലക്ടർ ഡി.ആർ.മേഘശ്രീക്കു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് ദുരന്തബാധിതർ. ടൗൺഷിപ്പിൽ വീടിനൊപ്പം 10 സെന്റ് സ്ഥലം എന്നതാണ് പ്രധാന ആവശ്യം. അതു വേണ്ടാത്തവർക്ക് 40 ലക്ഷം രൂപ സഹായം നൽകണം. ഗുണഭോക്തൃ പട്ടികയിലെ അപാകതകൾ പരിഹരിച്ച് അർഹരായ മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തണം. ദുരന്തഭൂമി കൃഷിയാവശ്യത്തിന്  ഉപയോഗിക്കുമ്പോൾ ഭൂമിക്ക് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കണം. ദുരന്ത പ്രദേശത്തുള്ളവർക്ക് ബാങ്കുകൾ വായ്പ അനുവദിക്കുന്നില്ല. ആൾതാമസമില്ലാത്ത മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിൽ മോഷണം വ്യാപകമായി.

കാർഷിക വിളകൾ മോഷ്ടിക്കപ്പെടുകയാണ്. മേഖലയിൽ സുരക്ഷ ഉറപ്പാക്കണമെന്നും ദുരന്തബാധിതർ ആവശ്യപ്പെട്ടു. ദുരന്തബാധിതർ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അതിവേഗം വീടെന്ന സർക്കാരിന്റെ പ്രഥമ പരിഗണനയുടെ ഭാഗമായാണ് ആളുകളെ നേരിൽ കാണുന്നതെന്നും കലക്ടർ മറുപടി നൽകി.

സമ്മതപത്രം 
ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ടൗൺഷിപ്പിൽ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച് 24 വരെ സമ്മതപത്രം നൽകാം. ലഭിക്കുന്ന സമ്മതപത്രത്തിൽ  പരിശോധനയും സമാഹരണവും ഏപ്രിൽ 13നു പൂർത്തിയാക്കും. ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കും.

സംഘടനകൾ, സ്പോൺസർമാർ, വ്യക്തികൾ എന്നിവർ വീട് വച്ച് നൽകുന്നവർക്ക് സർക്കാർ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ കുട്ടിയുടെ രക്ഷിതാവെന്ന പേരിലും പ്രായപൂർത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. 

കേടുപാടു സംഭവിച്ച വീടുകൾ പൊളിക്കും 
പോകാൻ പാടില്ലെന്ന് വിദഗ്ധസമിതി രേഖപ്പെടുത്തിയ  സ്ഥലങ്ങളിൽനിന്ന് ആളുകൾ സ്വമേധയയാ ഒഴിയണം. ദുരന്ത ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് മാറ്റി നിർമാണവിലക്ക് ഭൂമിയായി പ്രഖ്യാപിക്കും.  ദുരന്തമേഖലയിൽ താമസം, കച്ചവടം എന്നിവ അനുവദിക്കില്ല. ദുരന്തത്തിൽ കേടുപാട് സംഭവിച്ച വീടുകൾ സർക്കാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റും.

പൊളിച്ചു മാറ്റുന്ന വീടുകളിൽ നിന്നു ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റു വസ്തുക്കൾ എന്നിവ ആളുകൾക്ക് എടുക്കാം. ദുരന്ത പ്രദേശത്തെ  ഭൂമിയുടെ അവകാശം അതത് ഭൂഉടമകൾക്ക് മാത്രമായിരിക്കും. ഭൂമി കൃഷിയാവശ്യങ്ങൾക്ക് മാത്രമായി അനുവദിക്കും. ഒന്നിലധികം വീട് നഷ്ടപ്പെട്ടവർക്ക് ഒരു വീട് ടൗൺഷിപ്പിൽ ഉറപ്പാക്കും. നഷ്ടമായ മറ്റു വീടുകൾക്ക്  ദുരന്ത നിവാരണ നിയമ പ്രകാരം 4 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും.

പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കും പുതിയ വീടുകൾ
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കും വിധമാണ് ടൗൺഷിപ്പിലെ വീടുകൾ രൂപകൽപന ചെയുന്നത്. ശുചിമുറിയോടു ചേർന്നുള്ള പ്രധാന മുറി, 2 മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് ഉൾപ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ എന്നിവയും ടൗൺഷിപ്പിന്റെ ഭാഗമായി നിർമിക്കും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ,  മൈനർ ഒപി, ടിക്കറ്റ് കൗണ്ടർ എന്നീ സൗകര്യങ്ങളുണ്ടാകും. 

ക്ലാസ്മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോർ, പാർക്കിങ് എന്നിവയാണ് അങ്കണവാടിയുടെ ഭാഗമായി നിർമിക്കുക. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർടി പർപസ് ഹാൾ, ഇൻഡോർ കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ ഉൾപ്പെടുത്തി നിർമിക്കും. ടൗൺഷിപ്പിൽ ലഭിക്കുന്ന വീടിന് അനുവദിക്കുന്ന പട്ടയം 12 വർഷത്തേക്ക് കൈമാറ്റം പാടില്ലെന്നും പാരമ്പര്യ കൈമാറ്റം നടത്താമെന്നും അധികൃതർ അറിയിച്ചു.

English Summary:

Kalpetta landslide victims demand 10 cents of land with houses or ₹40 lakh compensation. The government offers 7 cents and ₹15 lakh, leading to ongoing negotiations and consent form submissions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com