നാടു വരളുമ്പോഴും ജലസേചനം തടഞ്ഞ് കെഎസ്ഇബി; പുഴയോരത്ത് കിണറും പമ്പ് ഹൗസും നിർമിച്ചാൽ മാത്രം കണക്‌ഷൻ

Mail This Article
മുള്ളൻകൊല്ലി ∙ കൊടും വേനലിൽ അതിർത്തി പ്രദേശങ്ങൾ കരിഞ്ഞുണങ്ങുമ്പോഴും കബനിയിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കാനാവാതെ കർഷകർ. കബനി അണക്കെട്ടുനിറയെ വെള്ളം കിടക്കുമ്പോഴാണ് അതിന്റെ കരയിലെ പാടവും തോട്ടങ്ങളുമെല്ലാം വിണ്ടുകീറുന്നത്. കാർഷിക ജലസേചനത്തിന് ജില്ലാപഞ്ചായത്ത് നിർമിച്ച വൈദ്യുതി ലൈനിൽ നിന്നു കണക്‌ഷൻ നൽകാൻ ചില ഉദ്യോഗസ്ഥർ വിസമ്മതിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.
പുഴയോരത്ത് കിണറും പമ്പുഹൗസും നിർമിച്ചാൽമാത്രം കണക്‌ഷൻ നൽകൂവെന്നാണ് പാടിച്ചിറ വൈദ്യുതി സെക്‌ഷൻ ഉദ്യോഗസ്ഥരുടെ നിലപാട്. പുഴയോരത്ത് സ്ഥലമില്ലാത്തവർക്ക് ഇതു രണ്ടും സാധിക്കില്ല. പുഴവെള്ളത്തിൽ ഉയർന്നുകിടക്കുന്ന ബാരലുകളിൽ സ്ഥാപിക്കുന്ന മോട്ടറുകൾക്ക് അതിലേക്കാണ് കണക്‌ഷൻ നൽകുക. ഇത്തരം ഒട്ടേറെ മോട്ടറുകൾ കബനിയുടെ ഇരുഭാഗത്തും പ്രവർത്തിക്കുന്നുണ്ട്. ഒരു തടസ്സവുമില്ലാതെ അടുത്തകാലംവരെ കണക്‌ഷനുകൾ നൽകിയിരുന്നു.
കബനിയിൽനിന്നു വെള്ളമെടുത്ത് കാർഷിക ജലസേചനത്തിനു വൈദ്യുതി വേണമെന്ന കർഷകരുടെ ആവശ്യം കണക്കിലെടുത്ത് 2017 ലാണ് വൻതുക മുടക്കി ജില്ലാപഞ്ചായത്ത് കബനിപ്പുഴയോരത്ത് ത്രീഫേസ് വൈദ്യുതിലൈൻ നിർമിച്ചത്. പുഴയോരത്തു നിന്നു കിലോമീറ്ററുകളകലെയുള്ള കൃഷിയിടങ്ങളിലേക്കും കബനിയിൽ നിന്നു വെള്ളമെത്തിച്ച് ജലസേചനം നടത്തുന്നവരുണ്ട്. ഇവിടത്തെ ജലസേചന പദ്ധതികൾ തകരാറിലായതോടെ മഞ്ഞാടിക്കടവ് ഭാഗത്ത് കൂടുതൽ കർഷകർ സ്വന്തംനിലയിൽ ജലസേചനം നടത്താൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
എന്നാൽ കെഎസ്ഇബി അധികൃതരുടെ നിസ്സഹകരണം മൂലം ഇതുവരെ കണക്‌ഷൻ ലഭിച്ചില്ലെന്നാണു പരാതി. പുഴയോരത്തുകൂടി 5 കിലോമീറ്ററോളം ലൈൻ നിർമിക്കുകയും വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 2 ട്രാൻസ്ഫോമറുകളും സ്ഥാപിച്ചിരുന്നു. ഇതിൽനിന്നു ഗാർഹിക കണക്‌ഷനുകളൊന്നും നൽകിയിട്ടില്ല. ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം കൃഷിക്കാരെ സഹായിക്കാൻ നിർമിച്ച ഈ പദ്ധതികൊണ്ട് കാര്യമായി പ്രയോജനമില്ലാത്ത അവസ്ഥ.
പെരിക്കല്ലൂർ മുതൽ കൊളവളളി വരെയുള്ള കബനിതീരത്ത് പകൽകൊടും ചൂടാണ്. കർണാടകയോടു ചേർന്ന ഈ പ്രദേശങ്ങളിൽ എല്ലാവർഷവും മഴകുറയുന്നു. മരുവൽക്കരണ ഭീഷണിയുള്ള പ്രദേശങ്ങളായി ഇവിടം മാറുന്നു. അതിർത്തിയിൽ ഹരിത ആവരണമുണ്ടാക്കുകയാണ് വരൾച്ച തടയാനുള്ള പോംവഴി. വെള്ളത്തിൽ ഉയർന്നുകിടക്കുന്ന ബാരലുകളിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകുന്നത് അപകടമുണ്ടാക്കുമെന്ന കാരണമാണ് കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നത്.