ഉയിർത്തെഴുന്നേൽപിന്റെ പാതയിൽ വെള്ളാർമല-മുണ്ടക്കൈ സ്‌കൂളുകൾ

Mail This Article
ചൂരൽമല ∙ ഉരുൾദുരന്തത്തിനിരയായെങ്കിലും ഉയിർത്തെഴുന്നേൽപിന്റെ പാതയിലാണു വെള്ളാർമല-മുണ്ടക്കൈ സ്‌കൂളുകൾ. അധ്യയന വർഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോൾ വിദ്യാർഥികൾ സന്തോഷത്തിലാണ്. ദുരന്തം തകർത്ത സ്‌കൂളിന്റെ നേർത്ത ഓർമകളാണ് വിദ്യാർഥികളിൽ. ദുരന്തത്തിനുശേഷം വെള്ളാർമല ജിവിഎച്ച്എസ്എസിലെ 530 വിദ്യാർഥികൾക്കും മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ 81 കുട്ടികൾക്കുമായി മേപ്പാടി ജിഎച്ച്എസ്എസ് സ്‌കൂളിലും മേപ്പാടി പഞ്ചായത്ത് എപിജെ ഹാളിലുമാണ് പഠനസൗകര്യം.
സ്‌കൂളിന് അധിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബിൽഡിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഡൈനിങ് ഹാളിനോടു ചേർന്ന് 3 കോടി ചെലവിൽ 2 നിലകളിലായി 8 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും സ്‌കൂളിൽ ഒരുക്കി. ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂൾ-കോളജ് വിദ്യാർഥികൾക്ക് 250 ലാപ്ടോപ്പുകൾ നൽകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നു 1.7 കോടി രൂപ പദ്ധതിക്കായി വകയിരുത്തും.
പുസ്തകങ്ങൾ നഷ്ടപ്പെട്ട 296 കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകങ്ങൾ ലഭ്യമാക്കി. 282 കുട്ടികൾക്ക് യൂണിഫോമുകൾ തയ്ച്ചു നൽകി. 668 പഠനോപകരണങ്ങളും ആവശ്യമായ വിദ്യാർഥികൾക്കു യാത്രാ സൗകര്യങ്ങളും ഉറപ്പാക്കി. മണിപ്പാൽ ഫൗണ്ടേഷൻ വെള്ളാർമല സ്‌കൂളിനു ബസുകളും അനുവദിച്ചു. ഫർണിച്ചറുകൾ വിവിധ സംഘടനകൾ മുഖേന കണ്ടെത്തി. ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്‌കൂളിൽ 20 ബയോ ടോയ്‌ലെറ്റുകളും ജില്ലാ പഞ്ചായത്ത് സഹായത്തോടെ 8 യൂറിനലുകളും 2 ശുചിമുറികളും നിർമിച്ചു നൽകി.