സ്ത്രീകളെ അവഗണിച്ച് ഒരു പാർട്ടിക്കും മുന്നോട്ടു പോകാനാകില്ല: പ്രിയങ്ക ഗാന്ധി

Mail This Article
മീനങ്ങാടി ∙ സ്ത്രീകളെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടുപോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി എംപി. മീനങ്ങാടി പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകൾ സമൂഹത്തിൽ ഒരുമിച്ച് നിന്ന് പോരാടണം. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം എന്തെങ്കിലും സൗജന്യം വച്ചുനീട്ടുമ്പോൾ അത് തിരിച്ചറിയാൻ സാധിക്കണം.
നിങ്ങളെപ്പോഴെങ്കിലും ഭയക്കുന്നുവെങ്കിൽ, തളരുന്നുവെങ്കിൽ നിങ്ങളെക്കാൾ ശക്തി ആർക്കുമില്ലെന്ന് തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകൾ വിജയം നേടുമ്പോൾ അത് എളുപ്പവഴിയിലൂടെ ആർജിക്കുന്നതല്ല, മറിച്ച് കരുത്തോടെ പോരാടി നേടുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. ഹരിതകർമസേന, ആശാവർക്കർ, അങ്കണവാടി വർക്കേഴ്സ്, ഹെൽപർമാർ, തൊഴിലുറപ്പ് മേറ്റുമാർ, ജാഗ്രതാസമിതി അംഗങ്ങൾ, കാർഷിക കർമ സേന, വനിതാ എസ്ടി പ്രമോട്ടർമാർ, കുടുംബശ്രീ സിഡിഎസുമാർ തുടങ്ങിയവരാണ് സംഗമത്തിൽ പങ്കെടുത്തത്.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണവും നടത്തി. 94-ാംമത്തെ വയസിൽ നാലാംതരം തുല്യതാപരീക്ഷ പാസായ ഉണ്ണിയാത്തയെ ആദരിച്ചു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ടി.സിദ്ദീഖ് എംഎൽഎ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ, വൈസ് പ്രസിഡന്റ് കെ.പി.നുസ്റത്ത്, ബേബി വർഗീസ്, ഉഷാ രാജേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി.അഫ്സത്ത് തുടങ്ങിയവർ പ്രസംഗിച്ചു.