ADVERTISEMENT

സയൻസ്/ടെക്നോളജി മേഖലയിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, സർവകലാശാല കളിലും കോളജുകളിലും ലക്‌ചറർ/അസിസ്റ്റന്റ് പ്രഫസർ ജോലിക്കും അർഹത ലഭിക്കുന്നതിന്,  കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്‌ട്രിയൽ റിസർച്ചും യൂണിവേഴ്സിറ്റി ഗ്രാൻറ്‌സ് കമ്മീഷനും കൈകോർത്തു നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിലെ (JOINT  CSIR-UGC  NET) യോഗ്യത സഹായിക്കും. ‘2023– ഡിസംബർ’ പരീക്ഷയുടെ ചുമതല നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക്.

യോഗ്യത

എംഎസ്‌സി / 4–വർഷ ബിഎസ്, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ്, ബിടെക്, ബിഫാം, എംബിബിഎസ്, അഥവാ തുല്യപരീക്ഷ 55% എങ്കിലും മാർക്കോടെ നേടിയവർക്കും യോഗ്യതാകോഴ്സിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ടെസ്റ്റിന്റെ ഫലം വന്ന് 2 വർഷത്തിനകം നിർദ്ദിഷ്ട മാർക്കോടെ പരീക്ഷ ജയിച്ചാൽ മതി. ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്ഡി കോഴ്സിന് എൻറോൾ ചെയ്തവരെയും പരിഗണിക്കും.   പട്ടിക /ട്രാൻസ്ജെൻഡർ / ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്കു മതി.

ബാച്‌ലർ കോഴ്സിലെ ഫൈനൽ  ഇയർ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും   അധ്യാപകജോലിക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ; ജെആർഎഫിനു അവരെ പരിഗണിക്കില്ല.

ജെആർഎഫിനു ശ്രമിക്കുന്നവരുടെ പ്രായം 2023 ജൂലൈ ഒന്നിന് 28 കവിയരുത്.  പട്ടിക, ട്രാൻസ് ജെൻഡർ, ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും 33 വരെയാകാം. പിന്നാക്ക, വിഭാഗക്കാർക്ക് 31 വരെയും. അധ്യാപകജോലിക്കു പ്രായപരിധിയില്ല. ജെആർഎഫിന‌ു മാത്രമായോ അധ്യാപകജോലിക്കു മാത്രമായോ അപേക്ഷിക്കാം. ചില യോഗ്യതക്കാർക്ക് ജെആർഎഫിനു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ജെആർഎഫ് യോഗ്യതയുള്ളവരെ അദ്ധ്യാപകജോലിക്കും പരിഗണിക്കും. മാനവികവിഷയങ്ങളിൽ യോഗ്യത നേടിയവർക്ക് UGC–NET എന്ന സമാനപരീക്ഷയെഴുതാം.

അപേക്ഷ

ടെസ്‌റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://csirnet.nta.nic.in എന്ന വെബ് സൈറ്റിൽ   30ന് വൈകിട്ട് 5 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം. അന്നു രാത്രി 11.50 വരെ ഓൺലൈനായി 1100 രൂപ അപേക്ഷാഫീയടയ്ക്കാം. പിന്നാക്ക / സാമ്പത്തികപിന്നാക്ക വിഭാഗക്കാർ 550 രൂപയും, പട്ടിക  /ട്രാൻസ്ജെൻഡർ 275 രൂപയും അടച്ചാൽ മതി. ഭിന്നശേഷി വിഭാഗക്കാർ ഫീസടയ്ക്കേണ്ട. ഒരാൾ ഒരപേക്ഷയേ സമർപ്പിക്കാവൂ. അപേക്ഷാരീതി സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.   

          

മറ്റു ഫെലോഷിപ്പുകൾ

നാഷനൽ ഫെലോഷിപ് ഫോർ ഒബിസി (NFOBC), നാഷനൽ ഫെലോഷിപ് ഫോർ പേഴ്സൺസ് വിത് ഡിസെബിലിറ്റീസ് (NFPwD) എന്നിവയ്ക്കു ശ്രമിക്കുന്നവരും ഈ പരീക്ഷ എഴുതേണ്ടതുണ്ട്. ആ ഫെലോഷിപ്പുകളുടെ മറ്റു കാര്യങ്ങൾ അതതു നോഡൽ ഏജൻസികളാണു തീരുമാനിക്കുക.

 ടെസ്‌റ്റിന്റെ രീതി

കെമിക്കൽ / ഏർത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷ്യൻ & പ്ലാനറ്ററി / ലൈഫ് / മാതമാറ്റിക്കൽ / ഫിസിക്കൽ എന്നിങ്ങനെ 5 സയൻസ് ശാഖകളിൽ പരീക്ഷയുണ്ട്. ‍ഡിസംബർ 26, 27, 28 തീയതികളിൽ കംപ്യൂട്ടർ ഉപയോഗിച്ച് 3 മണിക്കൂർ നേരത്തെ മൾട്ടിപ്പിൾ–ചോയിസ് ഒബ്‌ജെക്‌റ്റീവ് പരീക്ഷ നടത്തും. ഇതിൽ എ, ബി, സി എന്നു 3 ഭാഗങ്ങൾ. ‘എ’ എല്ലാ ശാഖക്കാർക്കും പൊതുവാണ്. ബന്ധപ്പെട്ട വിഷയത്തിലെ ചോദ്യങ്ങളാണ് ‘ബി’യിൽ. ‘സി’യിലാകട്ടെ, ബന്ധപ്പെട്ട വിഷയത്തിൽത്തന്നെ ആഴത്തിലുള്ള വിശകലനാത്മക ചോദ്യങ്ങളായിരിക്കും.

ചില ചോദ്യങ്ങളുടെ ഉത്തരം തെറ്റിയാൽ മാർക്കു കുറയ്‌ക്കും. പരീക്ഷയുടെ സിലബസ്, സ്കീം,  മാതൃകാചോദ്യോത്തരങ്ങൾ, മുതലായവ www.csirhrdg.res.in എന്ന വെബ് സൈറ്റിലുണ്ട്. ആദ്യരണ്ടുവർഷത്തേക്ക് പ്രതിമാസം 37000 രൂപ സ്റ്റൈപെൻഡും പ്രതിവർഷം 20000 രൂപ കണ്ടിൻജൻസി ഗ്രാന്റും ലഭിക്കും. പിഎച്ച്ഡി റജിസ്ട്രേഷനുള്ളവർക്ക് മൂന്നാം വർഷം മുതൽ 42000 രൂപ സ്റ്റൈപെൻഡുണ്ട്. കേരളത്തിൽ വയനാടൊഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. 2 വർഷക്കാലം ഗവേഷണ റജിസ്ട്രേഷന് അർഹത നിലനിൽക്കും. അദ്ധ്യാപകജോലിക്ക്  ഈ പരീക്ഷയിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിനു കാലപരിധിയില്ല. നിയമനത്തിനുള്ള ഇതര യോഗ്യതകൾ പാലിക്കണമെന്നുമാത്രം. അദ്ധ്യാപകനോ ഫെലോഷിപ്പോടെ ഗവേഷകനോ ആകാനുള്ള അർഹത നിർണയിക്കുക മാത്രമാണ് ടെസ്റ്റിന്റെ ലക്ഷ്യം. അവസരങ്ങൾ അവരവർ കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സൈറ്റിലെ വിജ്ഞാപനം, ബുള്ളറ്റിൻ, എഫ്എക്യൂ എന്നിവ നോക്കുക. ഹെൽപ് ഡെസ്ക് : 011 40759000 /  csirnet@nta.ac.in.

Content Summary :

How to Become Eligible for Junior Research Fellowship and Lecturer Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com