തന്ത്രങ്ങൾ മെനഞ്ഞ് തയാറെടുക്കാം, ജെഇഇ പരീക്ഷയിൽ വിജയിക്കാൻ 6 ടിപ്സ്
Mail This Article
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും അഭിമാനകരവുമായ മത്സര പരീക്ഷകളിൽ ഒന്നാണ്. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ആണ് ജെഇഇ പരീക്ഷ നടത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി), മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലെ വിവിധ ബിരുദ എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള മുഖ്യപരീക്ഷയായി ജെഇഇയെ കണക്കാക്കുന്നു.
2024-ൽ ജെഇഇ പരീക്ഷ എഴുതാൻ ആയിരക്കണക്കിന് വിദ്യാർഥികൾ തയാറെടുക്കുമ്പോൾ, പരീക്ഷാ രീതിയും തയാറെടുപ്പ് തന്ത്രങ്ങളും പ്രധാനപ്പെട്ട അപ്‌ഡേറ്റുകളും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. jeemain.nta.ac.in വെബ്സൈറ്റിൽ നോക്കി വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. ജെഇഇ മെയിൻ രണ്ട് സെഷനുകളായി ജനുവരി, ഏപ്രിൽ മാസങ്ങളിലാണ് നടത്തുന്നത്.
പരീക്ഷ പാറ്റേൺ: ജെഇഇ പരീക്ഷയിൽ രണ്ട് ഘട്ടങ്ങൾ ഉൾപ്പെടുന്നു: ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്. ജെഇഇ മെയിൻ ആദ്യ ഘട്ടമാണ്. പ്രാഥമികമായി വിദ്യാർഥികളുടെ ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നിവയുടെ ഗ്രാഹ്യത്തെ പരിശോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വർഷത്തിൽ രണ്ടു തവണയാണ് നടത്തുന്നത്. ഈ രീതി വിദ്യാർഥികളുടെ സ്കോറുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ജെഇഇ അഡ്വാൻസ്ഡ് രണ്ടാം ഘട്ടമാണ്. ഉദ്യോഗാർഥികളുടെ പ്രശ്‌നപരിഹാര ശേഷികളും വിമർശനാത്മക ചിന്താശേഷിയും വിലയിരുത്തുകയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ജെഇഇ മെയിനിലെ ടോപ് സ്‌കോറർമാർക്ക് മാത്രമേ ജെഇഇ അഡ്വാൻസ്‌ഡിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. രാജ്യത്തെ ഏറ്റവും പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടികളിൽ ജെഇഇ മെയിൻ പരീക്ഷ പാസായ ശേഷം ജെഇഇ അഡ്വാൻസ്ഡ് കൂടി വിജയിച്ചാലാണ് അഡ്മിഷൻ കിട്ടുന്നത്. ജെഇഇ പരീക്ഷയ്ക്ക് തയാറെടുക്കുന്നതിന് അർപ്പണബോധവും കഠിനാധ്വാനവും തന്ത്രപരമായ സമീപനവും ആവശ്യമാണ്.
1) സിലബസ് മനസ്സിലാക്കുക: ജെഇഇ സിലബസുമായി സ്വയം പരിചയപ്പെടുകയും പ്രധാനപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
2) ശക്തമായ അടിസ്ഥാനം വികസിപ്പിക്കുക: സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നിവയിൽ ഉറച്ച അടിത്തറ ഉണ്ടാക്കുക.
3) പതിവായി പരിശീലിക്കുക: വേഗവും കൃത്യതയും മെച്ചപ്പെടുത്തുന്നതിന് മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ, മോക്ക് ടെസ്റ്റുകൾ, സാംപിൾ പേപ്പറുകൾ എന്നിവ പരിഹരിക്കുക.
4) ടൈം മാനേജ്മെൻ്റ്: ഓരോ വിഷയത്തിനും മതിയായ സമയം നീക്കിവയ്ക്കുകയും അവയുടെ വെയിറ്റേജിനെ അടിസ്ഥാനമാക്കി വിഷയങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുക.
5) മാർഗനിർദ്ദേശം തേടുക: സംശയങ്ങൾ പരിഹരിക്കാനും ഉൾക്കാഴ്ചകൾ നേടുന്നതിനും പരിചയസമ്പന്നരായ ഉപദേശകരിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുക.
6) മാനസിക, ശാരീരിക ആരോഗ്യത്തോടെയിരിക്കുക: പഠനത്തിനും വിശ്രമത്തിനും ഇടയിൽ ഒരു ബാലൻസ് നിലനിർത്തുക.
13 ഭാഷകളിലാണ് പരീക്ഷ നടത്തുന്നത് (അസാമീസ്, ബംഗാളി, ഇംഗ്ലിഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു). ജെഇഇ മെയിൻസ് 2024 കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ജെഇഇ മെയിൻ 2024-ന് രണ്ട് ഷിഫ്റ്റുകൾ ഉണ്ടാകും. ജെഇഇ മെയിൻ പരീക്ഷയുടെ ഷിഫ്റ്റ് ഒന്ന്– രാവിലെ 9 മുതൽ 12 വരെയും ഷിഫ്റ്റ് രണ്ട്– ഉച്ച കഴിഞ്ഞ് 3 വരെയും നടക്കും. വൈകുന്നേരം 6 മണി വരെ. പ്രവേശന പരീക്ഷയിൽ വിജയിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുന്നതിന്, മുഴുവൻ ജെഇഇ മെയിൻ സിലബസും പഠിക്കുക എന്നതായിരിക്കും പരീക്ഷയ്ക്ക് തയാറെടുക്കുന്നതിന്റെ ആദ്യപടി.
ജെഇഇ മെയിൻ പേപ്പർ വൺ പരീക്ഷ ബി ഇ, ബിടെക് കോഴ്സുകൾക്ക് അഡ്മിഷൻ നൽകുന്നതിനു വേണ്ടിയാണ്. ഓൺലൈൻ മോഡില്‍ നടത്തുന്ന ഈ പരീക്ഷ മൂന്നു മണിക്കൂർ ദൈർഘ്യത്തിൽ 300 മാർക്കിലാണ് നടത്തുന്നത്. പേപ്പർ ഒന്നിലെ വിഭാഗം എ മൾട്ടിപ്പിൾ ചോയ്സ് രീതിയിലാണ് നടത്തുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 20 ചോദ്യങ്ങൾ വീതമാണ് ഉള്ളത്. ബി വിഭാഗത്തിൽ ആകട്ടെ ഉദ്യോഗാർഥികൾ 10 ൽ 5 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ശരി ഉത്തരത്തിന് 4 മാർക്കു ലഭിക്കുമ്പോൾ തെറ്റ് ഉത്തരത്തിന് ഒരു മാർക്ക് നഷ്ടപ്പെടും. അതുകൊണ്ട് നെഗറ്റീവ് മാർക്ക് ഒഴിവാക്കാൻ പൂർണമായും ഉറപ്പുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ആയിരിക്കും ഉത്തമം.
ജെഇഇ മെയിൻ പേപ്പർ 2 എ പരീക്ഷ ബി ആർക് കോഴ്സിന് അഡ്മിഷൻ നൽകാനാണ് നടത്തുന്നത്. മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ്, ഡ്രോയിങ് വിഭാഗങ്ങളിലെ, ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് പേപ്പർ രണ്ട് ബി പരീക്ഷ ബാച്ചിലർ ഓഫ് പ്ലാനിങ്ങിന് ആണ് നടത്തുന്നത്. മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ്, പ്ലാനിങ് ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജെഇ പരീക്ഷയിൽ വിജയത്തിന് അക്കാദമിക് മികവിനോടൊപ്പം ഒരു ആസ്പിരന്റ് മൈൻഡ്സെറ്റും മൾട്ടി ഡയമെൻഷനൽ സമീപനവും അത്യാവശ്യമാണ്.