ജോലി സമയം കഴിഞ്ഞിട്ടും മെയിലുകള്‍ക്കു മറുപടി നൽകാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോ!
Mail This Article
ജോലി സമയം കഴിഞ്ഞ് വീട്ടില്‍ പോയാലും ജോലിയുമായി ബന്ധപ്പെട്ട മെയിലുകളും ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്നവരുണ്ട്. എത്ര ആത്മാര്‍ത്ഥതയുള്ള ജീവനക്കാര്‍ എന്ന് പറഞ്ഞ് ഇവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു മുന്‍പത്തെ രീതി. എന്നാല്‍ മാറിയ തൊഴില്‍ സാഹചര്യത്തില്‍ ജോലി സമയം കഴിഞ്ഞുള്ള ഇത്തരം ആത്മാർഥത അത്ര വിലമതിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല ചിലപ്പോഴൊക്കെ തിരിച്ചടിയുമാകാം.
ജോലി സമയത്തിന് ശേഷം ഇത്തരത്തില്‍ ചെയ്യേണ്ടി വരുന്നത് നിങ്ങളുടെ കഴിവുകേടായിട്ടാണ് പുതിയ തൊഴില്‍ സംസ്കാരത്തില്‍ വീക്ഷിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് തന്നിരിക്കുന്ന ജോലി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങളെ കൊണ്ട് പറ്റുന്നില്ല എന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ എടുക്കുക. ജോലി മാത്രമാണ് സര്‍വവും എന്ന മനോഭാവത്തെ പല കമ്പനികളും ഇപ്പോള്‍ അത്ര പ്രോത്സാഹിപ്പിക്കുന്നില്ല. ജോലി സമയത്ത് ജോലി ചെയ്യുക. അത് കഴിഞ്ഞ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്വയം റീചാര്‍ജ് ചെയ്യുക. പുതിയ ഊര്‍ജ്ജവുമായി അടുത്ത ദിവസം ജോലിക്ക് വന്ന് ഉത്പാദനക്ഷമതയോടെ നല്ല പ്രകടനം പുറത്തെടുക്കുക. ഇതാണ് ജീവനക്കാരില്‍ നിന്ന് ഇപ്പോള്‍ പല കമ്പനികളും ആവശ്യപ്പെടുന്നത്. നല്ല ജീവനക്കാരെ കമ്പനിയില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ ജോലിയും ജീവിതവുമായുള്ള കൃത്യമായ അതിര്‍വരമ്പുകള്‍ സൂക്ഷിക്കണമെന്നും പല കമ്പനികളും ഇന്ന് മനസ്സിലാക്കുന്നു. ജോലി സമയം കഴിഞ്ഞ ശേഷവും മെയിലുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി എഴുതാന്‍ നിന്നാല്‍ ഇനി പറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാം.
1. ജീവനക്കാരുടെ സംതൃപ്തി കുറയും
ജീവനക്കാരെ ഒരു സ്ഥാപനത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുകയെന്നത് ഇന്ന് പല കമ്പനികളും നേരിടുന്ന വെല്ലുവിളിയാണ്. ജോലി സമയം കഴിഞ്ഞും ഇമെയിലുകള്‍ പരിശോധിക്കുന്ന ജീവനക്കാര്‍ കമ്പനിയിലെ മറ്റുള്ള ജീവനക്കാരെയും ബുദ്ധിമുട്ടിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് അവരുടെ തൊഴില്‍ സംതൃപ്തിയെ ബാധിക്കുകയും കമ്പനിയെ കുറിച്ചുള്ള അവരുടെ അഭിപ്രായം ഇടിച്ച് താഴ്ത്തുകയും ചെയ്യാം.
2. ആലോചിക്കാതെയുള്ള മറുപടി
ജോലി സമയം കഴിഞ്ഞുള്ള സന്ദേശങ്ങളും ഇമെയിലുകളുമൊക്കെ ചുരുക്കി ആകും നാം അയക്കുക. നേരിട്ടോ ഫോണ്‍ കോളിലൂടെയോ ഒരു സാഹചര്യത്തെ വിശദീകരിക്കുന്നത് പോലെയല്ല ഇത്. ഉടനടിയുള്ള പ്രതികരണങ്ങള്‍ പലപ്പോഴും ചിന്തിച്ച് ആലോചിച്ച് എടുക്കുന്നതാകില്ല. ഇത് ആശയക്കുഴപ്പത്തിനും വ്യക്തതയില്ലായ്മയ്ക്കും കാരണമാകാം.
3. തലച്ചോറിന് ക്ഷീണം
വീട്ടില്‍ പോയി കുട്ടികള്‍ക്കൊപ്പം കളിക്കുമ്പോഴോ അവരെ പഠിപ്പിക്കുമ്പോഴോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഒരു സിനിമ കാണുമ്പോഴോ ഒക്കെയാകാം ഈ ജോലി സംബന്ധമായ ഇമെയിലോ സന്ദേശമോ വരുന്നത്. ആ സമയത്ത് അതിന് മറുപടി അയക്കാന്‍ നിന്നാല്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തി തടസ്സപ്പെടും. തലച്ചോറിന് ശരിയായി വിശ്രമം കൊടുക്കാനുള്ള അവസരം കൂടിയാണ് ഇവിടെ ഇല്ലാതാകുന്നത്. ഇത് അടുത്ത നാള് നിങ്ങളെ അവശനാക്കാം.
4. ആളു മാറി സന്ദേശം അയക്കാം
ഫോണില്‍ നിന്നും മറ്റും ജോലി സംബന്ധമായ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ആളു മാറി അയക്കാനുള്ള സാധ്യത വളരെ അധികമാണ്. നിങ്ങളുടെ കമ്പനിയെ കുറിച്ചുള്ള അതീവ രഹസ്യാത്മകമായ ഒരു വിവരം മറ്റൊരാള്‍ക്ക് പോകുന്നത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആലോചിച്ച് നോക്കൂ. അത് മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ പരിഹരിക്കാന്‍ തന്നെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും പിന്നെ ചെലവഴിക്കേണ്ടി വരും.