ADVERTISEMENT

അത്യാഹിത വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് നേരിടേണ്ടി വരുന്ന രണ്ടു കാര്യങ്ങളാണ് രോഗികളുടെ ആക്രമണവും കോടതി ഡ്യൂട്ടിയും. കോടതി ഡ്യൂട്ടി എന്നത് സർക്കാർ ജീവനക്കാരുടെ ഒൗദ്യോഗിക ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ തിരക്കുപിടിച്ചു നിൽക്കുമ്പോഴാണ് കോടതിയിൽ ഹാജരാകാൻ കത്ത് വരുന്നത്. കോടതി മുറിയിൽ വക്കീലന്മാരുടെ ചോദ്യങ്ങൾ പലപ്പോഴും മറക്കനാവാത്ത ഒാർമകൾ സമ്മാനിക്കും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് പോത്താനിക്കാട് ഫാമിലി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ ഡോ. അനൂപ് ബാബു.

എന്റെ ജീവിതത്തിലെ ആദ്യ കോടതി ഡ്യൂട്ടിക്കുള്ള വിളിവന്നു. പ്രതിയുടെ വക്കീലിന്റെ കുഴപ്പിക്കുന്ന ചോദ്യങ്ങളെ എന്റെ ബുദ്ധിശക്തി ഉപയോഗിച്ച് നേരിട്ട് തെളിവില്ലാത്ത കേസിന് തുമ്പും ഉണ്ടാക്കിക്കൊടുത്തിട്ട് ഒടുവിൽ ജഡ്ജി അങ്ങുന്ന് തന്നെ എഴുന്നേറ്റ് നിന്ന്   ‘സബാഷ്...ഡോക്ടർ.. സബാഷ് ’ എന്ന് പറഞ്ഞ്  പ്രതിയെ അകത്തിടുന്ന പരിപാടിയാണ് കോടതി ഡ്യൂട്ടി എന്നാണ് ഞാൻ കരുതിയത്. മദ്യപിച്ചു അതിക്രമം കാട്ടിയ വ്യക്തിയെ പിടിക്കാൻ പോയ പൊലീസുകാരന്റെ വൃഷണത്തിൽ പിടിച്ച് ഞെക്കി എന്നതായിരുന്നു കേസ് ! ആരെങ്കിലും എങ്ങോട്ടാ പോകുന്നതെന്ന് ചോദിച്ചാൽ പോലും പുറത്ത് പറയാൻ മടിക്കുന്ന കാര്യം. രാവിലെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ഗൂഗിൾ മാപ്പിൽ കോടതി സ്ഥലം തപ്പി. ഗൂഗിൾ ചേച്ചിക്കും പോലും സംശയം. അങ്ങനെ ഒരു ഉൗഹത്തിനു കോടതി ലക്ഷ്യമാക്കി പാഞ്ഞു. അങ്ങനെ കോടതിപരിസരത്ത് എത്തി. കുറ്റകൃത്യങ്ങളോട് തികഞ്ഞ വൈമുഖ്യം കാട്ടുന്ന നാട്ടുകാരാണെന്ന് തോന്നുന്നു കോടതിമുറി കണ്ടുപിടിക്കാൻ നാലു ആളുകളോട്  ചോദിക്കേണ്ടി വന്നു. അവസാനം കോടതി കണ്ടു പിടിച്ചു.  

കേട്ടറിവിനേക്കാൾ വലുതായിരുന്നു കോടതി എന്ന സത്യം. അങ്ങനെ താഴത്തെ നിലയിലെ പച്ചക്കറികടയുടെ സൈഡിലൂടെയുള്ള കോണിപ്പടിയിലൂടെ  ഞാൻ മുകളിലത്തെ നിലയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതിയിലെത്തി. കോടതിവരാന്തയിൽ സുസ്മേനവരദനായി ‘പിടിക്കപ്പെട്ട’ പൊലീസുകാരൻ നിൽക്കുന്നുണ്ടായിരുന്നു. എന്റെ മനസ് മന്ത്രിച്ചു – ‘‘ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു പൊലീസുകാരൻ പോലും നീതി കിട്ടാതെ കഷ്ടപ്പെടരുത്’’. കോടതിമുറിയിൽ ഇരിക്കുമ്പോൾ മനസ്സിലൂടെ വൃഷണത്തിന്റെ അനാട്ടമിയും ഫിസിയോളജിയും ഒക്കെ കടന്നുപോകുന്നതിന് ഇടയിലൂടെയാണ് കോടതിയിൽ വാദിക്കും പ്രതിക്കുമൊക്കെ കേറിനിൽക്കാൻ ഒറ്റ കൂടേ ഉള്ളല്ലോ എന്ന കാര്യം ശ്രദ്ധിച്ചത്. അപ്പോൾ വാദിയേയും പ്രതിയേയും എങ്ങനെയായിരിക്കും ജഡ്ജി തിരിച്ചറിയുന്നത് എന്നാലോചിച്ച് ഞാൻ അത്ഭുതപ്പെട്ടങ്കിലും കൂടുതൽ ആലോചിച്ചാൽ ഇനി വല്ല കോടതിയലക്ഷ്യമാകുമോ എന്ന് കരുതി വീണ്ടും ശ്രദ്ധ വൃഷണത്തിലേക്കായി.

അങ്ങനെ കേസ് വിളിച്ചു. ഞാൻ എഴുതിയതെല്ലാം വായിച്ചുകേൾപ്പിച്ചു. ഇനി പ്രതിയുടെ വക്കീലിന്റെ ഊഴമാണ്. മുടിയെല്ലാം നരച്ച് സാമാന്യം വയസ്സ് ചെന്ന ഒരാൾ എഴുന്നേറ്റു. അയ്യോ.. ഈ സാധു മനുഷ്യനെ ആണോ ‘ചിന്താമണി കൊലക്കേസി’ലെ സൈക്കോ വക്കീലിനെ പോലൊക്കെ ഉപമിച്ചത് എന്ന് ചിന്തിച്ച് ഞാൻ വിഷമിച്ചു.
‘‘പൊലീസിന്റെ പ്രലോഭനങ്ങളിൽ വീണു... അവരുടെ കൈയ്യിൽ  നിന്നും പൈസയും വാങ്ങി മനഃപൂർവം ഇത് എഴുതിയതാണ് എന്ന് പറഞ്ഞാൽ നിഷേധിക്കുമോ?’’ – വെട്ടിയിട്ട വാഴത്തണ്ടുപോലെ ഒരു നിമിഷം ഞാൻ അന്തിച്ചുനിന്നു. യൂണിഫോം ഇട്ട പൊലീസുകാരെ അടുത്ത് കണ്ടാൽ ഇപ്പോഴും മുട്ടിടിക്കാറുള്ള ഞാൻ അവരുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് !
എന്താ അങ്ങുന്നേ ഇദ്ദേഹം ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്ന ദയനീയ ഭാവത്തിൽ ജഡ്ജിയെ നോക്കിയ ഞാൻ ‘അങ്ങനെയൊന്നുമില്ല’ എന്നു പറഞ്ഞു.
‘‘പിടിവലിക്കിടയിൽ കൈമുട്ടോ കാൽമുട്ടോ കൊണ്ടാലോ മറിഞ്ഞു വീണാലോ ഇതു പറ്റില്ലേ?’’
ഇനി താമസിക്കേണ്ട. ബുദ്ധി പുറത്തെടുക്കാനുള്ള സമയം ആയിരിക്കുന്നു. ‘‘അങ്ങനെയൊക്കെ ആണേൽ മറ്റു പരിക്കുകൾ കാണേണ്ടതായിരുന്നു. ഇത് അതൊന്നുമില്ല..’’

dr-anoop-babu-ent-surgeon
ഡോ. അനൂപ് ബാബു.

‘‘സംഭവിക്കാമോ ഇല്ലയോ എന്ന് പറഞ്ഞാൽ മതി...’’ – വക്കീൽ ശബ്ദം കടുപ്പിച്ചു
ഞാൻ പ്രോസിക്യൂട്ടറെ നോക്കി.  ‘സംഭവിക്കാം’ എന്ന മട്ടിൽ പുള്ളി ഇരുന്ന് ആംഗ്യം കാണിക്കുന്നു. എന്റെ സമയം കളയാനായി ഓരോരുത്തന്മാർ കൂട്ടിൽ കയറി നിൽക്കുന്നു എന്നഭാവത്തിൽ ജഡ്ജിയും.
‘സംഭവിക്കാം....’
അതോടെ എന്നെ വക്കീൽ വെറുതെ വിട്ടു. അവിടെ നിന്നു ജീവനും കൊണ്ട് ഓടി വണ്ടിയിൽ കയറുമ്പോൾ പുറകിൽ നിന്ന് ‘ചായ കുടിച്ചാരുന്നോ ഡോക്ടറെ...?’ എന്നൊരു ചോദ്യം. തിരിഞ്ഞുനോക്കുമ്പോൾ നൂറ്റിപ്പത്ത് വാട്ട്സ് ചിരിയുമായി ദേ...നിൽക്കുന്നു നമ്മുടെ ‘ചിന്താമണി’ കൊലക്കേസിലെ പ്രതി!

ഒരു ഇളിച്ച ചിരിയോടെ ‘ഉം’എന്ന് മൂളി സ്ഥലം കാലിയാക്കി. ഒരു നിരപരാധിക്ക്‌ ശിക്ഷ കിട്ടാതെ ഇരിക്കാനായി ആയിരം കുറ്റവാളികളെ വരെ രക്ഷപെടുത്താം എന്നാണല്ലോ പ്രമാണം! എന്തായാലും ഒടുവിൽ ആ ചിന്താ ‘മണി’ കൊലക്കേസ് പൊട്ടിപ്പൊളിഞ്ഞു പാളീസായി പോയി.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം +919846061027 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

English Summary:

My First Time in Court: A Kerala Doctor's Hilarious Testimony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com