അറിയാത്ത ചോദ്യങ്ങൾ വരുമ്പോൾ ‘ബ...ബ...ബ’ വയ്ക്കേണ്ട; പിടിച്ചു നിൽക്കാൻ വഴിയുണ്ടെന്നേ
Mail This Article
ജോലിക്കായുള്ള അഭിമുഖത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നമ്മുടെ പക്കല്‍ ഉത്തരമുണ്ടായെന്നു വരില്ല. പക്ഷേ, എനിക്കറിയാന്‍ പാടില്ല എന്ന് അവയ്‌ക്ക് ഉത്തരം നല്‍കുന്നത് അഭിമുഖകര്‍ത്താക്കളില്‍ മതിപ്പുണ്ടാക്കില്ല. ജോലി ലഭിച്ച ശേഷം ഒരു ക്ലയന്റ് മീറ്റിങ്ങിനോ ടീം മീറ്റിങ്ങിനോ ചെല്ലുമ്പോഴും ഇക്കാര്യം മനസ്സില്‍ വയ്‌ക്കേണ്ടതാണ്.
അറിയാത്ത ചോദ്യങ്ങള്‍ക്ക് ‘എനിക്ക് ഉത്തരം അറിയില്ല’ എന്നു പറഞ്ഞ് ഒറ്റ വാക്കില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നത് കൂടുതല്‍ സംഭാഷണങ്ങള്‍ക്കുള്ള അവസരം ഇല്ലാതാക്കും. ഇതിനാല്‍ ‘എനിക്കറിയില്ല’ എന്നതിനു പകരം ഉപയോഗിക്കാവുന്ന ചില ഉത്തരങ്ങള്‍ വിശദീകരിക്കുകയാണ് കരിയര്‍ കോണ്ടസയില്‍ എഴുതിയ ലേഖനത്തില്‍ കരിയര്‍ ഉപദേശകയായ കെയ്‌ലീന്‍ കെഹായസ് ഹോള്‍ഡന്‍.
. അതൊരു നല്ല ചോദ്യമാണ്
ഉത്തരമറിയാത്ത ചോദ്യത്തിന് എന്തെങ്കിലും ഉത്തരം കിട്ടുമോ എന്നാലോചിക്കാന്‍ നിങ്ങള്‍ക്കു സമയം നല്‍കുന്നതാണ് ചോദ്യകര്‍ത്താവിനെ അഭിനന്ദിക്കുന്ന ഈ വാക്കുകള്‍. അല്‍പംകൂടി സമയം ലഭിക്കാന്‍ വേണ്ടി ‘ചോദ്യം ഒന്നു കൂടി വ്യക്തമാക്കാമോ’ എന്ന് ചോദിക്കാം. നിങ്ങള്‍ക്ക് ചോദ്യം ശരിക്കും മനസ്സിലായില്ല എന്നും കൂടുതല്‍ വ്യക്തത വരുത്താമോ എന്നും വിനയത്തോടെ ആവശ്യപ്പെടാം. ചില ഘട്ടങ്ങളില്‍ ചോദ്യകര്‍ത്താവ് രണ്ടാമതൊന്ന് ചോദ്യം വിശദീകരിക്കുമ്പോള്‍ അതില്‍ ഏതെങ്കിലുമൊരു പോയിന്റ് നിങ്ങൾക്കു കത്തിയെന്നു വരാം. ഇതിനാല്‍ ചോദ്യത്തിനു വ്യക്തത വരുത്തുന്നത് നല്ലൊരു നയതന്ത്രമാണ്. ഈ സമയം കൊണ്ട് ഉത്തരം ആലോചിക്കുകയും ചെയ്യാം.
∙ അനുഭവം പങ്കുവയ്‌ക്കാം
ചോദ്യത്തിനു നേരിട്ടുള്ള ഉത്തരം കയ്യില്‍ ഇല്ലെങ്കില്‍ പ്രയോഗിക്കാവുന്ന ഒരടവാണ് ഇതുമായി എന്തെങ്കിലും ബന്ധമുള്ള ഒരു അനുഭവമോ നൈപുണ്യശേഷിയോ പങ്കുവയ്‌ക്കല്‍. ‘ഇതാണോ ഇതിനുള്ള കൃത്യമായ ഉത്തരം എന്നെനിക്കറിയില്ല, പക്ഷേ, ഇതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്‌ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞ് തുടങ്ങാം. നിങ്ങളുടെ കഥപറച്ചില്‍ ശേഷികള്‍ അഭിമുഖത്തില്‍ പ്രയോഗിക്കാന്‍ പറ്റിയ നേരമാണിത്. കഥ വെറും കഥയായി പോകാതിരിക്കാനും ശ്രദ്ധിക്കണം. ഏതെങ്കിലും ഒരു പ്രശ്‌നത്തെ നിങ്ങള്‍ എങ്ങനെ സമീപിച്ചു എന്നതും പരിഹാരം കണ്ടെന്നതുമാകണം കഥയുടെ സാരാംശം.
∙ ഇതിനെ ഇങ്ങനെയായിരിക്കും ഞാന്‍ സമീപിക്കുക
അറിയാത്ത ചോദ്യം കേട്ട് മരവിച്ചിരിക്കാതെയും ‘ബ,ബ,ബ’ വയ്ക്കാതെയും പരീക്ഷണം നടത്താനും പരിഹാരങ്ങള്‍ തേടാനുമുള്ള നിങ്ങളുടെ താൽപര്യം പ്രകടിപ്പിക്കുക. ഇതായിരിക്കും ഇതിന് എന്റെ സമീപനം എന്നു പറഞ്ഞു തുടങ്ങുന്ന ഉത്തരം നിങ്ങളുടെ പ്രശ്‌നപരിഹാരശേഷിയെയും ക്രിയാത്മകചിന്തയെയും സ്വയം അവബോധത്തെയും വിനയത്തെയുംപറ്റിയുള്ള വെളിപ്പെടുത്തലിനുള്ള അവസരമാക്കാം. ഇത് ഒരുപക്ഷേ, ശരിയായ ഉത്തരത്തെക്കാള്‍ അഭിമുഖം ചെയ്യുന്നവരില്‍ മതിപ്പുളവാക്കാന്‍ സഹായിക്കാം. എല്ലാത്തിനുമുള്ള ഉത്തരം കയ്യിലില്ലെങ്കിലും നിങ്ങള്‍ സാഹചര്യത്തിന് അനുസരിച്ചു പഠിക്കാനും മാറാനും കാണിക്കുന്ന വൈദഗ്ധ്യവും നിങ്ങള്‍ക്ക് കയ്യടി നേടിത്തരാം. ചോദ്യത്തിനു നിങ്ങള്‍ നല്‍കുന്ന പരിഹാരം ചിലപ്പോള്‍ അത്ര മികച്ചതല്ലെങ്കിലും നിങ്ങള്‍ എടുത്ത ആ പരിശ്രമം നല്ല അഭിപ്രായം സൃഷ്ടിക്കും.
∙ ഉത്തരം അറിയാനുള്ള താൽപര്യം
ചില ചോദ്യങ്ങള്‍ക്ക് ഈ അടവുകളൊന്നും പ്രയോഗിക്കാന്‍ സാധിച്ചെന്നു വരില്ല. അപ്പോഴും അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അറിയാനുള്ള നിങ്ങളുടെ താൽപര്യത്തെ വെളിപ്പെടുത്താതെ പോകരുത്. ഉദാഹരണത്തിന്, ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തി ഒരു പ്രശ്‌നപരിഹാരം എങ്ങനെ കൈവരിക്കാമെന്നു ചോദിച്ചാല്‍, നിങ്ങള്‍ അത് മുന്‍പ് ശ്രമിച്ചിട്ടില്ലെന്നും അത് കണ്ട് പിടിക്കാന്‍ നിങ്ങള്‍ അതീവ തത്പരനാണെന്നും പറയാം. ഇനി അറിയാത്ത കാര്യങ്ങള്‍ അഭിമുഖത്തിന് ശേഷം കണ്ടെത്തി നിങ്ങള്‍ അഭിമുഖകര്‍ത്താക്കള്‍ക്ക് അയക്കുന്ന പോസ്റ്റ് ഇന്റര്‍വ്യൂ താങ്ക്യൂ നോട്ടില്‍ ചേര്‍ക്കുന്നതും മതിപ്പുണ്ടാക്കും.
ഉത്തരം അറിയാവുന്ന ഒരാളെപ്പറ്റി പറയാം
ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിലും അതിനെപ്പറ്റി അറിയുന്ന ഒരാളെക്കുറിച്ചും അയാള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നും പറഞ്ഞ് രക്ഷപ്പെടാം. നിങ്ങളുടെ മുന്‍ ജോലിയില്‍ നിങ്ങള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ഇതെല്ലാമായിരുന്നു എന്നും ഈ പ്രത്യേക വിഭാഗം നിങ്ങളുടെ ബോസോ മെൻഡറോ സഹപ്രവര്‍ത്തകനോ ആയിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നും അറിയിക്കാം. അവരതിനെ കൈകാര്യം ചെയ്ത ഒരു സന്ദര്‍ഭത്തെയും കൂടി വിവരിക്കാം. അവര്‍ അത് എങ്ങനെ കൈകാര്യം ചെയ്തു എന്നു നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍കൂടി അത്തരം സന്ദര്‍ഭങ്ങള്‍ ഒരു ടീമിന്റെ ഭാഗമായിട്ടെങ്കിലും നിങ്ങള്‍ മുഖാമുഖം കണ്ടിട്ടുണ്ട് എന്നത് മതിപ്പുളവാക്കും. എനിക്കറിയില്ല എന്ന ചോദ്യത്തെക്കാള്‍ എന്തുകൊണ്ടും ഈ ഉത്തരം നിങ്ങളെ രക്ഷിച്ചേക്കും.