ഒാഫിസ് മീറ്റിങ്ങുകൾ ഒഴിവാക്കാറുണ്ടോ? പണി തെറിക്കാൻ ഇനി വേറൊന്നും തേടേണ്ട
Mail This Article
പുതുവർഷം ചിലർക്കെങ്കിലും പുതിയ ജോലികളുടേതു കൂടിയാണ്. ചെന്നു കയറുന്ന കമ്പനിയിൽ കുറഞ്ഞ നാളുകൾ കൊണ്ടു ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനു വേണ്ടി ആവേശപൂർവ്വം പല കാര്യങ്ങളിലേക്കും എടുത്തു ചാടുന്നവരും ഉണ്ട്. പക്ഷേ, ചെന്നു കയറിയപ്പോൾ തന്നെ ആളാകാൻ നോക്കുന്നു എന്ന വിമർശനമാണ് ആവേശ് കുമാരന്മാർക്കും കുമാരിമാർക്കും പലപ്പോഴും കിട്ടുക. ജൂനിയർ തലത്തിലോ സീനിയർ തലത്തിലോ ആയിക്കോട്ടെ, പുതുതായി ചെല്ലുന്ന കമ്പനിയിൽ ഒരു സ്ഥാനം നേടാൻ ചില വഴികളുണ്ട്.
1. കുറച്ചു ബഹുമാനം ഒക്കെയാകാം
സ്ഥാപനത്തിലെ നിലവിലുള്ള ജീവനക്കാരോടും അവർ നാളിതുവരെ എടുത്തു വന്ന ജോലിയോടും ബഹുമാനം പുലർത്തുക എന്നതാണ് ആദ്യ പാഠം. കാരണം അവരുടെ അനുഭവ പരിചയം കമ്പനിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. ഈ അനുഭവ പരിചയത്തിന്റെ സാധ്യതകൾ പുതിയ ജീവനക്കാരൻ, അതിപ്പോ അസിസ്റ്റന്റ് ആയാലും സിഇഒ ആയാലും തേടണം. പുതിയ ആശയങ്ങൾ അവതരിപ്പിക്കും മുൻപും നിലവിലെ സമ്പ്രദായത്തിൽ മാറ്റം വരുത്താൻ ശ്രമിക്കും മുൻപും നാളിതു വരെ അതെങ്ങനെയാണു സ്ഥാപനത്തിൽ തുടർന്നു വന്നിരുന്നതെന്ന് അന്വേഷിക്കുക. നിങ്ങൾ പുതിയ നിർദ്ദേശങ്ങൾ ആവശ്യമുള്ളപ്പോൾ അവതരിപ്പിക്കരുത് എന്നല്ല ഇതിനർഥം. താനെന്തോ മാറ്റിമറിക്കാൻ എത്തിയിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാതെ സ്ഥാപനവും അവിടുത്തെ ജീവനക്കാരും ചേർന്ന് ഉണ്ടാക്കിയിട്ടിരിക്കുന്ന അടിത്തറയിൽ നിന്നു പ്രവർത്തിച്ചു തുടങ്ങുക.
2. വ്യക്തികളെ പരിചയപ്പെടുക
ജോലിയുമായി ബന്ധപ്പെട്ടു നിങ്ങൾ ദൈനംദിനം ഇടപെടേണ്ടി വരുന്ന വ്യക്തികളെ നേരിട്ടു പോയി കണ്ടു അവരുമായി ബന്ധം സ്ഥാപിക്കുക. നിങ്ങളുടെ സ്ഥാപനത്തിൽ നിരവധി വകുപ്പുകളും മറ്റുമുണ്ടെങ്കിൽ ഈ ഓരോ വിഭാഗത്തിലും കാര്യം നടത്തുന്ന പ്രധാനികളുമായി സംസാരിക്കുക. നിങ്ങളുടെ പ്രവർത്തനത്തിൽ അവരുടെ സഹകരണം ഉറപ്പു വരുത്തുക. സ്ഥാപനത്തിൽ നിങ്ങൾ വളരെ ജൂനിയർ ആണല്ലോ എന്നു കരുതി ഈ പ്രധാന വ്യക്തികളെ അറിയാതെ പോകരുത്. കാരണം നിങ്ങളുമായി ദൈനംദിനം ഇടപെടേണ്ടി വരുന്ന തങ്ങളുടെ വിഭാഗത്തിലെ ജൂനിയർ സ്റ്റാഫിനെ നിങ്ങൾക്കു പരിചയപ്പെടുത്തി തരാൻ ഇവർക്കു സാധിക്കും.
3. മീറ്റിങ്ങുകൾക്കു പോകുക
വലിയ സ്ഥാപനങ്ങളാണെങ്കിൽ വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനായി പലപ്പോഴും മീറ്റിങ്ങുകളൊക്കെ ചേരാറുണ്ട്. അത്തരം യോഗങ്ങളിൽ കയറി പറ്റുക. സ്ഥാപനത്തിന്റെ വിവിധ വിഭാഗങ്ങളിൽ എന്തു സംഭവിക്കുന്നു എന്നറിയാനും നിങ്ങളുടെ സഹപ്രവർത്തകർ എങ്ങനെയാണ് ആശയങ്ങൾ അവതരിപ്പിച്ചു തീരുമാനങ്ങൾ എടുക്കുന്നതെന്നറിയാനും ഈ മീറ്റിങ്ങുകൾ സഹായിക്കും.
4. ചോദ്യങ്ങൾ ചോദിക്കുക
പുതിയ ജീവനക്കാർ പലപ്പോഴും വിലമതിക്കപ്പെടുന്നത് അവരുടെ പുതിയ കാഴ്ചപ്പാടുകളുടെയും അവതരിപ്പിക്കുന്ന ആശയങ്ങളുടെയും പേരിലാകും. അതു കൊണ്ട് നിലവിലെ ജീവനക്കാർ ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങളെ കുറിച്ച് പഠിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുത്. കാരണം നിങ്ങളുടെ ചോദ്യമാകാം ചിലപ്പോൾ കമ്പനിക്ക് കോടിക്കണക്കിന് രൂപ ലാഭം നൽകുന്ന ഒരു പ്രശ്ന പരിഹാര ഉപാധിയിലേക്ക് നയിക്കുന്നത്.
5. തൊഴിൽ വിവരണം പുനപരിശോധിക്കുക
പല സ്ഥാപനങ്ങളിലും ആദ്യം കുറച്ചു നാൾ പരിശീലനം ഒക്കെയായിരിക്കും. ഇതു കഴിഞ്ഞു ശരിക്കുള്ള ജോലി ചെയ്തു തുടങ്ങുമ്പോൾ, അതായത് ഒന്നു രണ്ടു മാസങ്ങൾക്കു ശേഷം നിങ്ങൾക്കു നൽകിയിരിക്കുന്ന ജോബ് ഡിസ്ക്രിപ്ഷൻ അഥവാ തൊഴിൽ വിവരണം പുന: പരിശോധിക്കണം. ഇതുമായി മേലധികാരിയെ സമീപിച്ചു നിങ്ങളുടെ പരിശീലനത്തിൽ എല്ലാ വശങ്ങളും ഉൾക്കൊള്ളിക്കപ്പെട്ടോ, സ്ഥാപനം ഈ റോളിൽ പ്രതീക്ഷിച്ച കാര്യങ്ങളെല്ലാം താൻ ചെയ്യുന്നുണ്ടോ, നിങ്ങൾ ഊന്നൽ നൽകേണ്ട പോരായ്മകൾ എന്നെങ്കിലുമുണ്ടോ എന്നെല്ലാം ചോദിച്ചറിയുക. സ്വയം നവീകരിക്കപ്പെടാൻ സജ്ജനായി വരുന്ന ജീവനക്കാരെ ഒരു മേലധികാരിയും കുറഞ്ഞ പക്ഷം ഈ ഘട്ടത്തിലെങ്കിലും നിരുത്സാഹപ്പെടുത്തില്ല എന്നുറപ്പ്.
6. നിങ്ങളുടെ മൂല്യം തിരിച്ചറിയുക
ത്വരിത ഗതിയിൽ വളരുന്ന കമ്പനികളിൽ പല സ്ഥാനങ്ങളും പലപ്പോഴും സൃഷ്ടിക്കപ്പെടുക കമ്പനിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആ സ്ഥാനത്ത് ഉള്ളവർക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നു പൂർണ്ണമായും മനസ്സിലാക്കാതെയാകും. അതു കൊണ്ടു കമ്പനിയിലേക്കു നിങ്ങൾക്ക് എന്ത് മൂല്യം കൊണ്ടുവരാനാകുമെന്ന് ആദ്യ നാളുകളിൽ തന്നെ തിരിച്ചറിയണം. വിഭവങ്ങളിലെ പരിമിതി കൊണ്ടു എന്തെല്ലാം പ്രശ്നങ്ങളാണു പരിഹരിക്കപ്പെടാതെ കിടക്കുന്നത് എന്നു കണ്ടെത്തി അതു പരിഹരിക്കാൻ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക. പ്രശ്ന പരിഹാരത്തിനു മുൻകയ്യെടുത്തു കൊണ്ടു നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുക. നിങ്ങളുടെ നിലവിലെ തൊഴിൽ വിവരണത്തിനു പുറത്തുള്ളതാകാം ചിലപ്പോൾ ഈ പ്രശ്ന പരിഹാരം. പക്ഷേ, അതിനു നിങ്ങളെടുക്കുന്ന താത്പര്യം ചിലപ്പോൾ നിങ്ങളെ പെട്ടെന്നുള്ള പ്രമോഷനിലേക്കു വരെ കൊണ്ട് എത്തിച്ചേക്കാം.