തൊഴില്‍ പരിചയവുമില്ല, റെസ്യുമെയുമില്ല; എന്നിട്ടും ജോലി നല്കിയ ജീവനക്കാരി ആറു മാസത്തില്‍ കമ്പനിയുടെ സിഒഒ
Mail This Article
ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും റെസ്യൂമെ ഇഴകീറി പരിശോധിച്ചും രണ്ടും മൂന്നും റൗണ്ട് അഭിമുഖം നടത്തിയുമൊക്കെയാണ് നമ്മുടെ നാട്ടില്‍ ഒരാളെ ജോലിക്ക് എടുക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയൊക്കെ കടന്നു പോയിട്ടും ജോലി ലഭിക്കാത്തവര്‍ ഒട്ടേറെ. എന്നാല്‍, പറയാനൊരു തൊഴില്‍പരിചയമോ ഔദ്യോഗികമായ ഒരു റെസ്യൂമെയോ പോലും ഇല്ലാതിരുന്നിട്ടും ഒരാളെ ജോലിക്കെടുത്ത പ്രചോദനാത്മാകമായ ഒരു അനുഭവകഥ അടുത്തിടെ റോബിന്‍ഹുഡ് എന്ന ഗോസ്‌റ്റ് റൈറ്റിങ് ഏജന്‍സിയുടെ സിഇഒ തസ്ലീം അഹമ്മദ് ഫത്തേ പങ്കുവച്ചു. തിളക്കമാര്‍ന്ന റെസ്യൂമെയോ തൊഴില്‍പരിചയമോ ഒന്നും ഇല്ലാതിരുന്നിട്ടും ലൈബ ജാവേദ് എന്ന പത്തൊന്‍പതുകാരിയെ തസ്ലീം ജോലിക്കെടുത്തത് ലൈബ ലിങ്ക്‌ഡ് ഇന്നില്‍ പങ്കുവച്ച ഒരു വിഡിയോ ആപ്ലിക്കേഷന്‍ കണ്ടിട്ടാണ്. ഈ ജോലിക്കായി തന്നെ എന്തിനു തിരഞ്ഞെടുക്കണം എന്ന് അവതരിപ്പിച്ചുകൊണ്ടുള്ള രസകരമായ വിഡിയോയും തന്റെ ശക്തിദൗര്‍ബല്യങ്ങളെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ഒരു കാന്‍വ പേജുമാണ് ലൈബ സൃഷ്ടിച്ചത്. വ്യത്യസ്‌തമായ ഈ തൊഴില്‍ അപേക്ഷ എന്തായാലും ക്ലിക്കായി. തനിക്കു ലഭിച്ച എണ്ണൂറിലധികം അപേക്ഷകള്‍ അവഗണിച്ച് തസ്ലീം ലൈബയെ തന്റെ കമ്പനിയിലെ ഇന്റേണായി തിരഞ്ഞെടുത്തു. സിഇഒയുടെ തിരഞ്ഞെടുപ്പ് തെറ്റായിപ്പോയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ലൈബയുടെ പിന്നീടുള്ള പ്രവര്‍ത്തനം. ജോലിക്ക് കയറി ആറ് മാസത്തിനുള്ളില്‍ ഇന്റേണില്‍നിന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസറും കമ്പനിയുടെ ഷെയറുള്ള ബിസിനസ് പാര്‍ട്ണറായും ലൈബ വളര്‍ന്നു.
തൊഴില്‍ റിക്രൂട്മെന്റില്‍ പരമ്പരാഗത സമീപനം മാറ്റാന്‍ സമയമായി എന്ന് അടിവരയിട്ടു കൊണ്ടാണ് ലൈബയുടെ വിജയകഥ സിഇഒ തസ്ലീം തന്റെ ലിങ്ക്‌ഡ്‌ഇന്‍ പേജില്‍ പങ്കുവച്ചത്. ഒരു സ്ഥാപനത്തിലെ 99 ശതമാനം ജോലികളും പഠിപ്പിച്ച് എടുക്കാവുന്നതേ ഉള്ളൂ എന്നും ലൈബ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും തസ്ലീം ചൂണ്ടിക്കാട്ടി. ഏറ്റവും തിളക്കമാര്‍ന്ന റെസ്യൂമെ ഉള്ളവരായിരിക്കണമെന്നില്ല നിങ്ങളുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പെന്നും ഈ സിഇഒ ഓർമിപ്പിക്കുന്നു. റെസ്യൂമെയെക്കാലും തൊഴില്‍ പരിചയത്തെക്കാളും ചിലപ്പോള്‍ കമ്പനിക്കു പ്രയോജനം ചെയ്യുക വളരാനും പഠിക്കാനും ആഗ്രഹമുള്ള മനസ്സുകളാണെന്നും തസ്ലീം ഓർമിപ്പിക്കുന്നു. ഇതിനാല്‍ ആളുകള്‍ക്ക് തങ്ങളുടെ കഴിവു തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ലിങ്ക്‌ഡ് ഇന്‍ പോസ്‌റ്റില്‍ തസ്ലീം അഭ്യര്‍ഥിക്കുന്നു.
ചൂടേറിയ ചര്‍ച്ചകള്‍ക്കും പോസ്‌റ്റ് വഴി വച്ചു. ജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നതിലുള്ള റോബിന്‍ഹുഡ് സിഇഒയുടെ വ്യത്യസ്‌തമായ സമീപനത്തെ പലരും അഭിനന്ദിച്ചു. പല പോര്‍ട്ഫോളിയോകളും വ്യാജമാണെന്നും പല സിവികളും ആളെ വച്ച് എഴുതിച്ചവയാകാമെന്നും പലരുടെയും തൊഴില്‍പരിചയങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നതാണെന്നും പോസ്‌റ്റിന് കമന്റായി മെഷീന്‍ ലാംഗ്വേജ് വിദഗ്‌ധന്‍ എസന്‍സണ്‍ കുറിച്ചു. ഇവയ്‌ക്ക് പ്രാധാന്യം നല്‍കാതെ ആളുകളുടെ പ്രശ്‌നപരിഹാരശേഷിക്കും മനോഭാവത്തിനും പരിതസ്ഥിതിക്ക് അനുസരിച്ചു മാറാനുള്ള കഴിവിനും പ്രാധാന്യം നല്‍കണമെന്നും എസന്‍സണ്‍ കൂട്ടിച്ചേര്‍ത്തു. തസ്ലീമിന്റെയും ലൈബയുടെയും വേറിട്ട സമീപനം തങ്ങളെയും പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതായി പലരും അഭിപ്രായപ്പെട്ടു.