ADVERTISEMENT

വിദേശ വാണിജ്യത്തിലും ബിസിനസ് അനലിറ്റിക്സിലും എംബിഎ
വിദേശവാണിജ്യ രംഗത്തെ പരിശീലന ഗവേഷണങ്ങൾക്കു പേരുകേട്ട സ്‌ഥാപനമാണ് ന്യൂഡൽഹി ആസ്ഥാനമായ ഐഐഎഫ്‌ടി (Indian Institute of Foreign Trade), B-21, Qutab Institutional Area, New Delhi– 110016; ഫോൺ: 09773698083, admission@iift.edu; വെബ്: www.iift.ac.in.

കേന്ദ്രവാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ കൽപിത സർവകലാശാല. പ്രശസ്ത വിദേശ സർവകലാശാലകളുമായി ചേർന്നു പഠനങ്ങളും നടത്തുന്നു. ‍ഡൽഹിക്കു പുറമേ കൊൽക്കത്തയിലും ആന്ധ്രയിലെ കാക്കിനഡയിലും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലും ക്യാംപസുകളുണ്ട്. ഡൽഹി, കൊൽക്കത്ത ക്യാംപസുകളിലെ ദ്വിവത്സര എംബിഎ പ്രോഗ്രാമുകളിലെ 2025–27 പ്രവേശനത്തിന് https://applyadmission.net/iift2025 സൈറ്റിൽ 22നു രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവാസികളുടെ അപേക്ഷ 2025 ജനുവരി 15 മുതൽ മാർച്ച് 15 വരെ. 

ഡൽഹി: 2 എംബിഎ പ്രോഗ്രാമുകൾ– ഇന്റർനാഷനൽ ബിസിനസ്– 240 സീറ്റ്; ബിസിനസ് അനലിറ്റിക്സ്–60 സീറ്റ്
കൊൽക്കത്ത: എംബിഎ ഇന്റർനാഷനൽ ബിസിനസ് മാത്രം– 240 സീറ്റ്. ബിസിനസ് അനലിറ്റിക്സുകാർക്കു ഹോസ്റ്റൽസൗകര്യമില്ല.

അപേക്ഷാഫീ ഇന്റർനാഷനൽ ബിസിനസ് 3000 രൂപ. പട്ടികവിഭാഗത്തിൽപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കും 1500 രൂപ. എൻആർഐ 16,000 രൂപ. ബിസിനസ് അനലിറ്റിക്സിന് യഥാക്രമം 2000, 1000 രൂപ. ഇതിൽ എൻആർഐ ഇല്ല. ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ. ക്ലാസുകൾ ജൂണിൽ തുടങ്ങും.

പ്രവേശനയോഗ്യത
എ) ഇന്റർനാഷനൽ ബിസിനസ്:
50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം. പട്ടിക, ഭിന്നശേഷിവിഭാഗക്കാർക്ക് 45% മതി.
ബി) ബിസിനസ് അനലിറ്റിക്സ്: മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് അടങ്ങിയ ബിരുദം, അഥവാ ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ മാത്തമാറ്റിക്സ് അടങ്ങിയ (അപ്ലൈഡ് മാത്‌സ് പോരാ) പ്ലസ്ടു കഴിഞ്ഞുള്ള ബിരുദം വേണം. ബിരുദം ഏതായാലും 50% എങ്കിലും മാർക്ക് (5/10 ഗ്രേഡ് പോയിന്റ് ആവറേജ്) നിർബന്ധം.

ക്യാറ്റ് 2024 സ്കോറും മറ്റു നിശ്ചിതഘടകങ്ങളും പരിഗണിച്ചാണ് 2 പ്രോഗ്രാമുകളിലെയും പ്രാഥമിക സിലക്‌ഷൻ. തുടർന്ന് ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവും. 2025 ഒക്ടോബർ 31ന് അകം പരീക്ഷാഫലം അറിയുന്നവരെയും പരിഗണിക്കും. ഒരു പ്രോഗ്രാമിനും പ്രവേശനത്തിനു പ്രായപരിധിയില്ല. കേന്ദ്രമാനദണ്ഡപ്രകാരം സീറ്റുസംവരണമുണ്ട്. കഴിഞ്ഞ ബാച്ചിലെ ഇന്റർനാഷനൽ ബിസിനസ് വിദ്യാർഥികളുടെ 2 വർഷത്തെ മൊത്തം ഫീസ് (ഹോസ്റ്റൽ ഭക്ഷണമുൾപ്പെടെ ഡൽഹിയിൽ ഏകദേശം 22 ലക്ഷം രൂപ. കൊൽക്കത്തയിൽ അൽപം കുറയും. ‍‍‍ ഡൽഹിയിലെ ബിസിനസ് അനലിറ്റിക്സ് വിദ്യാർഥികളുടെ ഫീസ് ഹോസ്റ്റൽ ചെലവു കൂടാതെ ഏകദേശം 17 ലക്ഷമായിരുന്നു. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ട്യൂഷൻ ഫീയിൽ പകുതി ഇളവുണ്ട്. 
2022–24 വർഷത്തെ ഇന്റർനാഷനൽ ബിസിനസ് എംബിഎ ക്യാംപസ് പ്ലേസ്മെന്റിൽ ശരാശരി 27.3 ലക്ഷം രൂപയിലേറെ വാർഷിക വേതനം (സിറ്റിസി) വിദ്യാർഥികൾക്കു കിട്ടിയിരുന്നു. അപേക്ഷാരീതിയും എൻആർഐ / വിദേശ വിദ്യാർഥികൾക്കുള്ള വിശേഷവ്യവസ്ഥകളും അടക്കമുള്ള വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കാം.

സർട്ടിഫിക്കറ്റ് പ്രോഗ്രാം
രാജ്യാന്തര കമ്പനികളിലെ ഇന്റർനാഷനൽ ബിസിനസ് എക്സിക്യൂട്ടീവുകളാകാനോ ഈ മേഖലയിലെ കൺസൽറ്റിങ് കമ്പനികളിൽ പ്രവർത്തിക്കാനോ ശേഷി പകരുന്ന, 12 മാസത്തെ ‘സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഇന്റർനാഷനൽ ബിസിനസ്’ (2025–26) ഡൽഹി ക്യാംപസിൽ ജനുവരിയിൽ തുടങ്ങും. പഠനം മുഖ്യമായും വാരാന്ത്യങ്ങളിൽ. ജോലിയിലിരിക്കുന്നവർക്കും പ്രയോജനപ്പെടുത്താം. 50% മാർക്കോടെ ബാച്‌ലർ ബിരുദം വേണം. സംവരണവിഭാഗക്കാർക്കു 45% മതി. പ്രവേശനത്തിനു ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 1500 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 750 രൂപ. പ്രോഗ്രാം ഫീ 3,35,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ ഇതിന്റെ പകുതി നൽകിയാൽ മതി. പൂർണവിവരങ്ങൾ സൈറ്റിലുണ്ട്.

English Summary:

The Indian Institute of Foreign Trade (IIFT) invites applications for its two-year MBA programs at Delhi and Kolkata campuses for the 2025-27 academic year. Specializations include International Business and Business Analytics. Admission is based on CAT 2024 scores, followed by GD/PI rounds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com