കൺഫ്യൂഷൻ വേണ്ട, ലിങ്ഗ്വിസ്റ്റിക്സ് എന്നാൽ സാഹിത്യപഠനമല്ല; എവിടെ പഠിക്കാം?
Mail This Article
ഭാഷാതൽപരരായ വിദ്യാർഥികൾ ലിങ്ഗ്വിസ്റ്റിക്സിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. ഇതു സാഹിത്യപഠനമാണോ എന്നും ചോദിക്കാറുണ്ട്. ലിങ്ഗ്വിസ്റ്റിക്സ് എന്നാൽ ഭാഷാശാസ്ത്രം. അതു സാഹിത്യപഠനമല്ല. ഏതെങ്കിലുമൊരു ഭാഷയുടെ, അഥവാ ഭാഷകളുടെ, സവിശേഷതകളെപ്പറ്റി ചിട്ടയൊപ്പിച്ച അന്വേഷണവും പരിശോധനയും ഇതിന്റെ മേഖലയാണ്. ഉച്ചാരണം, വ്യാകരണം, അർഥം, ഭാഷാകുടുംബങ്ങളുടെ ചരിത്രം എന്നിവയും പഠനവിധേയമാക്കുന്നു. എങ്ങനെയാണ് കുട്ടികളും മുതിർന്നവരും ഭാഷകൾ സ്വാംശീകരിക്കുന്നത് തുടങ്ങിയ രസകരമായ പഠനങ്ങളും ഇതിന്റെ ഭാഗമാണ്.
അപ്ലൈഡ് ലിങ്ഗ്വിസ്റ്റിക്സ് വരെ
ലിങ്ഗ്വിസ്റ്റിക്സ് ഒറ്റമരമല്ല. മാനവികവിഷയങ്ങൾ, സാമൂഹികശാസ്ത്രം, പ്രകൃതിപാഠം, നരവംശശാസ്ത്രം (ആന്ത്രപ്പോളജി), ദർശനം, മനഃശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സയൻസിലെ പുരോഗതിയുടെ ഫലമായി കംപ്യൂട്ടർ സയൻസ് ഈ വിഷയത്തിലേക്കു കടന്നുകയറിയിട്ടുണ്ട്. വെറുതെ സിദ്ധാന്തങ്ങൾ പഠിച്ചുപോകുന്നതിനപ്പുറം, മാതൃഭാഷയിലും മറ്റു ഭാഷകളിലും കുട്ടികളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പഠനങ്ങൾ അപ്ലൈഡ് ലിങ്ഗ്വിസ്റ്റിക്സിലുണ്ട്. വിഷയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഏകദേശധാരണ ലഭിക്കാൻ ഉപവിഷയങ്ങളെ സൂചിപ്പിക്കുന്ന സാങ്കേതിക പദങ്ങൾ പരിചയപ്പെടേണ്ടതുണ്ട്.
Morphology: വാക്കുകളുടെ ഘടനയും അവ രൂപം കൊള്ളുന്ന രീതികളും
Phonetics: സംസാരിക്കുമ്പോഴുണ്ടാകുന്ന ശബ്ദങ്ങൾ
Phonology: ശബ്ദ പാറ്റേണുകളും സംസാരിക്കുമ്പോഴുണ്ടാകുന്ന ശബ്ദങ്ങൾ ഗ്രഹിക്കുന്ന രീതിയും
Pragmatics: ഭാഷാപ്രയോഗം
Semantics: അർഥങ്ങൾ
Syntax: വാക്യഘടന
Sociolinguistics: ഭാഷയും സമൂഹവും
Ethnolinguistics: ആന്ത്രപ്പോളജിയും ഭാഷയും
Dialectology: ദേശ / നാടോടി ഭാഷകൾ കൈകാര്യം ചെയ്യുന്ന രീതികൾ
ഇതേപോലെ Historical Linguistics, Neurolinguistics, Psycholinguistics, Biolinguistics, Computational Linguistics മുതലായ വിഷയഭാഗങ്ങളുമുണ്ട്.
പഠനം ഇവിടെ
∙ കേരള സർവകലാശാല, തിരുവനന്തപുരം: എംഎ ലിങ്ഗ്വിസ്റ്റിക്സ്, പിഎച്ച്ഡി (ലിങ്ഗ്വിസ്റ്റിക്സ് / കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ്)
∙ കേരള കേന്ദ്ര സർവകലാശാല, പെരിയ, കാസർകോട്: എംഎ / പിഎച്ച്ഡി ഇൻ ലിങ്ഗ്വിസ്റ്റിക്സ് & ലാംഗ്വേജ് ടെക്നോളജി
∙ ഡൽഹി സർവകലാശാല: എംഎ ലിങ്ഗ്വിസ്റ്റിക്സ്, പിഎച്ച്ഡി, ഒരു വർഷത്തെ പോസ്റ്റ് എംഎ ഡിപ്ലോമ
∙ ജവാഹർലാൽ നെഹ്റു
സർവകലാശാല, ഡൽഹി: ബിഎ, എംഎ, പിഎച്ച്ഡി
∙ ബനാറസ് ഹിന്ദു സർവകലാശാല: ബിഎ, എംഎ, പിഎച്ച്ഡി
∙ ബിഎ / എംഎ ഇംഗ്ലിഷ് / മലയാളം പ്രോഗ്രാമുകളിൽ Linguistics / Language & Linguistics പഠനം മിക്ക സർവകലാശാലകളിലുമുണ്ട്.
കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ്
∙ ഗവ. എൻജിനീയറിങ് കോളജ് ശ്രീകൃഷ്ണപുരം, പാലക്കാട്: എംടെക്
∙ ഐഐഐടി ഹൈദരാബാദ്: എംഎസ്‌സി / പിഎച്ച്ഡി
∙ ഇഫ്ലു (ഇംഗ്ലിഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി), ഹൈദരാബാദ്: എംഎ ലിങ്ഗ്വിസ്റ്റിക്സ് / കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ്
∙ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല: എംഎ ഇൻ കംപാരറ്റിവ് ലിറ്ററേച്ചർ ആൻഡ് ലിങ്ഗ്വിസ്റ്റിക്സ്, ഒരുവർഷത്തെ പിജി ഡിപ്ലോമ ഇൻ സംസ്കൃത – കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ് പ്രോഗ്രാമുകളുണ്ട്.