രാജ്യാന്തര നിലവാരത്തിലുള്ള സ്കൂൾ; ഫീസായി ഒരു രൂപ പോലും വേണ്ട!
Mail This Article
സ്വപ്നം കാണാൻ പോലും അവകാശം നിഷേധിക്കപ്പെട്ടവർക്കു നിറമുള്ള ജീവിതം നൽകുന്ന പ്രസ്ഥാനത്തിന്റെ പേര്: ഡോ. എ.പി.ജെ.അബ്ദുൽ കലാം റസിഡൻഷ്യൽ സ്കൂൾ. അമരക്കാരി: ഉമാ പ്രേമൻ.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നാലര ഏക്കർ സ്ഥലത്തു 11 കോടിയോളം മുടക്കി രാജ്യാന്തര നിലവാരത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളുമുള്ള സ്കൂൾ 2017 ലാണ് ആരംഭിച്ചത്. ഡിജിറ്റൽ ക്ലാസ് മുറികളിലാണു പഠനം. പാഠ്യവിഷയങ്ങൾക്കു പുറമേ ഗോത്രവർഗ നാടോടിക്കലകൾ, വിവിധ ഭാഷകൾ, ആയോധനകല, പരമ്പരാഗത കുമ്മി, നാടകം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവ പഠിപ്പിക്കും. ആകെ 90 കുട്ടികൾ മാത്രമാണ് ഇപ്പോഴുള്ളത്. ലക്ഷങ്ങളാണ് ഫീസെന്നു കരുതേണ്ട. ഒരു രൂപ പോലും ചെലവില്ല. ചെരിപ്പു മുതൽ മുടിവെട്ടു വരെ സൗജന്യം. അട്ടപ്പാടിയിലെ കുറുംബ, മുടുക, ഇരുള വിഭാഗത്തിൽപെട്ട കുട്ടികൾക്കു മാത്രമേ പ്രവേശനമുള്ളൂ. ഇവരിൽ തന്നെ ദരിദ്രരിൽ ദരിദ്രരായവർക്കു മുൻഗണന.
‘കൊഴിഞ്ഞുപോയവൻ’
ഒന്നാം ക്ലാസിൽ അവന്റെ ആദ്യദിനമാണ്. മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്. അവന്റെ ആദിവാസി ഭാഷയിൽ ടീച്ചറോടു പറയുന്നുണ്ട്. ആർക്കു മനസ്സിലാകാൻ! അവസാനം, കീറിപ്പറിഞ്ഞ ട്രൗസറിൽ മൂത്രമൊഴിച്ചുപോയപ്പോൾ ടീച്ചർ അവനെ തല്ലി. പിന്നെ ആ സ്കൂളിൽ പോയില്ല. ഇതാണു പല ആദിവാസിക്കുട്ടികളുടെയും അവസ്ഥ.
അഞ്ചാം വയസ്സുവരെ ഗോത്രഭാഷ സംസാരിച്ചുവളരുന്നവരാണ് ആദിവാസി വിഭാഗത്തിലെ കുട്ടികൾ. അറബിയോ തെലുങ്കോ കേൾക്കുന്നപോലെയാണു പല ഗോത്രവിഭാഗക്കാർക്കും മലയാളം. പക്ഷേ, മലയാളത്തിലാണു പഠനം തുടങ്ങുന്നത്. ഒന്നും മനസ്സിലാകാതിരിക്കുമ്പോൾ അവൻ സ്കൂളിൽ പോക്കു നിർത്തും. മീൻപിടിച്ചും കാട്ടിൽ കറങ്ങിയും ജീവിതം തുടരും. സർക്കാർ ഇവരെ ഡ്രോപ്പ്ഔട്ട് അഥവാ കൊഴിഞ്ഞുപോയവൻ എന്നു വിളിക്കും.
ഇത്തരം കുട്ടികളെ പഠനത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരാനാണ് സ്കൂൾ തുടങ്ങിയതെന്ന് ഉമാ പ്രേമൻ പറയുന്നു. ലോകമാകെ അഭിമാനത്തോടെ ഇവരെ നോക്കണമെന്നു നിർബന്ധമുള്ളതിനാലാണ് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അത്യാധുനിക റസിഡൻഷ്യൽ സ്കൂളുകളുടെ മാതൃകയിൽ ഇത്തരമൊരു സൗജന്യ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയത്.
ആദിവാസിഭാഷകളിൽ തന്നെയാണു പഠനം. ഗോത്രഭാഷയാണു പ്രഥമഭാഷ. അതിലൂടെ കുട്ടിയെ മലയാളത്തിലേക്കെത്തിക്കുന്നു. രണ്ടാം ഭാഷ ഇംഗ്ലിഷ്. പിന്നീട് തമിഴും ഹിന്ദിയും സംസ്കൃതവും. അധ്യാപകർ, ആയമാർ, ജീവനക്കാർ എന്നിവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ. പഠിച്ചിട്ടും തൊഴിലില്ലാതെ നടക്കുന്ന ചെറുപ്പക്കാർക്ക് ഇതുവഴി തൊഴിലും ഒരുക്കുന്നു.
മഹാൻമാരുടെ ചിത്രങ്ങൾ നിറഞ്ഞതാണു ക്യാംപസ്. കളിക്കളം, ജൈവകൃഷിമേഖല, മഴവെള്ള സംഭരണി, ഇൻഡോർ സ്റ്റേഡിയം, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഗോത്രസംസ്കാരം നഷ്ടമാകാതിരിക്കാൻ സ്കൂളിൽ ഊരുമൂപ്പൻ സമ്പ്രദായം ഉണ്ട്. ആദിവാസി സംസ്കാരത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു തന്നെയാണ് ഇവരുടെ ജീവിതം.
സ്വപ്നം കാണാം
അങ്കണവാടി വിദ്യാഭ്യാസം നിർബന്ധമായും വേണമെന്നതുകൊണ്ട് യുകെജി മുതലാണ് പ്രവേശനം. പെറ്റുവീഴുന്ന കുഞ്ഞിനെയെന്ന പോലെയാണ് സ്കൂളിലേക്ക് കുട്ടികളെ ഉമാ പ്രേമൻ ഏറ്റെടുക്കുന്നത്. കുട്ടികൾ അമ്മയെന്നാണ് അവരെ വിളിക്കുക. ശുചിമുറി ഉപയോഗം മുതൽ ഷൂ ധരിക്കുന്നതുവരെ പഠിപ്പിച്ചുകൊടുക്കുന്നു. ഒരു ക്ലാസിൽ 30 കുട്ടികൾ മാത്രം. ഓരോ വർഷം കഴിയുമ്പോഴും സ്കൂളിൽ ഒരു ക്ലാസ് വർധിക്കും. രണ്ടു വർഷമായ സ്കൂളിൽ ഇപ്പോൾ രണ്ടാം ക്ലാസ് വരെയാണുള്ളത്. പ്ലസ്ടുവരെയുള്ള ക്ലാസുകൾക്കു വേണ്ട സൗകര്യങ്ങൾ ഇവിടെയുണ്ട്.
കതിരിൽ അറിവ്
2014 ലാണ് ഉമാ പ്രേമൻ സാമൂഹികസേവനത്തിനായി അട്ടപ്പാടിയിലെത്തുന്നത്. ആദിവാസി ചെറുപ്പക്കാരെ അറിവിലൂടെ മുന്നോട്ടു നയിക്കാമെന്ന ചിന്തയിൽ 17 കുട്ടികളെ പണം മുടക്കി എൻട്രൻസ് പരിശീലനത്തിനയച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. അയച്ച കുട്ടികൾക്ക് ആറാം ക്ലാസ് വിദ്യാർഥിയുടെ പഠനനിലവാരം പോലുമില്ലെന്നായിരുന്നു സെന്ററിൽ നിന്നുള്ള മറുപടി. കുറച്ചുപേരെ സിവിൽ സർവീസ് പരിശീലനത്തിനും വിട്ടു. ക്ലാസുകൾ കഴിഞ്ഞു നാട്ടിലെത്തിയ അവർ മരംവെട്ടാനും തോട്ടം പണിക്കും മറ്റും പോയിത്തുടങ്ങി.
കഴിവും വൈദഗ്ധ്യവും ഉണ്ടെങ്കിലും വേണ്ട സമയത്തു പ്രോത്സാഹനം ലഭിക്കാത്തതാണ് ഇവരുടെ പ്രശ്നമെന്ന് ഉമ തിരിച്ചറിഞ്ഞു. ചെറിയ കുട്ടികളെ കണ്ടെത്തി അവർക്കു ശരിയായ വിദ്യാഭ്യാസം നൽകാനായി മികച്ച വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹം തോന്നിയത് ഒരു നട്ടപ്പാതിരായ്ക്കാണ്. സുഹൃത്തുക്കളിൽ ചിലരെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ പലരും കളിയാക്കി; ‘നാളെ രാവിലെ തുടങ്ങിയാൽ പോരേ’ എന്ന്. പക്ഷേ, തളർന്നില്ല. പല സുമനസ്സുകളുടെയും സഹായത്തോടെയാണ് ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഭാവിയെന്ത് ?
സ്കൂളിൽ പോകുന്നതു പേടിയോടെ കാണുന്ന സമൂഹത്തിലെ കുട്ടികൾ ഇവിടെ വന്ന് ‘യമത് സ്കൂൾ’ (എന്റെ സ്കൂൾ) എന്നു പറഞ്ഞുകേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നും. ഇവിടെ പഠിക്കുന്ന കുട്ടികളുടെ പ്ലസ്ടു പഠനം കഴിയുമ്പോഴേക്കും ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുകയാണു ലക്ഷ്യം. നാഗാലാൻഡിൽ ഇത്തരമൊരു സ്കൂളിനു തുടക്കമിട്ടു. വയനാട്ടിലും ആലോചനയിലുണ്ട്. – ഉമാ പ്രേമൻ പറയുന്നു.