ADVERTISEMENT

സ്കൂളിലെ തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക്, പാറമടയിലെ കല്ലു പൊട്ടിക്കൽ തൊഴിലാളിയിൽ നിന്നു ശിൽപിയിലേക്ക്, വീടുകളുടെ ചുമരുകളിൽ ചായം തേക്കുന്ന പെയിന്റ് പണിക്കാരനിൽ നിന്നു  ചിത്രകാരനിലേക്ക്, പട്ടിണിയും വേദനകളും സൃഷ്ടിച്ച നിലവിളികളിൽ നിന്നു ശബ്ദാനുകരണ കലാകാരനിലേക്ക്. സാബു ആരക്കുഴയുടെ ജീവിതം  ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ ഊർജം പകരുന്ന പാഠമാണ്. ‌

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനാണ് ഇപ്പോൾ ആരക്കുഴ കൊട്ടുപ്പിള്ളിൽ വീട്ടിൽ സാബു. നാടൻപാട്ട് ആൽബങ്ങളിലെ ഗാന രചയിതാവ്, വിവിധ നാടക ട്രൂപ്പുകളിലെ നടൻ, കഥയെഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ടെലിഫിലിം സംവിധായകൻ എന്നിങ്ങനെ സാബു കൈവയ്ക്കാത്ത മേഖലകളില്ല. ഒൻപതാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു പാറമടയിൽ പണിക്കു പോയി തുടങ്ങിയ ബാല്യത്തിൽ നിന്നു കഠിന പ്രയത്നങ്ങളിലൂടെയാണു  സാബു ജീവിതത്തിൽ മുന്നേറിയത്. 

പെയിന്റിങ് ഹെൽപർ, ടാപ്പിങ് തുടങ്ങിയ ജോലികൾക്കു മാറി മാറി പോകുമ്പോഴും ഇടവേളകളിൽ സ്വന്തമായി പാട്ടെഴുതി പാടുന്നതു പതിവായിരുന്നു. 

ഒരിക്കൽ കലാഭവൻ മണിയുടെ അടുത്തെത്തി പാടി. അദ്ദേഹം ആൽബത്തിൽ നാടൻപാട്ട് എഴുതാൻ സാബുവിന് അവസരം നൽകി. അതു നല്ലൊരു തുടക്കമായിരുന്നു. പിന്നീട് ഓണക്കാലത്തു പുറത്തിറങ്ങുന്ന കോമഡി കസെറ്റുകളിൽ പാട്ടെഴുതാനും ചിലതിൽ പാടാനും അവസരം ലഭിച്ചു. അൻപതോളം ഭക്തിഗാന കസെറ്റുകൾക്കു വേണ്ടി പാട്ടെഴുതി. നാദിർഷാ സംവിധാനം ചെയ്ത 'മേരാ നാം ഷാജി' എന്ന സിനിമയിൽ ചിരി പടർത്തിയ 'കുണുങ്ങി കുണുങ്ങി' എന്ന ഗാനത്തിലൂടെ ചലച്ചിത്ര ഗാനരചനയിലേക്കും സാബു കടന്നു .

വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോഴാണ് ഒൻപതാം ക്ലാസ് വിദ്യാഭ്യാസം ഒരു പോരായ്മയാണെന്നു മനസ്സിലായത്. തുടർന്നു പഠിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത അനു ജീവിതത്തിൽ കൂടെ കൂടി. അങ്ങനെ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ പത്താം ക്ലാസ് ഉയർന്ന മാർക്ക് നേടി ജയിച്ചു. 

ഇടവക പള്ളിയിലെ വികാരിയച്ചന്റെ സഹായത്താൽ കോതമംഗലത്തെ സ്കൂളിൽ തൂപ്പുകാരനായി ജോലി കിട്ടി. ഇവിടെയുള്ള വിദ്യാർഥികളെ നാടൻ പാട്ടു പഠിപ്പിച്ചു സ്കൂൾ കലോത്സവങ്ങളിൽ ഒന്നാമതെത്തിച്ചു. ഇതിനിടയിൽ ഹയർ സെക്കൻഡറി പരീക്ഷ ജയിച്ചു. തുടർന്നു ചിത്രകലയിൽ ഡിപ്ലോമയും സോഷ്യോളജിയിൽ ഡിഗ്രിയും നേടി. തുടർന്നാണു സ്കൂളിൽ ചിത്രകലാ അധ്യാപകനാകുന്നത്. ‘ക’ എന്ന അക്ഷരം കൊണ്ട് ഏതു ചിത്രങ്ങളും വരയ്ക്കാൻ സഹായിക്കുന്ന ‘ക’ കൊണ്ടൊരു ചിത്രകല പഠനം എന്നൊരു പുസ്തകം ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ സാബുവിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സർവ ശിക്ഷ അഭിയാൻ നിർമിച്ച ‘സീറോ ടു ഹീറോ’ ആണ് സാബു രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ടെലിഫിലിം. ഭാര്യ അനുവും മക്കളായ അനുഗ്രഹയും അഭിഷേകുമൊത്ത് ആരക്കുഴയിലാണ് സാബുവിന്റെ താമസം.

Content Summary : Success story of Singer Sabu Arazhuka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com