രണ്ടാം അലോട്മെന്റ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള (കീം) രണ്ടാംഘട്ട അലോട്മെന്റ്, ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് എന്നിവയുടെ താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ KEAM 2024-കാൻഡിഡേറ്റ് പോർട്ടലിലെ പ്രൊവിഷൻ അലോട്മെന്റ് ലിസ്റ്റ് എന്ന മെനു ക്ലിക്ക് ചെയ്താൽ താൽക്കാലിക അലോട്മെന്റ് ലിസ്റ്റ് കാണാം. ലിസ്റ്റിനെക്കുറിച്ച് പരാതികളുണ്ടെങ്കിൽ ഇന്ന് ഉച്ചയ്ക്കു 12ന് അകം ceekinfo.cee@kerala.gov.in എന്ന ഇമെയിലിൽ അറിയിക്കണം. രണ്ടാംഘട്ട അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും.
കീം : അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2024) പ്രവേശനത്തിന് വിവിധ കാറ്റഗറി/കമ്യൂണിറ്റി സംവരണം/ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. ‘KEAM 2024 - കാൻഡിഡേറ്റ് പോർട്ടലിലെ കാറ്റഗറി ലിസ്റ്റ് എന്ന മെനു ക്ലിക്ക് ചെയ്ത് അന്തിമ കാറ്റഗറി ലിസ്റ്റ് കാണാം.
നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ അലോട്‌മെന്റ്
തിരുവനന്തപുരം∙ പ്രഫഷനൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റൗട്ടെടുത്ത സ്ലിപ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 22ന് അകം ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം. അലോട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ തുടർന്നുള്ള അലോട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്നു നീക്കം ചെയ്യണം. ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം 22ന് വൈകിട്ട് 5 വരെ. 04712560364
തീയതി നീട്ടി
തിരുവനന്തപുരം∙സ്കോൾ-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാംവർഷ പ്രവേശന തീയതികൾ നീട്ടി. പിഴയില്ലാതെ 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 7 വരെയും ഫീസടച്ച് റജിസ്റ്റർ ചെയ്യാം.
സ്‌പോട് അഡ്മിഷൻ
തിരുവനന്തപുരം∙ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള രണ്ടാം സ്‌പോട് അഡ്മിഷൻ 29 മുതൽ 31 വരെ അതതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission. orgൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.