ADVERTISEMENT

കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലെ മെഡിക്കൽ അനുബന്ധ സംസ്ഥാന ക്വോട്ടയിൽ 2024ലെ പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് അലോട്മെന്റ് പ്രസിദ്ധപ്പെടുത്തി. www.cee.kerala.gov.in 

1. മെഡിക്കൽ ബിരുദ കോഴ്സുകൾ: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി (എംബിബിഎസ്, ബിഡിഎസ് പ്രവേശനം വ്യത്യസ്ത സമയക്രമത്തിലാണ്. അതിലെ രണ്ടാംഘട്ട ഓപ്ഷൻസ് 18ന് രാത്രി 11.59 വരെ നൽകാം.) മറ്റു ബിരുദ കോഴ്സുകൾ: അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻട്രി, കോ–ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി.

ദേശീയതലത്തിലെ നീറ്റ് റാങ്ക് ആധാരമാക്കി, കേരളത്തിലെ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്തു തയാറാക്കിയ സംസ്ഥാനതല മെഡിക്കൽ റാങ്ക്‌ലിസ്റ്റ് അടിസ്ഥാനമാക്കിയാണു സിലക്‌ഷൻ. കേന്ദ്ര–സംസ്ഥാന റാങ്കുകളുടെ തുല്യതാ ലിസ്റ്റ് സൈറ്റിലെ KEAM- 2024– RANK LIST ലിങ്കിലുണ്ട്. സംസ്കൃതത്തിനുള്ള 8 മാർക്കുകൂടി പരിഗണിച്ച് ആയുർവേദത്തിനു തനതായ തുല്യതാ ലിസ്റ്റുമുണ്ട്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട് ചെയ്തിട്ടുള്ള കോഴ്സ് / കോളജ്, കാറ്റഗറി, അടയ്ക്കേണ്ട ഫീസ് എന്നിവയടങ്ങിയ അലോട്മെന്റ് മെമ്മോയും വിദ്യാർഥിയെ സംബന്ധിച്ച അടിസ്ഥാനവിവരങ്ങളടങ്ങിയ ഡേറ്റ ഷീറ്റും ഹോംപേജിലുണ്ട്. ഇവയുടെ പ്രിന്റുകളും പ്രോസ്പെക്ടസിന്റെ 11.7.1–ാം ഖണ്ഡികയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകളും പ്രവേശനസമയത്തു കോളജിൽ ഹാജരാക്കണം.

അലോട്മെന്റ് മെമ്മോയിൽ പറഞ്ഞിട്ടുള്ള ഫീസ് അലോട്മെന്റ് കിട്ടിയ കോളജിലടച്ച് 18നു വൈകിട്ടു 4 മണിക്കകം കോളജിൽ ഹാജരായി ചേരണം. പട്ടികവിഭാഗം, ഒഇസി, ഒഇസിക്കു തുല്യമായ ആനുകൂല്യമുള്ളവർ, മത്സ്യത്തൊഴിലാളികളുടെ മക്കൾ, ജുവനൈൽ / നിർഭയ / ശ്രീചിത്ര ഹോം നിവാസികൾ എന്നിവർ പ്രവേശനവേളയിൽ ട്യൂഷൻ ഫീ അടയ്ക്കേണ്ട. പക്ഷേ, സ്വാശ്രയ കോളജിലേക്ക് അലോട്മെന്റ് കിട്ടിയവർ മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള തുക അടയ്ക്കണം. ഇത് 2023–24 വർഷത്തെ നിരക്കനുസരിച്ചാണ്. ഈ വർഷം ഇതു കൂട്ടുന്ന പക്ഷം അധികത്തുക പിന്നീട് അടയ്ക്കാം. നിർദേ‌ശാനുസരണം ഫീസടച്ചു ചേരാത്തവരുടെ മെഡിക്കൽ അനുബന്ധ സ്ട്രീമിലെ അലോട്മെന്റും തുടർന്നുള്ള അവസരങ്ങളും നഷ്ടമാകും. ചേരാത്തവരുടെയും ചേർന്നിട്ടു വിട്ടുപോകുന്നവരുടെയും റജിസ്ട്രേഷൻ ഫീ തിരികെ നൽകില്ല. രണ്ടാംഘട്ട അലോട്മെന്റ് സംബന്ധിച്ച വിജ്ഞാപനം പിന്നീടു പ്രസിദ്ധപ്പെടുത്തും. പുതിയ അറിയിപ്പുകൾക്ക് www.cee.kerala.gov.in നോക്കാം. ഹെൽപ് ഡെസ്ക്: 0471 2525300, ceekinfo.cee@kerala.gov.in

ആദ്യ അലോട്മെന്റിൽ പ്രവേശനം കിട്ടിയ അവസാനറാങ്കുകൾ
‘സർക്കാർ’ എന്നതിൽ എയ്ഡഡും ഉൾപ്പെടും

para-medical-course-cee-image-article

കോളജിൽ ചേരാൻ സാവകാശമില്ല; പ്രതിസന്ധി
തിരുവനന്തപുരം ∙ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്മെന്റിന്റെ അടിസ്ഥാനത്തിൽ 18ന് അകം കോളജുകളിൽ ചേരണമെന്ന നിർദേശം വിദ്യാർഥികളെ വലയ്ക്കുന്നു. ‌‌‌‌‌‌ഓണാവധിയായതിനാൽ ഫലത്തിൽ വിദ്യാർഥികൾക്കു 2 ദിവസം മാത്രമാണു സാവകാശമുള്ളത്. വിദ്യാർഥികളിൽ പലരും വിവിധ കോളജുകളിൽ മറ്റു കോഴ്സുകളിൽ ചേർന്നവരാണ്. ടിസി വാങ്ങുന്നതിന് ഉൾപ്പെടെ ആവശ്യത്തിനു സമയം നൽകിയിട്ടില്ലെന്നാണു പരാതി ഉയരുന്നത്. അടിയന്തരമായി പ്രവേശന തീയതി നീട്ടണമെന്നാണു വിദ്യാർഥികളുടെ ആവശ്യം. ആയുഷ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു നടപടികളെന്നും തീയതി നീട്ടുന്നതു സംബന്ധിച്ച് മന്ത്രാലയവുമായി ചർച്ച ചെയ്യുമെന്നും പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.

English Summary:

Kerala Medical Allied Admissions 2024: First Allotment Results Declared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com