പ്രതിഭകളുടെ സംഗമവേദിയായി എസ്എസ്വിഎം വേള്‍ഡ് സ്കൂളിന്റെ ‘ട്രാന്‍സ്‌ഫോമിങ് ഇന്ത്യ കോണ്‍ക്ലേവ് 2024’
Mail This Article
നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രതിഭകളെന്ന് പറയാവുന്നവര്‍ എല്ലാവരും ഒരേ വേദിയില്‍ പ്രത്യക്ഷമായാല്‍ എങ്ങനെയിരിക്കും. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്ന് പറയാവുന്ന അത്തരം ചില മഹാപ്രതിഭകളുടെ സംഗമവേദിയായി മാറി എസ്എസ് വിഎം വേള്‍സ് സ്‌കൂള്‍ കോയമ്പത്തൂരില്‍ സംഘടിപ്പിച്ച ‘ട്രാന്‍സ്‌ഫോമിങ് ഇന്ത്യ കോണ്‍ക്ലേവിന്റെ’ മൂന്നാമത് പതിപ്പ്. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മ, മാധ്യമപ്രവര്‍ത്തക പാല്‍ക്കി ശര്‍മ്മ, ബോളന്റ് ഇന്‍ഡസ്ട്രീസ് സ്ഥാപക ചെയര്‍മാന്‍ ശ്രീകാന്ത് ബോല, സ്‌പേസ് കിഡ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ. ശ്രീമതി കേശന്‍ എന്നിവരെല്ലാം അണിനിരന്ന കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ വെര്‍ച്വല്‍ സാന്നിധ്യമായി ഡോ. ശശി തരൂര്‍ എംപിയുമെത്തി.
ത്രിദിന കോണ്‍ക്ലേവിന്റെ ആദ്യ ദിനം സുസ്ഥിരത, സാങ്കേതിക വിദ്യ, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പുതിയ കാഴ്ചപ്പാടുകളാണ് അവതരിപ്പിച്ചത്. ബഹിരാകാശ പര്യവേഷണം വെറുമൊരു ശാസ്ത്രീയ ഉദ്യമം മാത്രമല്ല, വിജ്ഞാനത്തിനു വേണ്ടിയുള്ള നമ്മുടെ നിതാന്ത പരിശ്രമത്തിന്റെയും മനുഷ്യകുലത്തെ കൂടുതല്‍ ഔന്നത്യങ്ങളിലെത്തിക്കാനുള്ള നമ്മുടെ സഞ്ചിത അഭിലാഷത്തിന്റെയും തെളിവാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയും മുന്‍ വ്യോമസേന ഉദ്യോഗസ്ഥനമായ റിട്ട. വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. 'ഭൂമിക്കും അപ്പുറം: കോസ്‌മോസിലൂടെ രാജ്യത്തിന്റെ ഭാവിയെ പ്രചോദിപ്പിച്ചു കൊണ്ടുള്ള പ്രയാണം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യാതിഥി രാകേഷ് ശര്‍മ്മയ്‌ക്കൊപ്പം സ്‌പേസ് കിഡ്‌സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ. ശ്രീമതി കേശനും പങ്കെടുത്തു. ബഹിരാകാശ പര്യവേഷണത്തെ കുറിച്ചും ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ബഹിരാകാശ ദൗത്യങ്ങളുടെ പങ്കിനെ കുറിച്ചും ഈ സെഷനില്‍ വിലപ്പെട്ട അറിവുകള്‍ പങ്കുവയ്ക്കപ്പെട്ടു.
2024ലെ കോണ്‍ക്ലേവിന്റെ മുഖ്യ പ്രമേയമാണ് ‘റീസൈലിയന്റ് ടുഡേ, സസ്‌റ്റൈനബിള്‍ ടുമോറോ’. ഈ വിഷയത്തെ കുറിച്ച് എസ്എസ് വിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപകയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. മണിമേഖലൈ മോഹന്‍ വിശദമായി സംസാരിച്ചു. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാനുള്ള വഴികള്‍ അന്വേഷിച്ച് കണ്ടെത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിലാണ് എസ്എസ് വിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സ്ഥാപനത്തിന്റെ 25ലധികം വര്‍ഷത്തെ വിദ്യാഭ്യാസ മികവും പാരമ്പര്യവും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഡോ. മണിമേഖലൈ മോഹന്‍ പറഞ്ഞു.
കഥപറച്ചിലിലെ ആധികാരികതയുടെ മൂല്യത്തെ കുറിച്ചാണ് പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ന്യൂസ് ആങ്കറുമായ പാല്‍കി ശര്‍മ്മ ഊന്നി പറഞ്ഞത്. നമ്മെ പ്രചോദിപ്പിക്കുകയും, ചിന്തകളെ ഉണര്‍ത്തുകയും, വ്യക്തതയ്ക്കും ലക്ഷ്യങ്ങള്‍ക്കുമായി ദാഹിക്കുന്ന ഒരു ലോകത്തില്‍ മാറ്റത്തിന് തിരി കൊളുത്തുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് ഇന്നിന്റെ ആവശ്യമെന്ന് പാല്‍കി ശര്‍മ്മ വ്യക്തമാക്കി.
കോണ്‍ക്ലേവിന്റെ രണ്ടാം ദിനം ശ്രദ്ധേയമായത് സാങ്കേതിക വിദ്യയെ കുറിച്ചുള്ള പരിസ്ഥിതി സംരക്ഷകന്റെ വീക്ഷണമാണ്. വനനശീകരണത്തിലൂടെയും മലിനീകരണത്തിലൂടെയും കാലാവസ്ഥ മാറ്റത്തിലൂടെയും ഭക്ഷ്യ സുരക്ഷ പ്രശ്‌നങ്ങളിലൂടെയുമെല്ലാം നശിക്കുന്ന ഭൂമിയെ വീണ്ടെടുക്കാന്‍ സാങ്കേതിക വിദ്യയ്ക്ക് എങ്ങനെ സാധിക്കുമെന്നതായിരുന്നു ഊന്നല്‍.
കാഴ്ചയും കാഴ്ചപ്പാടും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചു കൊണ്ട് ബോളന്റ് ഇന്‍ഡസ്ട്രീസ് സ്ഥാപക ചെയര്‍മാനും ഭിന്നശേഷിക്കാരനായ സംരംഭകനുമായ ശ്രീകാന്ത് ബോലയും ഹൃദയങ്ങളെ സ്പര്‍ശിച്ചു. കാഴ്ച പ്രശ്‌നം കൊണ്ട് ഐഐടികള്‍ തഴഞ്ഞ ശ്രീകാന്ത് കഠിനപരിശ്രമം കൊണ്ട് അമേരിക്കയിലെ വിശ്വപ്രസിദ്ധമായ എംഐടിയില്‍ എത്തിച്ചേരുകയും പിന്നീട് ഇന്ത്യ കണ്ട മികച്ച സംരംഭകനായി ഉയരുകയും ചെയ്തു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമാണ് തന്റെ റോള്‍ മോഡലെന്ന് ശ്രീകാന്ത് കോണ്‍ക്ലേവില്‍ പറഞ്ഞു. ശ്രീകാന്ത് എന്ന ജീവചരിത്ര സിനിമയിലൂടെ ഈ സംരംഭകന്റെ ജീവിതം വെള്ളിത്തിരയിലുമെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ മന്‍ കീ ബാത്ത് റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ ശ്രീകാന്തിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ക്കും സംരംഭകത്വമികവിനുമുള്ള അംഗീകാരമായി 'സ്റ്റുഡന്റ്പ്രണര്‍ അവാര്‍ഡ് 2024' പുരസ്‌ക്കാരങ്ങളും കോണ്‍ക്ലേവില്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപ വരെ സമ്മാനത്തുക അടങ്ങുന്നതാണ് ഈ പുരസ്‌ക്കാരം. വിദ്യാഭ്യാസ മേഖലയിലുള്ള സംഭാവനകള്‍ പരിഗണിച്ചും യുവ മനസ്സുകളെ പ്രചോദിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമുള്ള അതുല്യമായ പങ്ക് പരിഗണിച്ചും രാജ്യമെമ്പാടും നിന്നുള്ള 25 അധ്യാപകരെ 'ദ ഇന്‍സ്പിറേഷണല്‍ ഗുരു അവാര്‍ഡ് 2024'നായി തിരഞ്ഞെടുത്തു. ആധുനിക ഫോട്ടോഗ്രഫി, മാറ്റത്തിനു വേണ്ടിയുള്ള കല, നോ ഓയില്‍ നോ ബോയില്‍, തിയേറ്റര്‍ ആര്‍ട്‌സ് പോലുള്ള വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ ശില്‍പശാലകള്‍ക്കും കോണ്‍ക്ലേവ് സാക്ഷ്യം വഹിച്ചു.
എഴുത്തുകാരനും മുന്‍ ഡിപ്ലോമാറ്റും എംപിയുമായ ഡോ. ശശി തരൂര്‍ ആയിരുന്നു കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിലെ മുഖ്യാതിഥി. വെര്‍ച്വലായി ചടങ്ങില്‍ പങ്കെടുത്ത ഡോ. തരൂരിന്റെ 'എ വണ്ടര്‍ലാന്‍ഡ് ഓഫ് വേഡ്‌സ് :എറോണ്ട് ദ വേര്‍ഡ് ഇന്‍ 101 എസ്സേസ് ' എന്ന പുസ്തകം സമ്മേളനാഘോഷങ്ങള്‍ക്ക് സാഹിത്യ സ്പര്‍ശമേകി. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയെന്നത് മാത്രമല്ല തിരിച്ചടികളില്‍ നിന്ന് പൂര്‍വസ്ഥിതി പ്രാപിക്കാനുള്ള ഒരു രാജ്യത്തിന്റെ ശേഷിയെ നിര്‍ണ്ണയിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകയും ലൂസിഡ് ലൈന്‍സ് സ്ഥാപകയുമായ ഷോമ ചൗധരിയുമായി നടത്തിയ സംഭാഷണത്തില്‍ ഡോ. തരൂര്‍ പറഞ്ഞു. രാജ്യത്തിന്റെ ബൗദ്ധികമായി ഊര്‍ജ്ജസ്വലതയും അത് പുലര്‍ത്തുന്ന ധാര്‍മ്മിക മൂല്യങ്ങളും ലോകത്തിലെ തങ്ങളുടെ സ്ഥാനത്തെ കുറിച്ചുള്ള ആഴത്തിലുള്ള അവബോധവും സുപ്രധാനമാണ്. 'വേഡ്‌സ് ആന്‍ഡ് വിസ്ഡം: ക്രാഫിറ്റിങ് എ റീസൈലിയന്റ് ഇന്ത്യ ത്രൂ ലീഡര്‍ഷിപ്പ്' എന്ന വിഷയത്തില്‍ ഡോ. തരൂര്‍ പങ്കുവച്ച കാഴ്ചപ്പാടുകളും ചിന്തകളും താഴെ പറയുന്ന പ്രതിദിന ലിങ്കുകളില്‍ കാണാവുന്നതാണ്.