ADVERTISEMENT

അഖിലേന്ത്യാതലത്തിൽ എംഡി, എംഎസ്, ഡിപ്ലോമ, എംഡിഎസ്, പിജി–ഡിഎൻബി പ്രവേശനത്തിന് നീറ്റ് പിജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് നവംബർ 17 വരെ. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി താഴെപ്പറയുന്ന സീറ്റുകളിലേക്കു സിലക്‌ഷൻ നടത്തും (https://mcc.nic.in/pg-medical-counselling).

∙ 50% അഖിലേന്ത്യാ ക്വോട്ട
∙ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി – 50% സീറ്റുകൾ
∙ ഡൽഹി സർവകലാശാല, കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ (വർധമാൻ മഹാവീർ മെഡിക്കൽ കോളജ് ന്യൂഡൽഹി, വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ന്യൂഡൽഹി, ഇഎസ്ഐസി ഹോസ്പിറ്റൽ, ബസയ് ദാരാപുർ, ‍ഡൽഹി) – 50% അഖിലേന്ത്യാ ക്വോട്ട
∙ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, ലോകപ്രിയ ഗോപിനാഥ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്, തെസ്പുർ – 100% സീറ്റ്
∙ കൽപിത സർവകലാശാലകൾ – 100% സീറ്റ്
∙ എഎഫ്എംഎസ് (ആം‍ഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്) – പ്രവേശനത്തിന് അപേക്ഷകരെ 5 മുൻഗണനാ വിഭാഗക്കാരായി തിരിച്ചിട്ടുണ്ട്. എല്ലാവരും എംസിസി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. പക്ഷേ 3, 4, 5 വിഭാഗക്കാരുടെ കൗൺസലിങ് മാത്രമാണ് എംസിസി നിർവഹിക്കുക. വിശദാംശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 6–ാം അനുബന്ധത്തിലും www.afmcdg1d.gov. in വെബ്സൈറ്റിലുമുണ്ട്.

ഏതെല്ലാം സ്ഥാപനങ്ങളിലെ എത്ര സീറ്റുകൾ വീതം കൗൺസലിങ്ങിനുണ്ടെന്നു കാട്ടുന്ന സീറ്റ്–മട്രിക്സ് വെബ്സൈറ്റിലെ Current Events ലിങ്കിലുണ്ട്.
പക്ഷേ, വിവിധ കേന്ദ്രങ്ങളിലെ എയിംസ്, തിരുവനന്തപുരം ശ്രീചിത്ര, പുതുച്ചേരി ജിപ്മെർ, ചണ്ഡിഗഡ് പിജിഐഎംഇആർ, ബെംഗളൂരു നിംഹാൻസ് എന്നിവയിലെ പ്രോഗ്രാമുകൾ ഈ കൗൺസലിങ്ങിൽ വരില്ല; ഐഎൻഐ–സിഇടി എന്ന ദേശീയ പരീക്ഷയിലൂടെയാണ് അവയിലെ സിലക്‌ഷൻ.

സംസ്ഥാന കൗൺസലിങ്
∙ ഒന്നാം റൗണ്ട്: നടപടികൾ നവംബർ 18–27. കോളജിൽ ചേരുന്നത് ഡിസംബർ 4 വരെ.
∙ രണ്ടാം റൗണ്ട്: നടപടികൾ ഡിസംബർ 12–23. കോളജിൽ ചേരുന്നത് ഡിസംബർ 28 വരെ.
∙ മൂന്നാം റൗണ്ട്: നടപടികൾ ജനുവരി 7–13. കോളജിൽ ചേരുന്നത് ജനുവരി 18 വരെ.
സ്ട്രേ വേക്കൻസി റൗണ്ട്: നടപടികൾ ജനുവരി 25–30. കോളജിൽ ചേരുന്നത് ഫെബ്രുവരി 5 വരെ.
ക്ലാസ് ഡിസംബർ 20നു തുടങ്ങും.

online-counselling-fees-amount

കൗൺസലിങ് വ്യവസ്ഥകൾ
∙ ഒരു കോഴ്സും ഒരു സ്ഥാപനവും ചേർന്നതാണ് ഒരു ചോയ്സ്. ഇഷ്ടമുള്ള മുൻഗണനാക്രമത്തിൽ എത്ര ചോയ്സുകളും നൽകാം. കോഴ്സുകൾ ഇടകലർത്തിയും നൽകാം. സൈറ്റിലെ Archives ലിങ്കിലൂടെ മുൻവർഷങ്ങളിലെ കൗൺസലിങ് വിവരങ്ങളറിയാം. കൽപിത സർവകലാശാലകളിലെ ഫീസ് നിരക്കുകൾ ഉയർന്നതായിരിക്കാം. കൃത്യവിവരങ്ങൾ ശേഖരിച്ചശേഷം ചോയ്സുകൾ തീരുമാനിക്കുക.
∙ രണ്ടാം റൗണ്ടിലോ തുടർ റൗണ്ടുകളിലോ സീറ്റ് കിട്ടിയവർ കോളജിൽ ചേർന്നില്ലെങ്കിൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. കൽപിത സർവകലാശാലയിൽ ഇത് 2 ലക്ഷമാണ്.
∙ നീറ്റ് പിജി അപേക്ഷയ്ക്കു നൽകിയ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും തന്നെ ഉപയോഗിക്കുക. ഒടിപിയും മറ്റും ഇവയിലേക്കു മാത്രം.
∙ 1, 2, 3, 4 (സ്ട്രേ വേക്കൻസി) എന്നിങ്ങനെ 4 റൗണ്ട് കൗൺസലിങ്ങുണ്ട്. ഒന്നാം റൗണ്ടിൽനിന്നു രണ്ടിലേക്കും രണ്ടിൽനിന്നു മൂന്നിലേക്കും അപ്ഗ്രഡേഷൻ നടത്താം.

∙ ഭിന്നശേഷിക്കാർ ചോയ്സ് ഫില്ലിങ്ങിനു മുൻപ് അംഗീകൃത കേന്ദ്രത്തിൽനിന്ന് ഓൺലൈൻ രീതിയിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് വാങ്ങണം.
∙ ലോക്ക് ചെയ്യുംവരെ എത്രതവണ വേണമെങ്കിലും ചോയ്സുകൾ മാറ്റാം. പക്ഷേ, ഒരിക്കൽ ലോക്ക് ചെയ്താൽ അത് അഴിക്കാൻ കഴിയില്ല. വിദ്യാർഥി ലോക്ക് ചെയ്തില്ലെങ്കിൽ, നിർദിഷ്ടസമയത്ത് ചോയ്സുകൾ സ്വയം ലോക്ക്ഡ് ആകും. നൽകിയ ചോയ്സുകളുടെ പ്രിന്റ് എടുക്കണമെങ്കിൽ, ആദ്യം ലോക്ക് ചെയ്യണം.
∙ ഒന്നാം റൗണ്ട്: റജിസ്ട്രേഷൻ, പണമടയ്ക്കൽ, ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും എന്നിവയാണ് ആദ്യനടപടി. തിരിച്ചുകിട്ടാത്ത റജിസ്ട്രേഷൻ ഫീയും തിരിച്ചുകിട്ടാവുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റുമാണ് അടയ്ക്കുന്നത്. റിസൽറ്റ് വന്ന്, ഒന്നാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയാൽ അസ്സൽ രേഖകളുമായി കോളജിൽ ഹാജരാകണം. ആദ്യറൗണ്ടിൽ കോളജിൽ ചേർന്നിട്ട് രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അതറിയിക്കാം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ആദ്യറൗണ്ടിലെ സീറ്റ് ഉറപ്പിക്കും. രണ്ടാം റൗണ്ടിലേക്കു പരിഗണിക്കില്ല.

ഒന്നാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയെങ്കിലും കോളജിൽ ചേരാത്തവർക്കു സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടാതെതന്നെ വിട്ടുപോരാം (ഫ്രീ എക്സിറ്റ്). ഇവർക്കു വേണമെങ്കിൽ രണ്ടാം റൗണ്ടിലേക്കു റജിസ്റ്റർ ചെയ്യാം.
∙ രണ്ടാം റൗണ്ട്: ഒന്നാം റൗണ്ടിൽ റജിസ്റ്റർ ചെയ്തിട്ടും അലോട്മെന്റ് കിട്ടാത്തവർക്കു പുതിയ റജിസ്ട്രേഷൻ കൂടാതെ രണ്ടാം റൗണ്ടിൽ പങ്കെടുക്കാം. ·ഒന്നാം റൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവർക്കു രണ്ടാം റൗണ്ടിൽ പുതിയ വിദ്യാർഥിയായി മുഴുവൻ ഫീസടച്ച് റജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിങ് നടത്താം. രണ്ടാം റൗണ്ടിൽ പുതിയ ചോയ്സുകൾ സമർപ്പിക്കാത്തവരെ അലോട്മെന്റിനു പരിഗണിക്കില്ല. പക്ഷേ, ഒന്നാം റൗണ്ടിൽ സീറ്റ് കിട്ടിയിട്ടുണ്ടെങ്കിൽ അതു നിലനിൽക്കും.

online-counselling-time-table

∙ രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയാൽ അസ്സൽ രേഖകളുമായി കോളജിൽ ചേരാം. പക്ഷേ, ഇങ്ങനെ ചേരുന്നതിനുമുൻപ് ഒന്നാം റൗണ്ടിലെ സീറ്റിൽനിന്നു റിലീവിങ് ലെറ്റർ ഓൺലൈനായി വാങ്ങണം. ഒരേ കോളജിൽ കാറ്റഗറി മാറി രണ്ടാം റൗണ്ടിൽ ചേരാനാണെങ്കിലും റിലീവിങ് ലെറ്റർ വേണം
∙ രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയവർക്കു താൽപര്യമുണ്ടെങ്കിൽ മൂന്നാം റൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്യാം. ഇതിനു വിദ്യാർഥി കോളജിൽ നേരിട്ടു ഹാജരാകണം.
∙ രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്ത് അലോട്മെന്റ് കിട്ടിയാൽപിന്നെ, ഒന്നാം റൗണ്ട് സീറ്റ് ചോദിച്ചാൽ കിട്ടില്ല.

∙ മൂന്നാം റൗണ്ട്: ഒന്നാം റൗണ്ടിലോ രണ്ടാം റൗണ്ടിലോ റജിസ്റ്റർ ചെയ്തിരുന്നിട്ടും സീറ്റ് കിട്ടാത്തവർ മൂന്നാം റൗണ്ടിലേക്കു പുതുതായി റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ, പുതിയ ചോയ്സുകൾ നൽകണം. രണ്ടാം റൗണ്ടിലെ ചോയ്സുകൾ സ്വയം റദ്ദായിരിക്കും.
∙ ഒന്നാം റൗണ്ടിലോ രണ്ടാം റൗണ്ടിലോ റജിസ്റ്റർ ചെയ്യാത്തവർക്കു മൂന്നാം റൗണ്ടിൽ പുതിയ വിദ്യാർഥിയായി റജിസ്റ്റർ ചെയ്ത് പണമടച്ചു ചോയ്സ് ഫില്ലിങ് നടത്താം.
∙ ഒന്നാം റൗണ്ടിലോ രണ്ടാം റൗണ്ടിലോ റിസൈൻ ചെയ്യുകയോ, കോളജിൽ ഹാജരാകാതിരിക്കുകയോ ചെയ്തവർക്ക് മൂന്നാം റൗണ്ടിലേക്കു മുഴുവൻ ഫീസടച്ച് പുതിയ ചോയ്സ് ഫില്ലിങ് നടത്താം. അലോട്മെന്റ് കിട്ടുന്നവർ കോളജിൽ ഹാജരാകണം.

∙ മൂന്നാം റൗണ്ടിലേക്ക് അപ്ഗ്രേഡ് ചെയ്ത് അലോട്മെന്റ് കിട്ടിയാൽ, രണ്ടാം റൗണ്ടിലെ സീറ്റിൽനിന്നു റിലീഫ് വാങ്ങി, മൂന്നാം റൗണ്ട് സീറ്റിൽ ചേരണം. ഈ ഘട്ടത്തിൽ രണ്ടാം റൗണ്ട് സീറ്റ് ചോദിച്ചാൽ കിട്ടില്ല.
∙ മൂന്നാം റൗണ്ട് അലോട്മെന്റ് കിട്ടിയിട്ട് ചേരാൻ താൽപര്യമില്ലാത്തവർക്കു സെക്യൂരിറ്റി തുക നഷ്ടപ്പെടുത്തി വിട്ടുപോരാം. പക്ഷേ, തുടർന്നുള്ള റൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല.
∙ മൂന്നാം റൗണ്ടിൽ ആദ്യമായി റജിസ്റ്റർ ചെയ്തിട്ട് സീറ്റ് കിട്ടിയില്ലെങ്കിൽ തുടർറൗണ്ടുകളിൽ പങ്കെടുക്കാം.
∙ സ്ട്രേ വേക്കൻസി റൗണ്ട്: ഇതിൽ താൽപര്യമുള്ളവർ പുതിയ റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തണം.

∙ മൂന്നാം റൗണ്ട് കഴിഞ്ഞ് വിദ്യാർഥികളെ സംബന്ധിച്ച‌ വിവരങ്ങൾ ഇന്ത്യയിലെ എല്ലാ പ്രവേശനാധികാരികളെയും അറിയിക്കും. എവിടെയെങ്കിലും സീറ്റ് കിട്ടിയവരെ സ്ട്രേയിൽ പങ്കെടുപ്പിക്കില്ല.
∙ മൂന്നാം റൗണ്ട് കഴിഞ്ഞുള്ള ഓൾ ഇന്ത്യ ക്വോട്ട ഒഴിവുകളിലേക്കും കൽപിത സർവകലാശാലകളിലെ ഒഴിവുകളിലേക്കും സ്ട്രേ റൗണ്ടിൽ എംസിസി ഓൺലൈനായി കൗൺസലിങ് നടത്തും. സ്ട്രേയിൽ അലോട്മെന്റ് കിട്ടിയവർ നിർബന്ധമായും കോളജിൽ ചേരണം. അല്ലാത്തപക്ഷം ഫീസ്‌ കണ്ടുകെട്ടും; അടുത്ത വർഷത്തെ നീറ്റ് പരീക്ഷയിൽനിന്നു ഡീബാർ ചെയ്യും.

∙ കോളജിൽ ചേരാൻ ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് ബുള്ളറ്റിനിലെ 38–40, 42, 43 പുറങ്ങളിലുണ്ട്. എങ്കിലും, ചേരാൻ പോകുന്ന കോളജിന്റെ വെബ്സൈറ്റിലൂടെയോ നേരിട്ടു ബന്ധപ്പെട്ടോ അധികരേഖകൾ ആവശ്യമുണ്ടോയെന്ന് ഉറപ്പാക്കണം.
∙ റജിസ്ട്രേഷനു സമർപ്പിക്കുന്ന പേരിലോ അക്കത്തിലോ അപേക്ഷയിൽ നൽകിയതിൽനിന്നു സ്പെല്ലിങ്ങിലടക്കം നേരിയ വ്യത്യാസംപോലും പാടില്ല.
∙ ഓൾ ഇന്ത്യ ക്വോട്ട, കൽപിത / കേന്ദ്ര സർവകലാശാലകൾ എന്നിവയിലെ മൂന്നാം റൗണ്ടിൽ പങ്കെടുക്കാൻ ശ്രമിക്കുന്നത് കരുതലോടെ വേണം. അതിൽനിന്നു വിട്ടുപോരാനോ അതിനുശേഷം ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ പിജി കൗൺസലിങ്ങിൽ പങ്കെടുക്കാനോ കഴിയില്ല. വിവരങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ കൈമാറും.
ഹെൽപ് ഡെസ്ക്: ഫോൺ: 0120 4073500 / 1800 102 7637; callcentremcc@lifecarehll.com

English Summary:

This comprehensive guide provides detailed information about the NEET PG 2023 Counseling process for admissions to MD, MS, Diploma, MDS, and PG-DNB programs across India. It covers crucial aspects such as counseling dates, seat matrix, eligibility criteria, participating institutes, counseling procedures, important documents, and contact information for assistance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com