വർഷം 20 പേർക്കു മാത്രം ലഭിക്കുന്ന ആർബിഐ ഇന്റേൺഷിപ്; സുഹൈൽ പറയും ആ രഹസ്യം
Mail This Article
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്നെപ്പോലെയുള്ളവർക്ക് റിസർവ് ബാങ്ക് പാഠപുസ്തകത്തിൽ മാത്രം പഠിച്ച ലോകമാണ്. ആ സ്ഥിതി മാറണം’’ – ആർബിഐയുടെ റിസർച് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള കാരണം ചോദിച്ചപ്പോൾ കണ്ണൂർ തളിപ്പറമ്പ് ചെമ്പൻതൊട്ടി സ്വദേശി പി.യു.സുഹൈൽ പറഞ്ഞ മറുപടിയാണിത്. ആ മറുപടിയിൽ സത്യസന്ധത തോന്നിയതിനാലാകും ഒരു വർഷം 20 പേർക്കു മാത്രം ലഭിക്കുന്ന റിസർച് ഇന്റേൺഷിപ്പിലേക്കുള്ള വാതിൽ സുഹൈലിനു മുന്നിൽ തുറന്നത്.
കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളജിൽനിന്നു ബിഎസ്‌സി ഫിസിക്സും കൊച്ചി കുസാറ്റിൽനിന്ന് എംഎസ്‌സി ഫിസിക്സും കേരള കേന്ദ്ര സർവകലാശാലയിൽനിന്ന് എംബിഎയും പൂർത്തിയാക്കിയ സുഹൈൽ ബിറ്റ്സ് പിലാനിയിൽ പിഎച്ച്ഡിക്കു ചേരാനുള്ള തയാറെടുപ്പിലാണ്. പിഎച്ച്ഡി പ്രവേശന ഘട്ടത്തിലും ആർബിഐ ഇന്റേൺഷിപ് ഗുണകരമായെന്നു സുഹൈൽ പറയുന്നു. ‘ഇന്ത്യൻ സംരംഭങ്ങളിലെ വിദേശനിക്ഷേപം’ എന്ന വിഷയത്തിലാണു പഠനം നടത്തിയത്. ചെമ്പൻതൊട്ടി പട്ടിശ്ശേരിയിൽ റിട്ട. സർക്കാർ ജീവനക്കാരനായ പി.എ.ഉമ്മറിന്റെയും റംലയുടെയും മകനാണ്.
ഇന്റേൺഷിപ് രണ്ടുതരം
ആർബിഐയിൽ രണ്ടുതരം ഇന്റേൺഷിപ് അവസരങ്ങളുണ്ട്– റിസർച് ഇന്റേൺഷിപ്പും സമ്മർ ഇന്റേൺഷിപ്പും. റിസർച് ഇന്റേൺഷിപ്: മുംബൈയിലെ ആർബിഐ ആസ്ഥാനത്തുള്ള റിസർച് ഇന്റേൺഷിപ്പിന്റെ കാലാവധി 6 മാസം. ഒരു ബാച്ചിൽ 10 പേർ. അങ്ങനെ വർഷം മൊത്തം 20 പേർ. ആർബിഐക്കു കീഴിലെ 4 വകുപ്പുകളിൽ (ഇക്കണോമിക് ആൻഡ് പോളിസി റിസർച്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്, സ്ട്രാറ്റജിക് റിസർച് യൂണിറ്റ്, ഇന്റർനാഷനൽ) ഗവേഷണം നടത്താം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു സഹായകരമാകുന്ന വിഷയങ്ങളിൽ പഠനം നടത്താം. സാമ്പത്തിക രംഗത്ത് മറ്റു സ്രോതസ്സുകളിലൂടെ ലഭ്യമല്ലാത്ത ഏറ്റവും ആധികാരിക വിവരങ്ങൾ ഉപയോഗിച്ചു പഠനം നടത്താമെന്നതാണ് ഏറ്റവും വലിയ മെച്ചം. മാസം 45,000 രൂപ സ്റ്റൈപൻഡ്. ഇക്കണോമിക്സ്, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ പിഎച്ച്ഡി ഗവേഷണം ലക്ഷ്യമിടുന്നവർക്ക് റിസർച് ഇന്റേൺഷിപ് മുതൽക്കൂട്ടാകും.
സമ്മർ ഇന്റേൺഷിപ്: ഏപ്രിൽ മുതൽ ജൂൺ വരെ 3 മാസം. ആർബിഐയുടെ 20 മേഖലാ കേന്ദ്രങ്ങളിലായി 125 വിദ്യാർഥികൾക്ക് അവസരം ലഭിക്കും. പിജി പ്രോഗ്രാമുകളുടെ ആദ്യ വർഷം, മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, ലോ, കൊമേഴ്സ്, ഇക്കണോമിക്സ്, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ വിഷയങ്ങളിലെ 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ നാലാം വർഷം, 3 വർഷ എൽഎൽബിയുടെ രണ്ടാം വർഷം എന്നിങ്ങനെയാണ് സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷിക്കാവുന്നത്.
വേ ടു ആർബിഐ
ജനുവരിയിൽ ആരംഭിക്കുന്ന റിസർച് ഇന്റേൺഷിപ്പിനു ജൂലൈ മുതൽ നവംബർ വരെയും ജൂലൈയിൽ ആരംഭിക്കുന്നതിനു ജനുവരി മുതൽ മേയ് വരെയും അപേക്ഷിക്കാം. സി.വിയും (കരിക്കുലം വിറ്റെ) സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഷോർട്‌ലിസ്റ്റ് ചെയ്യുന്നവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. സമ്മർ ഇന്റേൺഷിപ്പിന് ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ അപേക്ഷിക്കാം. ഏതു കേന്ദ്രത്തിൽ ഇന്റേൺഷിപ് ചെയ്യാനാണോ താൽപര്യം, അവിടത്തെ ഇ–മെയിൽ വിലാസത്തിലേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: opportunities.rbi.org.in