പഠനം ഇനി ഭാരമല്ല; ഒറ്റമകൾക്ക് സിബിഎസ്ഇ സ്കോളർഷിപ്
Mail This Article
ഒറ്റമകൾക്കുള്ള സിബിഎസ്ഇ മെറിറ്റ് സ്‌കോളർഷിപ്പിന് 23 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. 2024ൽ 10 ജയിച്ചവരുടെ പുതിയ അപേക്ഷയും 2023ൽ ജയിച്ചവരുടെ പുതുക്കൽ അപേക്ഷയും പരിഗണിക്കും. വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.cbse.gov.in/cbsenew/scholar.html. ഫോൺ : 011- 22509256; scholarship.cbse@nic.in.
മാനദണ്ഡങ്ങൾ
(എ) 2023–24ൽ 10 ജയിച്ചവരുടെ പുതിയ അപേക്ഷ:
സിബിഎസ്ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ച് ആദ്യ 5 വിഷയങ്ങളിൽ 70% എങ്കിലും മാർക്കോടെ 10 ജയിച്ചിരിക്കണം. പത്തിലെ പ്രതിമാസ ട്യൂഷൻ ഫീ 2500 രൂപയും 11, 12 ക്ലാസുകളിലെ ട്യൂഷൻ ഫീ 3000 രൂപയും കവിയരുത്. 11ൽ 70% എങ്കിലും മാർക്കുള്ളവർക്ക് 12ലെ പഠനത്തിന് സ്കോളർഷിപ് പുതുക്കാം.
(ബി) 2022–23ൽ 10 ജയിച്ചവരുടെ പുതുക്കൽ അപേക്ഷ:
11ൽ ഈ സ്കോളർഷിപ് കിട്ടിയിരുന്നവർക്ക് 12ലേക്ക് പുതുക്കാം. പക്ഷേ 11ൽ 50% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. 10ലെ പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത്. 11, 12 ക്ലാസുകളിലേക്ക് യഥാക്രമം 10% വരെ കൂടാം.
(സി) പൊതുവ്യവസ്ഥകൾ: 2023ലും 2024ലും 10 ജയിച്ചവർക്കു പൊതുവായ വ്യവസ്ഥകളുണ്ട്. കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. 10, 11, 12 ക്ലാസുകളിലെ പഠനം സിബിഎസ്ഇ സ്കൂളിലായിരിക്കണം. എൻആർഐ വിഭാഗക്കാർക്കും അപേക്ഷിക്കാം; അവർക്കു പ്രതിമാസ ട്യൂഷൻ ഫീ 6000 രൂപ വരെയാകാം. മറ്റു സ്‌കോളർഷിപ്പുകൾ സമാന്തരമായി വാങ്ങുന്നതിനു തടസ്സമില്ല.
ഒറ്റമകൾ എന്നാൽ ഏകസന്താനവും ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലെ കുട്ടികളെയും പരിഗണിക്കും. വ്യവസ്‌ഥകൾ പാലിക്കുന്ന എല്ലാ കുട്ടികൾക്കും പ്രതിമാസം 1000 രൂപ രണ്ടു വർഷത്തേക്ക് ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതിന്റെയും തുടർനടപടികളുടെയും നിർദേശങ്ങൾ സൈറ്റിലുണ്ട്. സ്കൂൾ പ്രിൻസിപ്പൽ അപേക്ഷയുടെ സൂക്ഷ്മപരിശോധന നടത്തി സാക്ഷ്യപ്പെടുത്തും.