ADVERTISEMENT

തനിക്കോ കുടുംബത്തിനോ എന്തെങ്കിലും രോഗം വന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാല്‍ തീരാനുള്ളതേയുള്ള ഇന്ത്യയിലെ ഒരു ശരാശരിക്കാരന്റെ സാമ്പത്തിക സുരക്ഷ. ഇന്ത്യയിലെ ഭൂരിപക്ഷം പേരെയും കടക്കെണിയിലാക്കാന്‍ ഒരു ആശുപത്രി വാസം മതിയാകുമെന്ന്‌ സെറോദ സിഇഒ നിതിന്‍ കാമത്ത്‌ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന്‌ കുതിച്ചുയരുന്ന മെഡിക്കല്‍ ചെലവുകള്‍ തെളിയിക്കുന്നു. ഈ ആശങ്കകള്‍ക്ക്‌ അടിവരയിടുന്നതാണ്‌ ഇന്‍ഷ്വര്‍ടെക്‌ കമ്പനിയായ പ്ലം അടുത്തിടെ പുറത്ത്‌ വിട്ട ഒരു പഠന റിപ്പോര്‍ട്ട്‌. 

ഇന്ത്യയിലെ വിവിധ മേഖലകളിലായി തൊഴിലെടുക്കുന്ന ജീവനക്കാരില്‍ 71 ശതമാനവും ആരോഗ്യരക്ഷ ചെലവുകള്‍ക്ക്‌ പണം കണ്ടെത്തുന്നത്‌ സ്വന്തം പോക്കറ്റില്‍ നിന്നാണെന്ന്‌  'ഹെല്‍ത്ത്‌ റിപ്പോര്‍ട്ട്‌ ഓഫ്‌ കോര്‍പ്പറേറ്റ്‌ ഇന്ത്യ 2023' എന്ന പഠന റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു. പറയുമ്പോള്‍ പലര്‍ക്കും കമ്പനി ഇന്‍ഷുറന്‍സും മറ്റുമുണ്ടെങ്കിലും ആരോഗ്യചെലവുകള്‍ക്ക്‌ ഇത്‌ മതിയാകുന്നില്ലെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ ഉള്ളവര്‍ പോലും ക്ലെയിം കിട്ടാനും പ്രീമിയം അടയ്‌ക്കാനും ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. ലോക്കല്‍ സര്‍ക്കിള്‍സ്‌ നടത്തിയ ഒരു സര്‍വേയില്‍ 52 ശതമാനം ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഉപഭോക്താക്കളും അഭിപ്രായപ്പെട്ടത്‌ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പ്രീമിയത്തില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ്‌ ക്ലെയിം നല്‍കിയ 43 ശതമാനം പേര്‍ക്കും അത്‌ ലഭിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നതായും സര്‍വേ പറയുന്നു. 

പ്രീമിയം തുക ന്യായമാക്കിയും ക്ലെയിം നടപടിക്രമങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കിയും ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ കൂടുതല്‍ പൗരകേന്ദ്രീകൃതമാക്കാന്‍ ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റി ഇടപെടണമെന്നും റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ ഒരു ജനറല്‍ ഫിസിഷ്യനെ കാണാന്‍ ശരാശരി 300 രൂപയും സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ ആയിരവും മാനസികാരോഗ്യ സേവനങ്ങള്‍ക്ക്‌ 25,000വും വേണ്ടി വരുമെന്നാണ്‌ പ്ലം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആരോഗ്യ ചെക്കപ്പുകളുടെ ശരാശരി ചെലവ്‌ 1500 രൂപയാണെന്നും ലാബ്‌ ടെസ്റ്റ്‌ ചെലവുകള്‍ 1500 രൂപ മുതല്‍ 25,000 വരെ ആകാമെന്നും റിപ്പോര്‍ട്ട്‌  പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ മെഡിക്കല്‍ രംഗത്തെ പണപ്പെരുപ്പം ഇന്ത്യയില്‍ അധികമാണ്‌-14 ശതമാനം. ചൈനയില്‍ ഇത്‌ 12 ശതമാനവും ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ 10 ശതമാനവും ഫിലിപ്പൈന്‍സില്‍ ഒന്‍പത്‌ ശതമാനവുണെന്ന്‌ റിപ്പോര്‍ട്ട്‌  കൂട്ടിച്ചേര്‍ക്കുന്നു.  

English Summary:

Healthcare Crisis: 71% of Indians Rely Solely on Savings for Medical Expenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com