ADVERTISEMENT

‘എല്ലുമുറിയെ പണി ചെയ്താൽ പല്ലുമുറിയെ തിന്നാം’ എന്ന പഴമൊഴി കേൾക്കാത്തവർ ചുരുക്കമായിരിക്കും. കഠിനാധ്വാനത്തിനെക്കുറിച്ച് പറയുമ്പോൾ പലരും ഇൗ പഴമൊഴി ഉദാഹരിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നോക്കിയാൽ മൾട്ടി ടാസ്കിങ്ങിനെക്കുറിച്ചുള്ള വിഡിയോകളുടെ കളിയാണ്. ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ച് മുഴുവൻ സമയവും ജോലിയിൽ മുഴുകിയാൽ ശരീരത്തിനൊപ്പം മനസ്സിനെയും പ്രതികൂലമായി ബാധിച്ചു ആരോഗ്യം തിരിച്ചുപിടിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കും പലരും.

ഏൺസ്റ്റ് ആൻഡ് യങ്ങിൽ ജോലി ചെയ്‌ത മലയാളി അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തോടെ കോര്‍പ്പറേറ്റ്‌ ലോകത്തെ തൊഴില്‍ സംസ്‌കാരത്തെയും ജോലി സമയത്തെയും സംബന്ധിച്ച് പൊതുസമൂഹം ചർച്ച ചെയ്യാൻ തുടങ്ങി. നേരത്തേ നന്നായി ചെയ്തിരുന്ന ജോലികൾ പോലും ചെയ്യാൻ കഴിയാതെ, കഴിവുകൾ ഒന്നൊന്നായി നശിച്ച അവസ്ഥയിൽ ഇനിയൊന്നിനും വയ്യ എന്ന അവസ്ഥയിൽ പോലും എത്തുന്നവരുണ്ട്. ഓരോ ജോലിക്കും വ്യത്യസ്ത സ്വഭാവമുണ്ട്. എന്നാൽ ജോലി ചെയ്യുന്നത് ഒഴിവാക്കാനാവില്ല. ആകെയുള്ള പരിഹാരം സ്മാർട്ടായി ജോലി ചെയ്ത് ശരീരത്തെയും മനസ്സിനെയും മോശമായി ബാധിക്കുന്നത് ഒഴിവാക്കുക എന്നതാണ്. ഇത് അസാധ്യമല്ല. പക്ഷേ, സ്മാർട്ടായി ജോലി ചെയ്യാൻ അറിഞ്ഞിരിക്കണമെന്നു മാത്രം. ജോലി സ്മാർട്ട് ആകുന്നതോടെ ഫലം കൂടുന്നു. ക്ഷീണം കുറയുന്നു. കൂടുതൽ നാൾ ആരോഗ്യത്തോടെ ജോലി ചെയ്യാൻ കഴിയുന്നു. വ്യക്തിജീവിതത്തിൽ കൂടുതൽ സമയം നേടുന്നതോടൊപ്പം ആസ്വാദ്യമായി ജീവിക്കാനും കഴിയും. 

മൾട്ടിടാസ്കിങ് വേണ്ട
ഒരു സമയം തന്നെ പല കാര്യങ്ങൾ ചെയ്യുന്നതിലൂടെ കൂടുതൽ നേട്ടമുണ്ടാക്കുന്നതായി ആർക്കും തോന്നാം. എന്നാൽ, ഇത് ബുദ്ധിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും എന്നുകൂടി അറിയുക. ഒരു സമയം ഒരു കാര്യത്തിൽ മാത്രം മനസ്സിരുത്തുന്ന രീതിയിലാണ് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ. പെട്ടെന്ന് ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കു മാറുന്നത് മസ്തിഷ്കത്തെ ക്ഷീണിപ്പിക്കും. പല ജോലികൾ ചെയ്യുന്നത് ഗുണനിലവാരത്തെയും ബാധിക്കും. എല്ലാ ജോലിയും ഏറ്റവും നന്നായി ചെയ്യുക എന്നത് അസാധ്യമാണ്. കുറച്ചുകാലം മൾട്ടിടാസ്കിങ് വിജയകരമായി മുന്നോട്ടുകൊണ്ടുപോയാലും വൈകാതെ തിരിച്ചടിയുണ്ടാകാം. ഒരു പ്രവൃത്തിയിൽ മാത്രം മനസ്സർപ്പിക്കുമ്പോൾ കൂടുതൽ നന്നായി ജോലി ചെയ്യാനാവുമെന്നുള്ളതും അനുഭവപാഠം തന്നെയാണ്.

ആശയ വിനിമയ ശേഷിയും പ്രധാനം 
സാധാരണ ജോലി ചെയ്യുന്നയാൾ ആണെങ്കിലും കമ്പനി സിഇഒ ആണെങ്കിലും ആശയ വിനിമയ ശേഷി പ്രധാനമാണ്. ആശയങ്ങൾ മതിയായ രീതിയിൽ മറ്റുള്ളവരിൽ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശീലനത്തിലൂടെ കഴിവ് മെച്ചപ്പെടുത്തുക. ടീം ലീഡർ നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തിയാണെങ്കിൽ ടീമിന്റെ മൊത്തം സമയം ലാഭിക്കാനാവും. ആശയ വിനിമയം ശരിയായി നടക്കുന്നില്ലെങ്കിൽ സമയം പാഴാകുന്നതിനൊപ്പം ജോലികൾ കൃത്യമായി ചെയ്യുന്നതിലും പാളിച്ച സംഭവിക്കാം. 

കഴിയുന്ന പ്രവൃത്തികൾ മാത്രം ഏറ്റെടുക്കുക
ഓരോ ദിവസവും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ ഒരു സാധാരണ മനുഷ്യന് ചെയ്യാൻ പറ്റുന്നതായിരിക്കണം. പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികൾ കൂടി ഉൾപ്പെടുത്തി അതിനുവേണ്ടി അധിക സമയം ചെലവാക്കുന്നത് നിരാശ ക്ഷണിച്ചുവരുത്തും. ഒരു ദിവസം 5 പ്രവൃത്തികൾ എന്ന നിഷ്കർഷയിൽ ഉറച്ചുനിൽക്കുക. അതിൽക്കൂടുതൽ ചെയ്യാൻ കഴിഞ്ഞാൽ അത് ബോണസ് മാത്രമായി കണക്കാക്കുക. ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുന്നേ തന്നെ തന്നെ പ്രവൃത്തികൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും ഇത് സഹായിക്കുന്നു. 

ആസ്വദിച്ച് ജോലി ചെയ്യുക 
ഇഷ്ടപ്പെടുന്ന ജോലികൾ എന്നത് പഴഞ്ചൊല്ലല്ല, എന്നും പ്രസക്തമായ യാഥാർഥ്യമാണ്. പ്രചോദിപ്പിക്കുന്ന, ഒരിക്കലും മടുക്കാത്ത പ്രവൃത്തികൾ കൂടുതലായി ഏറ്റെടുക്കുക. ഇത് ജോലിയിലെ ആയാസവും കുറയ്ക്കും. എല്ലാ ജോലികളും ആർക്കും ഇഷ്ടപ്പെട്ടു ചെയ്യാൻ കഴിയില്ല. എന്നാൽ, ഇഷ്ടപ്പെട്ട ജോലികൾ കൂടുതലായി ചെയ്യുന്നത് ഇഷ്ടമല്ലാത്ത ജോലികൾ പൂർത്തിയാക്കാനും സഹായിക്കും.

നോ പറയാൻ പഠിക്കുക
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന വ്യക്തിയാണോ എന്ന് ആത്മപരിശോധന നടത്തുക. എല്ലാവരോടും എല്ലാറ്റിനും യെസ് എന്നു പറയുന്ന ആളാണെങ്കിൽ നിങ്ങളുടെ സമയം കൂടുതലായി നഷ്ടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. നോ അല്ലെങ്കിൽ ഇപ്പോൾ കഴിയില്ല എന്നു പറയാൻ കൂടി പഠിക്കണം. കൃത്യ സമയപരിധിക്കുള്ളിൽ തീർക്കേണ്ട ഒരു ജോലിയുണ്ടെങ്കിൽ അതിനിടയ്ക്ക് മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ നൽകുന്നത് ശരിയായ രീതിയല്ല. 

English Summary:

Work Smarter, Not Harder: Achieve Peak Productivity & Avoid Burnout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com