സ്വന്തം റെസ്യൂമെ വരെ നിരാകരിക്കപ്പെട്ടു; മാനേജറുടെ പരാതിയില്‍ എച്ച്‌ആര്‍ ടീമിനെ പിരിച്ച് വിട്ട് കമ്പനി
Mail This Article
ജോലിക്കായുള്ള അപേക്ഷകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ ആപ്ലിക്കേഷൻ ട്രാക്കിങ് സംവിധാനങ്ങളെ (എടിഎസ്) ഇന്ന് പല സ്ഥാപനങ്ങളും ആശ്രയിക്കാറുണ്ട്. ഒരു പ്രത്യേക ജോലിക്ക് ആവശ്യമായ നൈപുണ്യശേഷികള്‍ ഇല്ലാത്തവരുടെ റെസ്യൂമെകള്‍ നിരാകരിച്ച് കഴിവുള്ള ഉദ്യോഗാർഥികളെ മാത്രം തിരഞ്ഞെടുത്ത് പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും എത്തിക്കാന്‍ എടിഎസ് സഹായിക്കും. എന്നാല്‍ എടിഎസിനെ മാത്രം അമിതമായി ആശ്രയിച്ച് മാനുവല്‍ ആയി അപേക്ഷകള്‍ പരിശോധിക്കാതിരിക്കുന്നത് ചിലപ്പോള്‍ കഴിവുള്ള ധാരാളം ഉദ്യോഗാർഥികളെ നഷ്ടമാക്കാന്‍ ഇടയാക്കിയേക്കാം. എടിഎസിലുള്ള ചില തെറ്റുകളാണ് ഈ സ്ഥിതി ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ എടിഎസിലുള്ള ഒരു പ്രധാന തെറ്റ് കണ്ടെത്താന്‍ അടുത്തിടെ ഒരു മാനേജര്‍ ചെയ്‌തത് നവീകരിച്ച സ്വന്തം റെസ്യൂമെഒരു വ്യാജ ഇ – മെയില്‍ വിലാസത്തില്‍ നിന്ന് അയച്ചു നല്‍കുകയായിരുന്നു. അതും ഓട്ടോ റിജക്ട് ചെയ്യപ്പെട്ടതോടെ എടിഎസിലെ ഗുരുതര തെറ്റ് മാനേജര്‍ സീനിയര്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന് അപേക്ഷകള്‍ നോക്കാന്‍ പോലും മെനക്കെടാതിരുന്ന എച്ച്‌ആര്‍ ടീമിലെ പലരെയും കമ്പനി പിരിച്ചു വിട്ടു. മാനേജര്‍ തന്നെയാണ് ഈ വിവരം റെഡ്ഡ്‌ഇറ്റിലൂടെ പങ്കുവച്ചത്.
എടിഎസ് കോണ്‍ഫിഗറേഷനിലെ ഒരു പിഴവാണ് മാനേജര്‍ അടക്കം കഴിവുള്ള ഉദ്യോഗാർഥികളുടെ റെസ്യൂമെ നിരാകരിക്കപ്പെടാന്‍ കാരണമായത്. ആംഗുലര്‍ജെഎസ് എന്ന കാലഹരണപ്പെട്ട വെബ് ഫ്രേംവര്‍ക്കില്‍ കഴിവുള്ളവരെ ഫില്‍റ്റര്‍ ചെയ്‌തെടുക്കാനായിരുന്നു സിസ്റ്റം സെറ്റ് ചെയ്‌തിരുന്നത്. എന്നാല്‍ കമ്പനിക്ക് ആവശ്യമുള്ളത് പുതിയ ഫ്രേംവര്‍ക്കായ ആംഗുലര്‍ അറിയുന്നവരെ ആയിരുന്നു. ഇതാണ് ആംഗുലര്‍ അറിയുന്നവര്‍ പലരും അപേക്ഷിച്ചിട്ടും ആംഗുലര്‍ ജെഎസ് ഇല്ലെന്ന പേരില്‍ അവരുടെയെല്ലാം റെസ്യൂമെ ഓട്ടോ റിജക്ട് ചെയ്‌തത്.
അപേക്ഷ പ്രക്രിയയുടെ പുരോഗതിയെ പറ്റി പല തവണ എച്ച്‌ആര്‍ സംഘവുമായി ആശയവിനിമയം നടത്തിയിട്ടും ഈ സാങ്കേതിക പിഴവ് അവര്‍ ശ്രദ്ധിച്ചതേയില്ലെന്ന് മാനേജര്‍ പറയുന്നു. മാനേജറുടെ റെഡ്‌ഇറ്റ് പോസ്‌റ്റിന് പലരും പ്രതികരണങ്ങളും കുറിച്ചിട്ടുണ്ട്. എച്ച്‌ആര്‍ ടീമിന്റെ അലസതയെ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ അന്ധമായി നിർമിത ബുദ്ധി (എെഎ) ഉപയോഗപ്പെടുത്തുന്നതിന്റെ പ്രശ്‌നങ്ങള്‍ ചിലര്‍ ചൂണ്ടിക്കാണിച്ചു.