സിവിൽ സർവീസില്‍ റാങ്ക് 555; രാജിവച്ച് രാഷ്ട്രീയത്തില്‍; ഡോ.പി.സരിനെക്കുറിച്ചറിയാം
Mail This Article
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി.സരിൻ രംഗത്തുവന്നതോടെ സരിന്റെ പശ്ചാത്തലം ഇന്റർനെറ്റിൽ തിരയുകയാണ് മലയാളികൾ. തിരച്ചിൽ സൂചകങ്ങളിൽ വൻ കുതിപ്പാണ് പി.സരിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് ബുധനാഴ്ച ലഭിച്ചത്. സിവിൽ സർവീസിൽ നിന്ന് സരിൻ രാഷ്ട്രീയവഴി തേടിയ വാർത്തകൾക്കും വിഡിയോകൾക്കും കാഴ്ചക്കാരേറെയാണ്. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുനഃപരിശോധിക്കണമെന്ന് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ കൂടിയായ ഡോ.പി.സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതോടെയാണ് സരിന്റെ വിശദാംശങ്ങൾ തേടിയുള്ള സെർച്ചിലും കുതിപ്പുണ്ടായത്.
സിവിൽ സർവീസ് സ്വപ്നങ്ങൾ കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലും ഒതുങ്ങില്ല. ആ സ്വപ്നത്തിലേക്ക് മാർച്ച് ചെയ്യുന്ന ലക്ഷക്കണക്കിന് പേരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമായിരിക്കും ലക്ഷ്യത്തില്‍ എത്തിച്ചേരാനാകുക. എന്നാല്‍ ഇപ്പറഞ്ഞ ബാലികേറാമല ആദ്യ പരിശ്രമത്തില്‍ തന്നെ മറികടന്ന ശേഷം രാജിവച്ച് പുറത്ത് കടന്നവര്‍ അപൂർവം. അത്തരത്തിലൊരാളാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോ.പി സരിന്‍.
തിരുവില്വാമല പകവത്ത് കുടുംബാംഗമാണു ഡോ.പി.സരിൻ. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2007ലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 2008 ലാണ് സിവില്‍ സർവീസ് പരീക്ഷ ആദ്യമായി എഴുതുന്നത്. ആദ്യവസരത്തില്‍ തന്നെ 555 റാങ്ക് നേടിയ സരിന് മുന്നില്‍ ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസിലേക്കുള്ള വഴിയാണ് തുറന്നത്. ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ നാലു വര്‍ഷം കർണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ എന്ന കസേരയില്‍ ഇരുന്നു.
2016ലാണ് സരിന്‍ തന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കുന്നത്. സിവില്‍ സര്‍വീസ് രാജിവെയ്ക്കുക എന്നത് ഒരു ദിവസത്തെ തീരുമാനമല്ലെന്ന് സരിന്‍ പറയും. വര്‍ഷങ്ങളായിയുള്ള തോന്നലിന്റെ പരിസമാപ്തിയാണത്. ആദ്യം എതിര്‍പ്പ് ഉയര്‍ന്നത് അച്ഛന്റെയും അമ്മയുടെയും ഭാഗത്ത് നിന്നാണ്. എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യയും നവജാത ശിശുരോഗ വിദഗ്ധയുമായ ഡോ. സൗമ്യയുടെ പിന്തുണ നിര്‍ലോഭം ലഭിച്ചതോടെ രാജി ഉറപ്പിച്ചു. മൂന്നു മാസത്തെ നോട്ടിസ് കാലയളവിന് ശേഷം ഐഎഎഎസില്‍ നിന്നും പടിയിറങ്ങി യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവേശനം.
എട്ടു വര്‍ഷത്തെ സര്‍വീസ് ജീവിതം രാജ്യത്ത് എക്സിക്യൂട്ടിവിന്റെ പങ്ക‌് നന്നായി മനസിലാക്കാന്‍ സഹായിച്ചെന്നാണ് സരിൻ തന്റെ രാഷ്ട്രീയപ്രവർത്തനത്തെക്കുറിച്ച് പറഞ്ഞത്. സര്‍വീസിലുള്ള ഏതൊരാളെ പോലെയും താനും രാഷ്ട്രീയത്തിലൂടെ രാഷ്ട്ര നിര്‍മ്മാണത്തിലാണന്നാണ് സരിന്റെ പക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ സരിൻ, എംബിബിഎസിനും സിവിൽ സർവീസിനും ശേഷം പുതിയൊരു അധ്യായത്തിലേക്കു അടുത്തിടെ ചുവടു വച്ചിരുന്നു. എൽഎൽബി പഠനത്തിനുള്ള പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ പത്താം റാങ്ക് നേടിയാണ് സരിൻ എറണാകുളത്തെ സർക്കാർ ലോ കോളജിൽ 3 വർഷത്തെ പഠനത്തിനു ചേർന്നത്. ഇതു ജനാധിപത്യത്തിന്റെ മൂന്നാം തൂണിനെ അടുത്തറിയാനുള്ള പഠനമാണെന്നാണ് നിയമപഠനത്തെക്കുറിച്ച് സരിൻ പറഞ്ഞത്.
2023 ൽ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച അനിൽ ആന്റണിക്കു പകരക്കാരനായാണ് കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയിൽ ഡോ.പി.സരിനെത്തിയത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.