കേരളത്തിൽ ജൂണിൽ 25% മഴക്കുറവ്; ഉത്തരേന്ത്യയിൽ ഒട്ടേറെ ചക്രവാതച്ചുഴി, കാലവർഷക്കാറ്റ് എവിടെ?
Mail This Article
ഇത്തവണ ജൂണിൽ സംസ്ഥാനത്തു 25% മഴക്കുറവ് രേഖപ്പെടുത്തി. ജൂണിൽ ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 489.2 മില്ലിമീറ്റർ മഴയാണ്. എങ്കിലും മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര ലഭിച്ചില്ല.
30 ദിവസത്തിൽ 6 ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ 60% മഴക്കുറവ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിരുന്നു 2023.
എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്. ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ (757.5 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 879.1mm) 14% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. തൊട്ടുപിന്നാലെ കാസർകോട് (748.3 mm, 24% കുറവ്) . ഏറ്റവും കുറവ് തിരുവനന്തപുരം ( 289.3 mm), കൊല്ലം 336.3 mm) ജില്ലയിലാണ്.
ഇത്തവണ 2 ദിവസം നേരത്തെ വന്ന (മെയ് 30) കാലവർഷം (കഴിഞ്ഞ വർഷം 8 ദിവസം വൈകി) കേരളത്തിൽ തുടക്കത്തിൽ പൊതുവെ ദുർബലമായിരുന്നു. ജൂൺ ആദ്യ പകുതിയിൽ കാലവർഷകാറ്റ് പൊതുവെ ദുർബമായതാണ് മഴ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കേരളത്തിൽ ഉയർന്ന ലെവലിൽ കിഴക്കൻ കാറ്റ് തുടർന്നതിനാൽ ഇടി മിന്നലോടു കൂടിയ മഴയായിരുന്നു ജൂൺ പകുതിയിൽ കൂടുതലും ലഭിച്ചിരുന്നത്.
ജൂൺ 20 നു ശേഷം കേരള തീരത്ത് ന്യൂനമർദ്ദപാത്തി രൂപപ്പെടുകയും കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ കാലവർഷത്തിന് പതിയെ ജീവൻവച്ചു.
കേരളത്തിനു അനുകൂലമായി ഈ കാലയളവിൽ കൂടുതൽ ചക്രവാതചുഴികളോ / ന്യൂന മർദമോ രൂപപ്പെടാത്തതും അതോടൊപ്പം ആഗോള മഴ പാത്തി MJO പ്രതിഭാസവും അനുകൂലമാകാതിരുന്നതും ജൂണിൽ മഴ കുറയാനുള്ള പല കാരണങ്ങളിൽ ചിലതാണ്.
ഉത്തരേന്ത്യയിൽ പേമാരി
കാലവർഷക്കാറ്റ് വടക്കോട്ട് പ്രയാണം ചെയ്തതോടെ ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. അസം, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ മുകളിലായി നിരവധി ചക്രവാതചുഴലികൾ രൂപപ്പെട്ടിട്ടുണ്ട്. അതിനാലാണ് ഉത്തരേന്ത്യയിൽ പ്രളയസമാനമായ അന്തരീക്ഷം രൂപപ്പെട്ടതെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.