ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്രമാകും; ജാഗ്രതയിൽ ഒഡിഷ, കേരളത്തെ ബാധിക്കുമോ?
Mail This Article
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഒഡിഷ- ബംഗാൾ തീരത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂന മർദമായി ശക്തി പ്രാപിക്കും. തുടർന്ന് ഒഡിഷ, ബംഗാൾ, ജാർഖണ്ഡ്, ചത്തീസ്‌ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവിൽ ആന്ധ്രപ്രദേശിലെ കലിങ്കപട്ടണത്തിൽ നിന്നും 310 കിലോമീറ്റർ ആകലെയായും ഒഡിഷയിലെ ഗോപാൽപുരിൽ നിന്ന് 260 കിലോമീറ്റർ കിഴക്ക് ഭാഗത്തായുമാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം.
ഒഡിഷയിലെ ഗഞ്ജം, ഗജപാട്ടി, റായഗഡ, മൽകൻഗിരി, കോരാപുട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രപാര, ഖുർദ, പുരി, ജഗത്‌സിങ്പുർ, കട്ടക്ക്, നയാഗഡ്, കന്ദമാൽ, കാലഹന്ദി, നമ്പരങ്ക്പുർ എന്നീ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ അടുത്ത 3 ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ തുടർച്ചയായ മഴയ്ക്ക് സാധ്യത കുറവാണ്.