അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ്! ടൈനി അന്റാർട്ടിക് മിഡ്ജ് വംശനാശത്തിലേക്ക്; അപകടം ഈ മാറ്റം
Mail This Article
പച്ചപ്പ് പ്രകൃതിയുടെ ആരോഗ്യത്തിന്റെ പ്രതീകമാണ്, എന്നാൽ എല്ലായിടത്തുമല്ല. ചിലയിടങ്ങളിൽ പച്ചപ്പ് ഒരു അപകടസൂചനയാകാം. അത്തരമൊരു ഇടമാണ് അന്റാർട്ടിക്ക. ഘനീഭവിച്ച ഐസ് ഉറഞ്ഞുകിടക്കുന്ന അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് ഉണരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. എന്നാൽ അന്റാർട്ടിക്കയുടെ പച്ചപ്പ് കൂടി വരികയാണെന്നാണ് ഇപ്പോഴുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിലായി അന്റാർട്ടിക്കയിലെ ഹരിതമേഖലകൾ പതിന്മടങ്ങായി വർധിച്ചിരിക്കുന്നു. 1986ൽ ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം ഹരിതമേഖലകളുണ്ടായിരുന്ന അന്റാർട്ടിക്കയിൽ 2021 ആയപ്പോഴേക്കും 12 ചതുരശ്ര കിലോമീറ്റർ ഹരിതമേഖലകളായെന്നാണു പഠനം.
ഇതുപോലെ ഹരിതമേഖലകൾ വർധിക്കുന്നത് അധിനിവേശ സ്പീഷീസുകളെ ഇങ്ങോട്ടേക്ക് കൊണ്ടെത്തിക്കാമെന്നും ഗവേഷകർ പറയുന്നു. അന്റാർട്ടിക്കയിലെ കാലാവസ്ഥാ വ്യതിയാനം ഒരു വലിയ പരിസ്ഥിതി വിഷയമാണ്. അന്റാർട്ടിക്കയിൽ തദ്ദേശീയമായുള്ള ഒരേയൊരു കീടജീവി വിഭാഗം വംശനാശത്തിലേക്ക് പോകുന്നെന്ന് ഇടക്കാലത്ത് ശാസ്ത്രജ്ഞരുടെ പഠനം പുറത്തിറങ്ങിയിരുന്നു. അന്റാർട്ടിക്കയുടെ ഭക്ഷണശൃംഖലയിലും അതുവഴി ജൈവമേഖലയിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കാവുന്ന പ്രതിഭാസമാണ് ഇത്.
ടൈനി അന്റാർട്ടിക് മിഡ്ജ് എന്നാണു കീടത്തിന്റേ പേര്. പറക്കാൻ കഴിവില്ലാത്ത, ഒരു പയർമണിയുടെയൊക്കെ അത്രമാത്രം വലുപ്പമുള്ള ഒരു കീടമാണ് ഇത്. ദീർഘനാളായുള്ള ജീവിതകാലയളവിൽ അന്റാർട്ടിക്കയിലെ കടുത്ത സാഹചര്യങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള ശേഷി ഈ കീടം നേടിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ലോകമെമ്പാടും പ്രശ്നം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ കീടത്തിനും വിനയായിരിക്കുന്നത്.
വേനൽക്കാലത്ത് ചൂട് കൂടുന്നതാണു മിഡ്ജിനെ പ്രതിസന്ധിയിലാക്കുന്നത്. 2 വർഷത്തോളം സമയമെടുത്താണ് ഈ കീടം തന്റെ ജീവിതചക്രം പൂർത്തിയാക്കുന്നതത്രേ. ഈ കാലത്ത് കൂടുതൽ സമയവും ലാർവ എന്ന ഘട്ടത്തിലാകും കീടങ്ങളുടെ ജീവിതം.
നിലവിലെ സാഹചര്യത്തിൽ നിന്ന് രണ്ട് ഡിഗ്രിയെങ്കിലും ചൂട് ഉയരുന്നത് പോലും മിഡ്ജിന്റെ അതിജീവനശേഷിയെ സാരമായി ബാധിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഈയവസ്ഥയിൽ ഭക്ഷണം ഫലപ്രദമായി അകത്താക്കാനോ അതു ദഹിപ്പിക്കാനോ ഇവയ്ക്ക് കഴിയുന്നില്ല. ഇത് ഇവയുടെ തുടർന്നുള്ള വികാസത്തെയും പ്രജനനത്തെയുമൊക്കെ ബാധിക്കും. ഭാവിയിൽ താപനില വളരെ ഉയരുന്നത് ഇവയുടെ വംശനാശത്തിനു പോലും വഴിവച്ചേക്കാമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ഒരു സെന്റിമീറ്ററോളം നീളം വയ്ക്കുന്ന ഈ കീടത്തിന് –15 ഡിഗ്രി വരെ താപനില നേരിടാനുള്ള കഴിവുണ്ട്. തങ്ങളുടെ ശരീരദ്രാവകങ്ങളുടെ 70 ശതമാനം വരെ നഷ്ടപ്പെടുന്ന അവസ്ഥയും ഇവയ്ക്ക് സഹിക്കാൻ സാധിക്കും. ഒരു മാസത്തോളം ഓക്സിജൻ ഇല്ലാതെ ജീവിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.