ഇസ്രയേലിൽ കണ്ടെത്തിയ 5,000 വർഷം പഴക്കമുള്ള മുട്ടകൾ! വംശനാശം സംഭവിച്ച ഒട്ടകപ്പക്ഷി
Mail This Article
ഇസ്രയേലിൽ 19–ാം നൂറ്റാണ്ടു വരെ ഒട്ടകപ്പക്ഷികളുണ്ടായിരുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഈ പക്ഷികൾ പിന്നീട് ഇസ്രയേലിൽ നിന്ന് വംശനാശം സംഭവിച്ചു പോകുകയായിരുന്നു. 2006ൽ 5000 വർഷങ്ങൾ പഴക്കമുള്ള 4 ഒട്ടകപ്പക്ഷി മുട്ടകൾ ഇസ്രയേലിലെ ഷാരോൺ മേഖലയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ 4000 മുതൽ 7500 വർഷം വരെ പഴക്കമുള്ള ഒട്ടകപ്പക്ഷി മുട്ടകൾ ഇസ്രയേലിൽ കണ്ടെത്തി. ഒരു പ്രാചീന തീകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇവ കിട്ടിയത്. ഒരുകാലത്ത് ഇസ്രയേലിൽ ഒട്ടകപ്പക്ഷികൾ വ്യാപകമായി ഉണ്ടായിരുന്നെന്ന് തെളിയിക്കുന്നതായി ഈ മുട്ടകളുടെ കണ്ടെത്തൽ.
2023 ജനുവരിയിൽ റെഡ് നെക്ക്ഡ് ഓസ്ട്രിച്ച് എന്ന വിഭാഗത്തിൽപെടുന്ന ഒട്ടകപ്പക്ഷികളെ ഇസ്രയേലിൽ പുനരധിവസിപ്പിക്കാൻ അധികൃതർ ശ്രമിച്ചിരുന്നു
∙ആയിരം വർഷം പഴക്കമുള്ള കോഴിമുട്ട!
ഒട്ടകപ്പക്ഷി മുട്ടകൾ മാത്രമല്ല, ഒരു പ്രാചീന കോഴിമുട്ടയും ഇസ്രയേലിൽ ലഭിച്ചിരുന്നു. തോടുൾപ്പെടെ സംരക്ഷിക്കപ്പെട്ട നിലയിലാണ് ഇതു കിട്ടിയത്. ഇസ്രയേലിലെ യാവ്നെ പട്ടണത്തിൽ കെട്ടിടസമുച്ചയ നിർമാണത്തിനായി കുഴിയെടുത്തവർക്കാണ് ഇതു കിട്ടിയത്. മധ്യകാലഘട്ടത്തിലെ ഒരു മാലിന്യക്കുഴി ഇതിനിടെ അവരുടെ മുന്നിൽ വന്നു. ഇതിൽ നിന്നാണു കോഴിമുട്ട കിട്ടിയത്.
അനേക വർഷങ്ങൾ പഴക്കം തോന്നുന്ന അതിന്റെ തോടിൽ കുറച്ചു പൊട്ടലുകൾ വീണിരുന്നെങ്കിലും തോട് അടർന്നു മാറിയിരുന്നില്ല. മുട്ട ഇസ്രയേലിലെ ആർക്കയോളജി വകുപ്പിനു കൈമാറി. അതിന്റെ പ്രായം നിർണയിച്ച അവർ അമ്പരന്നു പോയി. ആയിരം വർഷങ്ങൾക്കു മേൽ പഴക്കമുണ്ടത്രേ ആ മുട്ടയ്ക്ക്. ഇതിനൊപ്പം വിചിത്രമായ രൂപമുള്ള മൂന്ന് പാവകളും കണ്ടെത്തി.
മുട്ടകൾ ഒരുപാടുകാലം നശിച്ചുപോകാതെയിരിക്കില്ല. എന്നാൽ ഇതെങ്ങനെ സാധിച്ചു. വിസർജ്യമുൾപ്പെടെ തള്ളുന്ന മാലിന്യക്കുഴിയാണ് ഇതിന് ഇത്രകാലം കഴിയാൻ അനുകൂലമായ സാഹചര്യമൊരുക്കിയത്. ചരിത്രാതീത കാലത്തെ മുട്ടത്തോടുകൾ നേരത്തെ തന്നെ ഇസ്രയേലിലും അല്ലാതെയുള്ള രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്ര കൃത്യമായ ആകൃതിയിൽ ഉടയാത്ത രീതിയിൽ മുട്ട കിട്ടുന്നത് ആദ്യമായിരുന്നു. ആറു സെന്റിമീറ്റർ വലുപ്പം ഇതിനുണ്ടായിരുന്നു.
താമസിയാതെ മുട്ട ശാസ്ത്രജ്ഞർ പൊട്ടിച്ചു. ഉള്ളിൽ വെള്ളക്കരു ഉണ്ടായിരുന്നില്ല. മുട്ടത്തോടിന് അടിയിൽ ഒരു ചെറിയ ദ്വാരം നേരത്തെ വീണതിലൂടെ വെള്ളക്കരു മുഴുവനും മഞ്ഞക്കരു നല്ലൊരു ഭാഗവും ഒലിച്ചു പോയിരുന്നു.
ആറായിരം വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ കോഴികളെ വളർത്തിയിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഭക്ഷണത്തിനു വേണ്ടിയല്ല, മറിച്ച് കോഴിപ്പോര് തുടങ്ങിയ വിനോദങ്ങൾക്കായായിരുന്നു വളർത്തൽ. പിന്നീടാണ് മുട്ടയും കോഴിയിറച്ചിയും മനുഷ്യ ഭക്ഷണക്രമത്തിന്റെ ഭാഗമായത്. ഇസ്രയേലിലെ മരേഷയിൽ 2300 വർഷങ്ങൾക്കു മുൻപ് കോഴി ഫാമിങ് നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
മധ്യ ഇസ്രയേലിൽ തെക്കൻ തീരത്തോടടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് യാവ്നെ. ഒരു ചരിത്രനഗരമായ യാവ്നെയിൽ ഒട്ടനവധി പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അരലക്ഷത്തോളം ആളുകൾ ഇപ്പോൾ ഇവിടെ താമസിക്കുന്നുണ്ട്.