ADVERTISEMENT

അപൂർവങ്ങളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന മേഘപ്പുലികളുടെ ഫാമിലി വിഡിയോ പകർത്തി!  ഇന്തൊനീഷ്യയിലെ ബോർണിയോയിലുള്ള ടാൻജങ് പുടിങ് ദേശീയോദ്യാനത്തിലാണ് 2 കുട്ടികളുമായി നടന്നുപോകുന്ന അമ്മമേഘപ്പുലിയുടെ ദൃശ്യങ്ങളെടുത്തത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ മൃഗം ഇപ്പോഴും സന്താനോത്പാദനം നടത്തുന്നുണ്ടെന്നത് സന്തോഷിക്കാനുള്ള വകനൽകുന്നെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ അഭിപ്രായം.

നിയോഫിലിസ് നെബുലോസ എന്നു ശാസ്ത്രനാമമുള്ള മേഘപ്പുലികൾ പൊതുവെ താഴ്ന്ന മേഖലകളിൽ അധിവസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പുലികളുടെ കൂട്ടത്തിൽ തന്നെ വലുപ്പം കുറഞ്ഞ മൃഗങ്ങളാണു മേഘപ്പുലികൾ. ഒരു മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതൽ 20 കിലോ വരെയാണ്.

സാധാരണ പുലികളിൽ നിന്നു വ്യത്യസ്തമായി വിചിത്രമായ ഘടനയുള്ള പുറം രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. മേഘരൂപത്തിലുള്ള ഈ ഘടനകൾ മൂലമാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേഡ്സ് അഥവാ മേഘപ്പുലികൾ എന്ന പേരു ലഭിച്ചതും. ഇളംമഞ്ഞ മുതൽ കടുത്ത ബ്രൗൺ വരെ നിറത്തിലുള്ള ഈ ജീവികളെ കണ്ടുകിട്ടിയിട്ടുണ്ട്. വളരെ നീളം കൂടിയ വാലും പല്ലുകളും ഇവയ്ക്കുണ്ട്. ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ കാനനത്തിലൂടെ അതിദ്രുതം ചലിക്കാനും മരം കയറാനും അതി വിദഗ്ധരാണ്. 

ഹിമാലയത്തിന്റെ താഴ്‌വരകളുമായി ബന്ധപ്പെട്ടും തെക്കുകിഴക്കൻ ഏഷ്യയിലുമായാണ് ഇവയുടെ അധിവാസ മേഖല. ഇന്ത്യ, തെക്കൻ ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, ലാവോസ്, ബംഗ്ലദേശ് എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. തായ്‌വൻ ദ്വീപിൽ മുൻപ് ഇവയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ന് ഇവയ്ക്ക് അവിടെ പൂർണ വംശനാശം സംഭവിച്ചുകഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഐക്യരാഷ്ട്ര സംഘടന ഇവയെ വിലയിരുത്തുന്നത്.

ഇടക്കാലത്ത് നാഗാലാൻഡിൽ ഇന്ത്യ– മ്യാൻമർ അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന കിഫിരെ ജില്ലയിലെ താനാമീർ ഗ്രാമത്തിൽ മേഘപ്പുലിയെ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്നെടുത്തു. 3.7 കിലോമീറ്റർ പൊക്കമുള്ള മേഖലയിലാണ് ഈ  പുലിയെ കണ്ടത്. 

വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന എൻജിഒയാണു പുലിയുടെ ചിത്രങ്ങളെടുത്തത്. കിഫിരെ ജില്ലയിൽ 65 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വനമേഖലയുണ്ട്. നാഗാലാൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സാരാമതി പർവതവും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. സാരാമതീ പർവതത്തിനു ചുറ്റുഭാഗത്തായി കൂടുതൽ പുലികൾ ഉണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. താനാമീർ ഗ്രാമത്തിൽ താമസിക്കുന്ന തദ്ദേശീയ ഗോത്രവംശമായ യിംഖ്യൂങ്ങുകളുടെ ഭാഷയായ ചിറിൽ ‘ഖെഫാക്’ എന്ന പേരിലാണു മേഘപ്പുലികൾ അറിയപ്പെടുന്നത്.

English Summary:

Heartwarming Moment: Endangered Clouded Leopard Mother and Cubs Spotted in Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com