ADVERTISEMENT

വൈവിധ്യം നിറഞ്ഞ നൂറുകണക്കിന് ജീവജാലങ്ങളുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് കോഴിക്കോട് ഐ ഐ എം ക്യാംപസ് (IIMK). ഏറ്റവും ഒടുവിൽ നടന്ന സർവേയിൽ 668 ഇനത്തിൽപ്പെട്ട ജീവജാലങ്ങൾ ക്യാംപസിൽ ഉണ്ടെന്ന് കണ്ടെത്തി. പശ്ചിമഘട്ട ആവാസ വ്യവസ്ഥയുടെ ഭാഗം എന്ന നിലയിൽ ജൈവവൈവിധ്യ സമ്പന്നമാണ് ഇവിടമെന്ന് ഗവേഷകർ വിലയിരുത്തുന്നു. പക്ഷികളും സസ്യങ്ങളും മറ്റുമായി 668 സ്പീഷിസുകളെയാണ് ഇവിടെ കണ്ടെത്തിയത്. മലബാർ നേച്ചറൽ ഹിസ്റ്ററി സൊസൈറ്റിയുടെ (MNHS) നേതൃത്വത്തിലാണ് സർവേ നടന്നത്.

350 തരം സസ്യങ്ങളും 189 ഇനം അകശേരുക്കളും 19 ഇനം ഉഭയജീവികളും 22 ഉരഗവർഗങ്ങളും 69 ഇനത്തിൽപ്പെട്ട പക്ഷികളും 19 സസ്തനി ഇനങ്ങളുമാണ് 113 ഏക്കർ വിസ്തൃതമായ ക്യാംപസിൽ സ്വൈര്യവിഹാരം നടത്തുന്നത്. പ്രകൃതി വൈവിധ്യങ്ങളെ സംരക്ഷിച്ച് ജൈവ സമ്പന്നതയ്ക്ക് കോട്ടം തട്ടാതെ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ടുള്ള ജീവിതശൈലിക്ക് പ്രചോദനമാണ് ഐ എം കോഴിക്കോട് ക്യാംപസ്. ഐഐഎംകെയുടെ ഗ്രീൻ ഇനിഷ്യേറ്റീവ് കമ്മിറ്റിയും വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ഇക്കോളജി ക്ലബ്ബുമാണ് എംഎൻഎച്ച്എസിന്റെ സഹകരണത്തോടെ സർവേ നടത്തുന്നതിന് നേതൃത്വം നൽകിയത്. 

frog

സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിക പഠനം എന്നീ ശാഖകൾ ഒന്നായി സമന്വയിപ്പിച്ചു കൊണ്ടായിരുന്നു സർവേ നടത്തിയത്. ഫീൽഡ് പരിശോധന, ഡാറ്റാ കളക്ഷൻ, വിശകലനം എന്നിങ്ങനെ വ്യത്യസ്ത തലങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു പഠനം. സമൃദ്ധമായ മഴക്കാടുകൾ മുതൽ തീരദേശ ആവാസവ്യവസ്ഥകൾ വരെ ഉൾക്കൊള്ളുന്ന പശ്ചിമഘട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിന്റെ ഒരു സൂക്ഷ്മ രൂപമാണ് ഐഐഎം കോഴിക്കോട് എന്ന് സർവേയിലൂടെ വെളിവായിട്ടുണ്ട്. പ്രാദേശിക ജീവിവർഗങ്ങളുടെ നീണ്ട നിരയും സവിശേഷമായ പാരിസ്ഥിതിക പ്രത്യേകതകളുമാണ് പശ്ചിമഘട്ടത്തിന്റെ സമ്പത്ത്. ഐഐഎംകെ ക്യാംപസും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല.

പ്രാദേശിക സസ്യങ്ങൾ മുതൽ അത്യപൂർവമായ സസ്യ ഇനങ്ങൾ വരെ ക്യാംപസിൽ ഉണ്ട്. ഉദാഹരണത്തിന് പശ്ചിമഘട്ടത്തിന്റെ ദക്ഷിണ മേഖലയിൽ കണ്ടുവരുന്ന ഹോലിഗർന അർനോറ്റിയാന മുതൽ മഡഗാസ്കറിൽ കണ്ടുവരുന്ന ബിസ്മാർക്കിയ നോബിലിസ്, ആഫ്രിക്കൻ സസ്യ ഇനമായ കിഗേലിയ ആഫ്രിക്കാന, ഓസ്ട്രേലിയയിൽ കണ്ടുവരുന്ന അക്കേഷ്യ ഓരികുലിഫോർമിസ് എന്നിവ വരെ സർവേയിൽ കണ്ടെത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമം പ്രകാരം പ്രത്യേക സംരക്ഷണം അർഹിക്കുന്ന കേരളത്തിന്റെ സംസ്ഥാന ശലഭമായ മലബാർ ബാൻഡഡ് പീക്കോക്കിനെയും ക്യാമ്പസിൽ കണ്ടെത്താനായി. അതിനൊപ്പം തന്നെ കർണാടകയുടെ സംസ്ഥാന ശലഭമായ സതേൺ ബേർഡ് വിങ്ങും ക്യാംപസിലുണ്ട് എന്നതാണ് കൗതുകകരമായ കാര്യം.

frogs

അപൂർവ ഇനം പല്ലികളായ ചെങ്ങോടുമല ഗെക്കോള, ചെങ്ങോടുമലയൻസിസ്, ഉടുമ്പ് വിഭാഗത്തിലെ ബംഗാൾ മോണിറ്റർ, പെരുമ്പാമ്പ് ഇനമായ ഇന്ത്യൻ റോക്ക് പൈതൺ, അണലി ഇനമായ റസൽസ് വൈപ്പർ, മൂർഖൻ ഇനമായ സ്പെക്റ്റക്കിൾഡ് കോബ്ര എന്നിവയും ക്യാമ്പസിൽ ഉണ്ട്. വന്യജീവി സംരക്ഷണ നിയമം പ്രകാരം വ്യത്യസ്ത വിഭാഗങ്ങളിലായി പട്ടികപ്പെടുത്തിയിരിക്കുന്ന 16 ഉരഗ ഇനങ്ങളെയാണ് ഐഐഎംകെയിൽ കണ്ടെത്തിയത്.

ക്യാംപസിൽ കണ്ടെത്തിയ 19 ഇനം ഉഭയജീവികളിൽ 40 ശതമാനത്തിൻ്റെ സ്വാഭാവിക ആവാസ വ്യവസ്ഥ പശ്ചിമഘട്ട മേഖല തന്നെയാണ്. ഇവയിൽ അർബൻ ഗോൾഡൻ ബാക്ക്ഡ് ഫ്രോഗ് ഇനവും കേരള സ്കിറ്ററിങ് ഫ്രോഗും കേരളത്തിലെ പ്രാദേശിക ഇനങ്ങളാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ നിലനിൽപ്പിന് ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം പ്രകാരം പ്രത്യേക സംരക്ഷണം അർഹിക്കുന്ന വിഭാഗങ്ങൾ കൂടിയാണ് ഇവ.

butterfly

നേരിട്ട് കണ്ടെത്തിയതും സാന്നിധ്യം ഉണ്ടെന്നതിന്റെ തെളിവുകളും കണക്കിലെടുത്ത് 19 ഇനം സസ്തനികൾ ക്യാംപസിൽ ഉണ്ടെന്നും സർവ്വേ സംഘം കണ്ടെത്തി. ഇവയിൽ 12 ഇനം പ്രത്യേക സംരക്ഷണം വേണ്ടവയാണ്. രണ്ടിനങ്ങൾ ദക്ഷിണേന്ത്യയുടെ പ്രാദേശിക ജീവിവർഗ പട്ടികയിൽ പെടുന്നവയുമാണ്. കണ്ടെത്തിയ 69 പക്ഷിയിനങ്ങളിൽ ദേശാടന പക്ഷികളും ഉൾപ്പെടുന്നു. വംശനാശഭീഷണി നേരിടുന്നവ അടക്കമുള്ള ജീവജാലങ്ങളെ കണ്ടെത്തിയതിനാൽ പ്രാദേശിക ജീവജാലങ്ങൾക്ക് സുരക്ഷിത സ്ഥാനമാണ് ക്യാംപസ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

English Summary:

Discover IIM Kozhikode's Hidden Eden: 668 Species Thrive in Campus Biodiversity Haven

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com