പരിസ്ഥിതി സൗഹൃദ കേരളത്തിനൊരാമുഖം; മാലിന്യസംസ്കരണത്തിന് ത്രിമുഖ തന്ത്രം ആവശ്യം
Mail This Article
കേരളം -8 ഡിഗ്രിയില്‍ തുടങ്ങുന്ന അക്ഷാംശത്തില്‍ ഉള്‍പ്പെടുന്ന ഭൂമധ്യരേഖയുടെ സാമീപ്യമുള്ള പ്രദേശമായതിനാല്‍ വര്‍ഷത്തില്‍ നല്ല സൂര്യപ്രകാശവും ചൂടും ലഭിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്ത് കടലും കിഴക്ക് സഹ്യാദ്രിയുമുള്ളതുകൊണ്ട് നല്ല മഴയും ലഭിക്കുന്നു. ചരിഞ്ഞ ഭൂപ്രകൃതിയായതുകൊണ്ട് കിഴക്ക് നിന്നും പടിഞ്ഞാറേക്ക് നിരവധി നദികളും രൂപപ്പെട്ടിട്ടുണ്ട്. 44 നദികള്‍, ലക്ഷക്കണക്കിന് കുളങ്ങള്‍, തണ്ണീര്‍തടങ്ങള്‍, കായലുകള്‍, വയലുകള്‍, നീരുറവകള്‍ എന്നിവയെല്ലാം കൊണ്ട് ജലസ്രോതസുകളുടെ സമ്പന്നദേശം. വര്‍ഷത്തില്‍ 120 ദിവസം വരെ നല്ല മഴയും ലഭിക്കുന്നുണ്ട്. സൂക്ഷ്മതലത്തില്‍പോലും ചരിവിന് വലിയ പ്രാധാന്യമുണ്ട്.
നദികളുടെ നീളം, വീതം, ആഴം എന്നിവയിലെ കുറവ്. മണ്ണിന്‍റെ ഘടന മേല്‍മണ്ണിന്‍റെ ആഴം ചരിവ്, ഭൂവിനിയോഗ ക്രമങ്ങള്‍, പാറയുടെ ഘടന എന്നിവയെല്ലാം കാരണം ഉപരിതല നീരൊഴുക്കിന്‍റെ വേഗത വളരെ കൂടുതലാണ്. മണ്ണിന്‍റെ കനം കുറവായതിനാല്‍ അധിക മഴയെ കരുതിവക്കാനും പരിമിതിയുണ്ട്. സ്വാഭാവിക ഭൂജലപരിപോഷണത്തിന്‍റെ സാധ്യതകള്‍ കുറഞ്ഞുവരികയാണ്.
മനുഷ്യ ഇടപെടലുകള്‍
കേരളത്തിന്‍റെ 75 ശതമാനം സ്വാഭാവിക വനമായിരുന്നു. മലകളും കടല്‍ തീരവുമായിരുന്നു പ്രധാന ഭൂവിഭാഗങ്ങള്‍. ഇടനാട് പിന്നീട് രൂപപ്പെട്ടതാണ്. ഒരു ഹെക്ടര്‍ വനം 32000 ഘനകിലോമീറ്റര്‍ പ്രദേശത്തെ മഴവെള്ളം ഉള്‍ക്കൊള്ളും. പത്ത് സെന്‍റ് വയല്‍ 1,60,000 ലിറ്റര്‍ മഴവെള്ളത്തെ നിരവധി മാസങ്ങള്‍ കെട്ടി നിറുത്തും. കാവുകളും വനങ്ങളും വയലുകളും കുറയുന്നത് ജലസംബന്ധമായ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
1970കള്‍ മുതല്‍ വിദേശ രാജ്യങ്ങളിലേക്ക് ധാരാളം പേര്‍ തൊഴിലന്വേഷിച്ചു പോയി. നിലവില്‍ പ്രതിവര്‍ഷം 1 ലക്ഷം കോടിയലധികം രൂപ എന്‍ആര്‍ഐ തുകയായി നാട്ടില്‍ എത്തുന്നുണ്ട്. രാഷ്ട്രീയ, സാമൂഹിക കാരണങ്ങൾ കൂടി കൊണ്ട് പ്രസ്തുത തുക ഉല്‍പ്പാദന മേഖലകളിലേക്ക് പോകുന്നില്ല. പകരം വീടുകള്‍, കെട്ടിടങ്ങള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍ എന്നിവക്കാണ് പണം പ്രധാനമായും ഉപയോഗിച്ചത് വർധിച്ച നിർമാണത്തിനായി ധാരാളം മണല്‍, പാറ, ഇഷ്ടിക, തടി എന്നിവ വേണ്ടി വന്നു. ഭൂമിയുടെ വിലയും വല്ലാതെ ഉയര്‍ന്നു. മണലൂറ്റലും ക്വാറികളും ഇഷ്ടികകളങ്ങളും മരം മുറിയും കൂടി വന്നപ്പോള്‍ ഇല്ലാതായത് സ്വാഭാവികമായ പ്രകൃതി വിഭവങ്ങള്‍ കൂടിയാണ്. സിമന്‍റ്, പെയിന്‍റ് എന്നിവയുടെ ഉപയോഗം കൂടിയായപ്പോള്‍ അന്തരീക്ഷത്തിലെ സൂക്ഷ്മ താപനില ക്രമാതീതമായി ഉയര്‍ന്നു.
ഭൂവിനിയോഗത്തില്‍ വലിയ മാറ്റമാണ് അനുനിമിഷം വന്നുകൊണ്ടിരിക്കുന്നത്. കുന്നിടിക്കലും വയല്‍ നികത്തലും വളരെ വ്യാപകമാണ്. മാലിന്യസംസ്കരണത്തിലെ അശാസ്ത്രീയതയും കുറവും കാരണം കരയും ജലാശയങ്ങളുമെല്ലാം മലിനമാകുന്നതിന്‍റെ തോതും വളരെ കൂടുതലാണ്. സ്വദേശിയും സ്വാഭാവികവുമായ സസ്യസമ്പത്തിന് വനത്തിനും പകരമായി തേക്ക്, മാഞ്ചിയം, അക്കേഷ്യ, യൂക്കാലിപ്റ്റ്സ് തുടങ്ങിയവയെല്ലാം വ്യാപകമായപ്പോള്‍ ഇല്ലാതായത് ജൈവ വൈവിധ്യം കൂടിയാണ്.
ആഗോളതാപനത്തോടൊപ്പം കേരളത്തിലെ സൂക്ഷ്മ കാലാവസ്ഥയെ നിർണയിക്കുന്ന മനുഷ്യ ഇടപെടല്‍ കൂടിയായപ്പോള്‍ പ്രശ്നങ്ങള്‍ അതി സങ്കീര്‍ണ്ണമായി മാറുന്നു. ചൂട് കാലം ഉഷ്ണ തരംഗവും സൂര്യതാപവും വരള്‍ച്ചയും ജലക്ഷ്മാവും അനുബന്ധപ്രശ്നങ്ങളുമായി തീരുന്നു. ചെറിയ സ്ഥലത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ മഴ വരുന്നതിനാല്‍ മഴക്കാലം വെള്ളപ്പൊക്കവും പ്രളയവുമാണ് നല്‍കുന്നത്. കടല്‍ 20 ദിവസത്തില്‍ നിന്നും മാറി 200 ദിവസം വരെ ചൂടാകുന്നു. കടലിന്‍റെ ഭാവമാറ്റവും സാമീപ്യവും തീരദേശത്തുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
വേണം പുതിയ പരിസ്ഥിതി സൗഹൃദ കേരളം
കേരളത്തിലെ മണ്ണ്, വനം, വയല്‍, തണ്ണീര്‍തടങ്ങള്‍, ജലം, ജൈവ സമ്പത്ത് എന്നിവയെ പരമാവധി സംരക്ഷിക്കുന്ന പുതിയ വികസന നയങ്ങളും കര്‍മ്മപരിപാടികളുമാവശ്യമാണ്. വർധിച്ച തോതില്‍ ലഭിക്കുന്ന സൂര്യന്‍റെ ചൂടും പ്രകാശവും പരമാവധി പ്രയോജനപ്പെടുത്തണം. സോളാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പഠനഗവേഷണങ്ങളും ഉപകരണങ്ങളും വികസിപ്പിക്കണം. കേന്ദ്രസര്‍ക്കാരിന്‍റെ കൂടി സഹായത്താല്‍ സോളാര്‍ ഗവേഷണ വികസനസ്ഥാപനം ആരംഭിക്കണം. ചെറുകിട, മൈക്രോജലവൈദ്യുത പദ്ധതികളുടെ സാധ്യതകള്‍ കാര്യമായി പരിശോധിക്കണം. കാറ്റ്, തിരമാല മാലിന്യം എന്നിവയില്‍ നിന്നുള്ള വൈദ്യുതോൽപാദനവും നോക്കുന്നു.
സംസ്ഥാനത്തെ വിവിധ കാര്‍ഷിക പാരിസ്ഥിതിക മേഖലകളായി തിരിച്ച് ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിക്കണം. സൂക്ഷ്മ നീര്‍തടങ്ങളെ വികസന യൂണിറ്റുകളായി നിയമം വഴി പുനര്‍നിര്‍ണ്ണയിക്കണം. ഓരോ കാര്‍ഷിക പരിസ്ഥിതി യൂണിറ്റിനുമാവശ്യമായ സാങ്കേതിക രീതികളും വിത്തിനങ്ങളും വിള സമ്പ്രദായവും കാര്‍ഷിക പരിപാലന മാര്‍ഗങ്ങളും വികസിപ്പിച്ച് നിയമത്തിന്‍റെ കൂടി ഭാഗമാക്കണം. ഒരു രണ്ടാം ഭൂപരിഷ്കരണവും ഭൂവിനിയോഗ നയവും പ്രധാനമാണ്.
ഓരോ വിളകള്‍ക്കുമാവശ്യമായ ജലം മാത്രം നല്‍കുവാന്‍ കഴിയുന്ന സെന്‍സറുകളും ജലസേചനമാർഗങ്ങളും പലതും നിലവിലുണ്ട്. അവ വ്യാപിപ്പിക്കുകയും പുതിയവ വികസിപ്പിക്കുകയും വേണം. നിലവില്‍ തീരം മുതല്‍ മലനാട് വരെ മിക്കവാറും ഒരേ രീതിയിലുള്ള കാര്‍ഷിക പ്രയോഗങ്ങളാണുള്ളത്. കാര്‍ഷിക വിള അധിഷ്ഠിത പാക്കേജിനപ്പുറം പാരിസ്ഥിത മേഖല കണക്കാക്കിയുള്ള സൂക്ഷ്മതല ഫാം പ്ലാനുകള്‍ ചെറിയ കൃഷിയിടങ്ങള്‍ മുതല്‍ വന്‍ തോട്ടങ്ങള്‍ക്ക് വരെ ബാധകമാക്കണം. പരിസ്ഥിതിക്കനുയോജ്യമല്ലാത്ത ഒരു അധിനിവേശ വിളകളും വൃക്ഷങ്ങളും നടരുത്.
മഴവെള്ള സംഭരണം, കൃത്രിമ ഭൂജന പരിപോഷണം. ജലസംരക്ഷണം എന്നിവ വ്യാപകമാക്കണം. നിലവിലുള്ള കെട്ടിടങ്ങള്‍ക്കും ഘട്ടം ഘട്ടമായി നടപ്പിലാക്കാവുന്നതാണ്. നീര്‍തട പരിപാലന രീതിയില്‍ കൂടുതല്‍ പ്രചരിപ്പിക്കണം. മാലിന്യസംസ്കരണത്തിന് ത്രിമുഖ തന്ത്രം ആവശ്യമാണ്. വലിയ പ്ലാന്‍റുകള്‍, മീഡിയം പ്ലാന്‍റുകള്‍, ചെറിയ പ്ലാന്‍റുകള്‍ എന്നിവ ആവശ്യമാണ്. അതോടൊപ്പം ഗൃഹാധിഷ്ഠിത മാലിന്യസംസ്കരണത്തിനാവശ്യമായ പുതിയ സാങ്കേതിക രീതികള്‍ വികസിപ്പിക്കണം. സാനിട്ടേഷന്‍ മിഷനെ പുനഃസംഘടിപ്പിച്ച് വാട്ട്സാന്‍ പഠന ഗവേഷണ വികസന സ്ഥാപനം തുടങ്ങണം. മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്‍റ്, മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്‍റ്, മറ്റ് ചെറുതം വലുതുമായ സാങ്കേതിക രീതികള്‍ എന്നിവ രൂപപ്പെടുത്തണം. മണ്ണിര കമ്പോസ്റ്റ് കൃഷിക്കുപയോഗിക്കുന്ന രീതി ഇന്‍സെന്‍റീവ് കൊടുത്ത് പ്രോത്സാഹിപ്പിക്കണം പുതയിടല്‍പോലുള്ള ജൈവരീതികള്‍ വ്യാപകമാക്കേണ്ടതാണ്.
സ്വാഭാവിക വനം രൂപപ്പെടുത്തുവാനും സഹ്യാദ്രി സൂക്ഷ്മ വനങ്ങള്‍ പരമാവധി സൃഷ്ടിക്കുവാനുമാണ് നാമിനിയും ശ്രദ്ധിക്കേണ്ടത് സൂഗതസ്മൃതി സൂക്ഷ്മവന പദ്ധതി നടപ്പിലാക്കാവുന്നതാണ്. വൃക്ഷത്തെ നടലും പരിപാലിക്കലും പാഠ്യപദ്ധതിയുടെ കൂടി ഭാഗമാക്കി വിദ്യാർഥികള്‍ക്ക് പരീക്ഷമാര്‍ക്കില്‍ ഉള്‍പ്പെടുത്തണം. സംസ്ഥാനത്തെ പച്ചപ്പിന്‍റെ തോത് ഇരട്ടിയെങ്കിലുമാക്കി മാറ്റണം. സ്കൂളുകള്‍, കോളേജുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൈ നടല്‍, മാലിന്യസംസ്കരണം, സോളാര്‍ പാനല്‍, ഹരിത കെട്ടിടങ്ങള്‍, മഴവെള്ളം, ഭൂജല സംരക്ഷണം തുടങ്ങിയവ നടപ്പിലാക്കണം. ഒരു വര്‍ഷ ഹരിത പ്രചരണ വര്‍ഷമായി ആചരിക്കണം പ്രസ്തുത വര്‍ഷമായി ആചരിക്കണം. പ്രസ്തുത വര്‍ഷത്തില്‍ വീടും നാടും പരമാവധി ക്ലീന്‍ ചെയ്യുന്ന പരിപാടികൂടി വേണം. ഇവയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കണം. പ്രചരണ മാര്‍ഗ്ഗങ്ങളും കര്‍മപരിപാടികളുമാണ് വേണ്ടത്. അതിനുള്ള വിവിധ സംഘടനാ സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവയുടെ ഏകോപനം മാത്രം മതിയാകും. ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിനും പ്രത്യേക ക്യാംപയിന്‍ ആവശ്യമാണ്. പൊതുസ്വത്ത് സംരക്ഷണ പരിപാലന നിയമവും വിവിധതല സംഘടനാ സംവിധാനങ്ങലും ജാഗ്രത സമിതികളും തയാറാക്കേണ്ടതാണ്. ഇന്‍സെന്‍റീവിന്‍റെ ഭാഗമായി ഗ്രീന്‍ സ്റ്റാര്‍ നിശ്ചയിക്കണം.
ഹരിത കെട്ടിട നിർമാണ രീതികള്‍ വ്യാപകമാക്കണം. വീടുകളുടെയും ഫര്‍ണിച്ചറുകളുടെയും ആവശ്യത്തിനായി തെങ്ങിന്‍ തടി ഉപയോഗിക്കാവുന്നതാണ്. അതിനുള്ള സാങ്കേതിക രീതികള്‍ വികസിപ്പിക്കണം. സിമന്‍റ്, മണല്‍ എന്നിവ കുറച്ച് മാത്രം ഉപയോഗിക്കുന്ന കെട്ടിട നിര്‍മ്മാണ മാതൃക മുന്നിലുണ്ട് അവ പാലിക്കുന്നവര്‍ക്ക് ടാക്സ് ഇളവും പ്രത്യേക ഇന്‍സെന്‍റീവും നല്‍കണം. റോഡുനിർമാണത്തിന്‍റെ ഭാഗമായി സൗന്ദര്യവല്‍ക്കരണവും വൃക്ഷത്തെ നടീലും പൊതുമരാമത്ത് വകുപ്പ് മാന്യലില്‍ കൊണ്ടുവരണം ജൈവരീതിയിലുള്ള മണ്ണ്, ജല ജൈവ സംരക്ഷണ രീതികള്‍ക്കുള്ള മെഷര്‍മെന്‍റുകളും എം ബുക്ക് എഴുതുവാനുള്ള ഘടകങ്ങളും കൂടി പൊതുമരാമത്ത് മാന്വവലില്‍ വേണം രാമച്ചം പോലുള്ളവ മണ്ണൊലിപ്പു തടയുവാനും മലനിരകള്‍ സംരക്ഷിക്കുവാനും വ്യാപകമായി വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു. രാമച്ചം, മുള തുടങ്ങിയ കൂടുതലായി വ്യാപിപ്പിക്കുന്നത് മണ്ണ്, ജല ശുദ്ധിക്കും സമൃദ്ധിക്കും നല്ലതാണ്.
നഗരങ്ങളിലും ഗ്രാമകേന്ദ്രങ്ങളിലും നിരനിരയായി കെട്ടിടങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. ബഹുനിലമന്ദിരങ്ങള്‍, ഭൂഗര്‍ഭമന്ദിരങ്ങള്‍ എന്നിവ പരമാവധി വ്യാപിപ്പിക്കണം ലംഭമായുള്ള നിര്‍മ്മാണ രീതിയും അണ്ടര്‍ഗ്രൗണ്ട് നിര്‍മിതികളുമാണിനി കേരളത്തില്‍ വേണ്ടത്. പൊതുഗതാഗതം മെച്ചപ്പെടുത്തുകയും കഴിയുന്നത്ര സ്ഥലങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുകയും വേണം. കാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളുടെ ഉപയോഗം പടിപടിയായി കുറക്കുവാനുള്ള നടപടികള്‍ ആരംഭിക്കണം, ഷെയര്‍ ദി സീറ്റ് പോലുള്ള പദ്ധതികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി തുടര്‍ന്ന് വ്യാപകമാക്കണം.
ടൂറിസം മേഖലയില്‍ പരിസ്ഥിതി സൗഹൃദ രീതികള്‍ വികസിപ്പിക്കണം ഡിറ്റിപിസികള്‍ ഒഴിവാക്കി സ്വതന്ത്രമായ ഏജന്‍സിയാക്കി ടൂറിസം പ്രോത്സാഹിപ്പിക്കണം. സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം മേഖല വികസിപ്പിക്കണം. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കണം. വന്‍കിട നിര്‍മിതികളോ കെട്ടിടങ്ങളില്‍ താമസമോ ടൂറിസ്റ്റുകളും ആഗ്രഹിക്കുന്നില്ല. കായല്‍ ടൂറിസം, മണ്‍സൂണ്‍ ടൂറിസം, ഹില്‍ ടൂറിസം, പൈതൃക ടൂറിസം, സ്പിരിച്വല്‍ ടൂറിസം, ഹെല്‍ത്ത് ടൂറിസം എന്നതിനൊക്കെ വലിയ സാധ്യതയാണുള്ളത്. വന്‍കിട നിർമിതികളുടെ ആവശ്യമില്ല.
പൊതുനിര്‍ദേശങ്ങൾ
1. ആഭ്യന്തര വിമാന സര്‍വീസിനായി കഴിയുന്നത്ര സ്ഥലങ്ങളില്‍ ചെറിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും നിർമിക്കണം.
2. മിനി റെയില്‍ സംവിധാനം ഗ്രാമങ്ങളില്‍ തുടങ്ങണം. കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദത്തിനുള്ള നടപടികള്‍ക്കുള്ള ചര്‍ച്ച തുടങ്ങണം.
3. തുണി സഞ്ചി, പാള ബാഗ്, പരുത്തി ബാഗ്, പാളപാത്രം, പേപ്പര്‍ബാഗ്, സഞ്ചി, മറ്റ് പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങള്‍ ചെറുകിട വ്യവസായമായി പ്രോത്സാഹിപ്പിക്കണം. വാഴനാരില്‍ നിന്നുള്ള പട്ട് മറ്റുല്‍പ്പന്നങ്ങള്‍ എന്നിവക്കും വലിയ സാധ്യതയാണുള്ളത്.
4. റബ്ബര്‍ അധിഷ്ഠിത റോഡുകളും നിർമിതികളും പ്രോത്സാഹിപ്പിക്കുക.
5. പരിസ്ഥിതി സൗഹൃദ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക കരിക്കുലവും സിലബസും തയ്യാറാക്കി സ്കൂള്‍, കോളജ്, പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുക.
6. പരിസ്ഥിതി സൗഹൃദ നിർമിതികള്‍ വികസിപ്പിക്കുവാനുള്ള പ്രായോഗിക ഗവേഷണ പദ്ധതികള്‍ ആരംഭിക്കുക.
7. ഗ്രാമ-ബ്ലോക്കു, ജില്ലാ പഞ്ചായത്തുകളുടെ അതിരുകള്‍ ചെറുതും വലുതുമായ നീര്‍തടങ്ങളുടെയും നദീതടങ്ങളുടെയും അടിസ്ഥാനത്തിലാക്കി പുനര്‍ നിര്‍ണയിക്കുക.
8. കയര്‍, കൈത്തറി, റബ്ബര്‍, മാങ്ങ, ചക്ക, തേങ്ങ തുടങ്ങിയവയുടെ വൈവിധ്യവല്‍ക്കരണ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുക.
9. സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ ഏകോപിക്കുക.
10. ക്വാറികള്‍, മണലൂറ്റ്, ഇഷ്ടിക നിർമാണം എന്നിവ സര്‍ക്കാര്‍ നിയന്ത്രണമുള്ള സഹകരണ കമ്പനികളുടെ നേതൃത്വത്തിലാക്കുക.
11. ജലം, പരിസ്ഥിതി, കാലാവസ്ഥമാറ്റം, ദുരന്ത പരിപാലനം മണ്ണ്, വനം എന്നിവയെല്ലാം ചേര്‍ത്ത് കൊണ്ടുള്ള ഭൂസാക്ഷരത പരിപാടി നടപ്പിലാക്കുക.
12. ഭൂവിനിയോഗ നയം രൂപീകരിക്കുക നിലവിലെ ചാരനിറ സമ്പദ് വ്യവസ്ഥക്ക് പകരം ഒരു ഹരിത സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങണം. പരിസ്ഥിതി സൗഹൃദ ക്രെഡിറ്റുകളുടെ പുതിയ രീതികളാണിനി വേണ്ടത്.