ADVERTISEMENT

പാമ്പുകൾക്ക് പകയുണ്ടെന്ന് പൊതുവേ പറയപ്പെടാറുണ്ട്. എന്നാൽ തീയതിയും സമയവുമൊക്കെ നോക്കി പാമ്പുകൾ കടിക്കാൻ എത്തുമോ? അതും ഒന്നും രണ്ടും അല്ല ഏഴു തവണ. തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടെന്ന വിചിത്ര അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ 24കാരൻ. എല്ലാ ശനിയാഴ്ചയും ഒരു പാമ്പ് തന്നെ കടിക്കുന്നു എന്നാണ് വികാസ് ദൂപേ എന്ന വ്യക്തി പറയുന്നത്. ഇത് വിശ്വസിക്കണോ വേണ്ടയോ എന്ന് അറിയാതെ വന്നതോടെ ഡോക്ടർമാർ അടങ്ങുന്ന സംഘം സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് വരികയാണ്.

വികാസ് പറയുന്നത് പ്രകാരം 40 ദിവസത്തിനുള്ളിൽ ഏഴു തവണയാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്. അതും ഏറിയപങ്കും ശനിയാഴ്ചകളിൽ തന്നെ. ഓരോ തവണ കടിയേൽക്കുമ്പോഴും വൈദ്യസഹായം തേടിയതോടെ കൈവശമുണ്ടായിരുന്ന പണം എല്ലാം തീർന്നെന്ന് കാണിച്ച് പ്രാദേശിക ഭരണകൂടത്തിൽ നിന്നും സാമ്പത്തിക സഹായവും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഒന്നോ രണ്ടോ തവണയാണ് ഇത്തരം ഒരു സംഭവം നടന്നതെങ്കിൽ അതിൽ കഴമ്പുണ്ടായിരുന്നുവെന്നും വികാസിന്റെ വാദം വിശ്വസിക്കാൻ പ്രയാസമാണെന്നും ചീഫ് മെഡിക്കൽ ഓഫീസറായ രാജീവ് നയൻ ഗിരി പറയുന്നു.

രേഖകൾ പ്രകാരം കടിയേറ്റു എന്ന് ആരോപിക്കപ്പെടുന്ന ദിവസങ്ങളിലെല്ലാം വികാസ് ഒരേ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഒരു ദിവസത്തെ ചികിത്സ കൊണ്ടുതന്നെ അവസ്ഥ മെച്ചപ്പെടുകയും ചെയ്യാറുണ്ട്. ഓരോ തവണയും ഇത് ആവർത്തിക്കപ്പെടുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘത്തെ സംഭവം അന്വേഷിക്കാനായി ചുമതലപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. വികാസിന്റെ വാദത്തിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷണം നടത്തിയ ശേഷം മാത്രമേ  അന്തിമ തീരുമാനമെടുക്കാൻ സാധിക്കു എന്നും അദ്ദേഹം പറയുന്നു.

അതേസമയം പാമ്പുകടിയേൽക്കുന്നതിന് പുറമേ തനിക്ക് സ്വപ്നത്തിന്റെ രൂപത്തിൽ മുന്നറിയിപ്പ് ലഭിക്കാറുണ്ടെന്നും വികാസ് അവകാശപ്പെടുന്നുണ്ട്. ഒൻപത് തവണ കടി ഏൽക്കുമെന്നും അവസാന തവണ എത്രയൊക്കെ പരിശ്രമിച്ചാലും തന്റെ ജീവൻ രക്ഷിക്കാനാവില്ല എന്നും പാമ്പ് സ്വപ്നത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. ഓരോ തവണ പാമ്പുകടി ഏൽക്കുന്നതിനും മൂന്നോ നാലോ മണിക്കൂറുകൾ മുൻപ് അപകടം സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ ഉണ്ടാവാറുണ്ട്. വീട്ടുകാർ ചേർന്ന് എത്രയൊക്കെ സംരക്ഷണം ഒരുക്കിയാലും പാമ്പ് കടിക്കുക തന്നെ ചെയ്യും. 

നാലു തവണ കടിയേറ്റത്തോടെ പാമ്പിൽ നിന്നും രക്ഷനേടാൻ ബന്ധു വീട്ടിലേക്ക് മാറാൻ പലരും ഉപദേശിച്ചതിനെ തുടർന്ന് ആ വഴിയും താൻ പരീക്ഷിച്ചിരുന്നു എന്നാണ് വികാസിന്റെ വാദം. എന്നാൽ അഞ്ചാം തവണയും കടിയേൽക്കുകയായിരുന്നു. ഏത് ഇനത്തിൽപ്പെട്ട പാമ്പിന്റെ കടിയാണ് ഏൽക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതേ വാദത്തിൽ വികാസ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ പാമ്പ് തന്നെയാണോ ഇയാളെ കടിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ആശുപത്രിയുമായി ചേർന്ന് എന്തെങ്കിലും തട്ടിപ്പ് നടത്തുകയാണോ എന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിക്കുന്നു.

English Summary:

Shocking Claims: Uttar Pradesh Man Says Snakes Bite Him Every Saturday – Doctors Investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com