ADVERTISEMENT

കേരളത്തിൽ കർക്കടകം മനുഷ്യരുടെ മാത്രമല്ല, ആനകളുടെയും സുഖചികിത്സാകാലമാണ്. എല്ലാ വർഷവും ഉത്സവകാലം കലാശം കൊട്ടി പിരിഞ്ഞ ശേഷമാണു കൊമ്പൻമാർ സുഖചികിത്സയിലേക്കു പ്രവേശിക്കുന്നത്. മദപ്പാടിലല്ലാത്ത ആനകളേറെയും കർക്കടകത്തിലെ ചികിത്സയ്ക്കു വിധേയരാകുന്നവരാണ്. കർക്കടകം പിറക്കും മുൻപു മദപ്പാടിൽ നിന്ന് അഴിക്കുന്നവർക്കും ഇതിനു ശേഷം മദപ്പാടിലേക്കു പ്രവേശിക്കുന്നവർക്കും ചികിത്സ ലഭിക്കും. കർക്കടകത്തിൽ മദപ്പാടിൽ കഴിയുന്നവർക്ക് അഴിച്ച ശേഷം സമാനമായ ചികിത്സ നൽകും.

ഔഷധക്കൂട്ടുകളോടു കൂടിയ ഭക്ഷണമാണ് ആനകൾക്കു സുഖചികിത്സാ കാലത്തു നൽകുന്നത്. മതിയായ ഉറക്കം, കുളി, കൃത്യമായ ഇടവേളകളിലെ വൈദ്യപരിശോധന എന്നിവയും സുഖചിത്സാ ഘട്ടങ്ങളിൽ അനിവാര്യം. ചികിത്സ പൂർത്തിയായ ശേഷവും ഏതാനും ദിവസങ്ങൾ വിശ്രമം (നല്ലരിക്ക) നൽകും. അപ്പോഴേക്കും ചിങ്ങമാസം പിന്നിടും. പിന്നെ പുത്തൻ ഉണർവോടെ വീണ്ടും ഉത്സവപ്പറമ്പുകളിലേക്ക്.

സുഖചികിത്സാ കാലത്ത് ആനകളുടെ മെനുവിനുണ്ട് ഒട്ടേറെ സവിശേഷതകൾ. ദിവസവും രാവിലെ അവൽ, ഈത്തപ്പഴം, നെയ്യ്, ച്യവനപ്രാശം എന്നിവ തിളപ്പിച്ച പാലിൽ ചേർത്തു നൽകും. അവൽ ശരാശരി 6 മുതൽ 10 കിലോ വരെയും പാൽ ശരാശരി 6 മുതൽ 10 ലീറ്റർ വരെയുമാണു നൽകുന്നത്. ഉച്ചകഴിഞ്ഞാൽ നവധാന്യങ്ങളും മഞ്ഞപ്പൊടിയും കല്ലുപ്പും അഷ്ടചൂർണവും അയേൺ, വിറ്റമിൻ മരുന്നുകളും ചേർത്തു ചോറു നൽകും. 5 മുതൽ 10 കിലോ വരെ അരിയുടെ ചോറാണ് നൽകുന്നത്. കൂടാതെ പട്ടയും വെള്ളവും യഥേഷ്ടം നൽകണം. ഉടമകൾ പലരും വർഷം മുഴുവൻ ആനകൾക്കു സമാനമായ ഭക്ഷണം നൽകാറുണ്ടെങ്കിലും കർക്കടകത്തിലെ വിശ്രമവും പെരുമഴക്കാലത്തെ കാലാവസ്ഥാ സവിശേഷതകളുമാണു സുഖചികിത്സയുടെ കരുത്ത്.

ആട്ടിറച്ചിയും കോഴിയും

ആനകൾ സസ്യാഹാരം കഴിക്കുന്നവരാണെങ്കിൽ സുഖചികിത്സാ കാലത്തു ചിലർ നോൺ വെജാകും. ദീർഘനേരം ഇടിച്ചു പാകപ്പെടുത്തിയ ആട്ടിറച്ചിയും നാടൻ കോഴിയുമാണു ശരീരപുഷ്ടിക്കും എല്ലുകളുടെ ബലം കൂട്ടാനുമായി നൽകുന്നത്. കാലുകളുടെ ഉറപ്പ് വർധിപ്പിക്കാൻ താറാവിറച്ചിയും നൽകുന്നു. ഉരലിൽ മണിക്കൂറുകളോളം ഇടിച്ച ശേഷം ചില പച്ചമരുന്നുകൾ കൂടി ചേർത്താണു ഇറച്ചി തയാറാക്കുന്നത്. 11 മുതൽ 21 ദിവസം വരെയാണ് ഇവ നൽകുക.

(ചിത്രം: സിബു ഭുവനേന്ദ്രൻ ∙ മനോരമ)
(ചിത്രം: സിബു ഭുവനേന്ദ്രൻ ∙ മനോരമ)

ഉറക്കം ഉഷാറാകണം

സുഖചികിത്സാ കാലത്തു പകലും രാത്രിയുമായി ആനകൾക്ക് 8 മുതൽ 10 മണിക്കൂർ വരെ ഉറക്കം വേണം. ദിവസവും കഴുകി വൃത്തിയാക്കണം. നടയമരങ്ങളും (മുൻകാലുകകളും പിൻകാലുകളും) ചങ്കൂറ്റിയും(കഴുത്ത്) പാപ്പാൻമാർ നന്നായി കഴുകി വൃത്തിയാക്കും. അതേസമയം, ശരീരം അനങ്ങിയുള്ള അധ്വാനങ്ങളോ മർദനമുറകളോ അരുത്.

ചികിത്സാ സമ്പ്രദായം തുടങ്ങിയതിങ്ങനെ

തടിയെടുക്കാനും ഉത്സവങ്ങൾക്കും പോയിരുന്ന ആനകളുടെ ദേഹരക്ഷയ്ക്കു പഴമക്കാർ തുടങ്ങിയതാണു കർക്കടകത്തിലെ സുഖചികിത്സ. യന്ത്രങ്ങളുടെ വരവോടെ തടിയെടുപ്പിൽ നിന്നു പൂർണമായി ഒഴിവാക്കപ്പെടുകയും ഉത്സവപ്പറമ്പുകളിലേക്കുള്ള യാത്ര ലോറികളിലേക്കു മാറുകയും ചെയ്തതോടെ പ്രത്യക്ഷത്തിൽ ജോലിഭാരം കുറഞ്ഞെങ്കിലും നാട്ടാനകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതും ഉത്സവങ്ങളുടെ എണ്ണം കൂടിയതുമാണ് ഇന്ന് ആനകൾ നേരിടുന്ന പ്രതിസന്ധി. സംസ്ഥാനത്ത് ഇപ്പോൾ ആകെയുള്ളത് 400ൽ താഴെ ആനകൾ മാത്രം.

ഔഷധക്കൂട്ടുകളോടു കൂടിയ ചോറുരുള

നാട്ടാനകളുടെ എണ്ണം കുറയുന്ന സംസ്ഥാനത്തേക്കു പുറത്തു നിന്നുള്ള ആനകളു‍ടെ വരവിന് അൽപം കൂടി കാത്തിരിക്കണം. ആന കൈമാറ്റത്തിനു സർക്കാർതലത്തിൽ നിയമങ്ങളും ചട്ടങ്ങളുമായിരിക്കെ, ശേഷിക്കുന്ന നിബന്ധനകൾ കൂടി പൂർത്തിയാക്കി ആറോ ഏഴോ മാസത്തിനകം പുതിയ ആനകളെ എത്തിക്കാനാകുമെന്ന് എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വളപ്പായ മണി പറയുന്നു.

ഓരോ സംസ്ഥാനത്തെയും ആനകളുടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കലാണ് ഇനിയുള്ള പ്രധാന കടമ്പ. ഇതിനു നടപടികൾ തുടങ്ങിയിട്ടുണ്ട്. ഡിഎൻഎ പരിശോധനാ ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്കു മാത്രമേ സംസ്ഥാനങ്ങൾക്കിടയിലെ ആന കൈമാറ്റം നിയമപമരമായി സാധ്യമാകൂ. കേരളത്തിൽ നിന്നുള്ള പല ദേവസ്വങ്ങളും ഉടമകളും അസം, ഛാർഗണ്ഡ്, അരുണാചൽപ്രദേശ്, ബിഹാർ പോലുള്ള സംസ്ഥാനങ്ങളിലെത്തി ആനകളെ തിരഞ്ഞെടുത്തു നിർത്തിയിട്ടുണ്ടെന്നാണു വിവരം.

നിയമക്കുരുക്കിൽപ്പെട്ടു വർഷങ്ങളായി പുതിയ ആനകൾ എത്താതിരുന്നതിനൊപ്പം അസുഖം ബാധിച്ചും പ്രായാധിക്യം മൂലവും ഒട്ടേറെ കൊമ്പൻമാർ ചരിഞ്ഞതോടെയാണു സംസ്ഥാനത്തിന്റെ ഗജസമ്പത്ത് കുത്തനെ കുറഞ്ഞത്.

English Summary:

Kerala's Cancer Season: A Healing Journey for Both Humans and Elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com