200ലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിച്ച് നാലുവയസുകാരി; ഭയപ്പെടുത്തും കാഴ്ച
Mail This Article
തായ്‌ലൻഡിൽ ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തായ് സ്വദേശിനിയായ ക്വാൻറൂഡി സിരിപ്രീച്ചയാണ് തന്റെ മകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെൺകുട്ടി മുതലക്കുഞ്ഞുങ്ങളെ കൈയിലെടുത്ത് കളിക്കുന്നതും അവയ്ക്കൊപ്പം വെള്ളത്തിൽ കിടന്ന് ഉല്ലസിക്കുന്നതും വിഡിയോയിൽ കാണാം. ഇത്രയും ഭീകരമായ ജീവികൾക്കൊപ്പം കുട്ടിയെ കളിക്കാൻ വിട്ടതിൽ അമ്മയെ നിരവധിപ്പേർ വിമർശിച്ചു.
മകളുടെ ഭയം ഇല്ലാതാക്കാനാണ് താനിങ്ങനെ ചെയ്തതെന്നാണ് അമ്മയുടെ മറുപടി. രണ്ട് വയസുമുതൽ തന്നെ മകൾക്ക് മുതലകളെ ഇഷ്ടമാണ്. വിഡിയോയിൽ കാണുന്ന മുതലക്കുഞ്ഞുങ്ങൾക്ക് 15 ദിവസത്തിൽ താഴെ മാത്രമാണ് പ്രായം. അവയ്ക്ക് പല്ലുകൾ വളർന്നിട്ടില്ല. അതിനാൽ മകളെ ഉപദ്രവിക്കുമെന്ന പേടി വേണ്ടെന്ന് അമ്മ ക്വാൻറൂഡി വ്യക്തമാക്കി.
തായ് മാധ്യമങ്ങൾ നൽകുന്ന വിവരപ്രകാരം തായ്‌ലൻഡിൽ മുതല ഫാം നടത്തുകയാണ് ക്വാൻറൂഡി. ലോകത്ത് ഏറ്റവും കൂടുതൽ മുതലകളുടെ തോൽ, മാംസം എന്നിവ ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുന്നതും തായ്‍ലൻഡ് ആണ്. തായ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ആയിരത്തിലധികം മുതല ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.