ചിറാപുഞ്ചിയിൽ ഇത്ര മഴപെയ്തിട്ടും ഉരുൾപൊട്ടലില്ല; കേരളത്തിൽ ജീവനെടുക്കും ദുരന്തം, എങ്ങനെ?
Mail This Article
ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്ന ദുരന്തങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഉരുൾപൊട്ടൽ. ഇന്ത്യയിൽ 4,20,000 ചതുരശ്ര കിലോമീറ്റർ മേഖലയും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണ്. ഇതിൽ 90,000 ചതുരശ്ര കിലോമീറ്റർ തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമ ഘട്ടത്തിലും കൊങ്കൺ മലനിരകളിലുമാണ്. കേരളത്തിൽ ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്.
അതിതീവ്രമഴയാണ് കേരളത്തിൽ ഉരുൾപൊട്ടലിനു വഴിയൊരുക്കുന്നതെന്നാണ് നിഗമനം. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന ചിറാപുഞ്ചിയിൽ ഇത്തരം ഉരുൾപൊട്ടലുകൾ കുറവാണ്. കേരളത്തിലേതുപോലെ വലിയ ദുരന്തമാകുന്നതുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ? കൽപറ്റ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ ജോസഫ് ജോൺ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.
മഴയുടെ അളവ് അല്ല, സ്വഭാവമാണ് ദുരന്തങ്ങൾ വിളിച്ചുവരുത്തുന്നത്. ചിറാപുഞ്ചിയിലും കേരളത്തിൽ പെയ്യുന്ന മഴയുടെ സ്വഭാവത്തിൽ വലിയ വ്യത്യാസമുണ്ട്. കേരളത്തിൽ ഇപ്പോഴത്തെ മഴയെന്നത്, മൂന്നോ നാലോ ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്തുതീർക്കുകയാണ്. ജൂലൈ മാസത്തിൽ വയനാട് കിട്ടിയ മഴ ഏതാണ്ട് 280 മില്ലിമീറ്റർ ആണ്. ഇത് രണ്ട് ദിവസം കൊണ്ട് ലഭിച്ചതാണ്. ഇങ്ങനെ ഒരുമാസം ലഭിക്കേണ്ട മഴ ദിവസങ്ങൾ കൊണ്ട് ഒറ്റയടിക്ക് ലഭിക്കുമ്പോൾ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നു. ചിറാപുഞ്ചിയിൽ എന്നും മഴയാണെങ്കിലും മിതമായ രീതിയിലാണ് പെയ്യുന്നത്. അത് അതിഭീകര ദുരന്തത്തിലേക്ക് നയിക്കുന്നില്ല.
ഒരുമാസത്തെ മഴക്കണക്ക് എടുത്താൽ ചിലപ്പോള്‍ ചെറിയ അളവ് ആയിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക. എന്നാൽ ഈ മഴ എങ്ങനെ പെയ്തു, എത്രദിവസം കൊണ്ട് ലഭിച്ചു എന്ന കണക്ക് വിലയിരുത്തുമ്പോൾ വ്യത്യാസം മനസ്സിലാക്കാം. പണ്ടുകാലത്ത് എല്ലാദിവസവും മഴയായിരുന്നു. എന്നാൽ അപകടസാധ്യത കുറവായിരുന്നു. ഇന്ന് കാലാവസ്ഥാമാറ്റം രൂക്ഷമായി പ്രകൃതിയെ ബാധിച്ചിട്ടുണ്ട്. മഴയുടെ രീതിയും മാറി. മാസത്തിൽ ആദ്യ രണ്ടാഴ്ച വെയിൽ ആണെങ്കിൽ അടുത്ത രണ്ടാഴ്ച പേമാരി എന്ന അവസ്ഥയായി.
കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഒരു കിലോമീറ്ററിനകത്ത് 300ലധികം കുടുംബങ്ങൾ താമസിക്കുന്ന സാഹചര്യമുണ്ട്. ഇപ്പോൾ അപകടമുണ്ടായ പ്രദേശത്ത് നിരവധി പാഡികൾ ഉണ്ട്. തോട്ടംതൊഴിലാളികൾക്കായുള്ള ഈ വീടുകളിൽ മൂന്ന് കുടുംബങ്ങൾ വരെ താമസിക്കുന്നു. ഒരു വീട്ടിൽ തന്നെ മക്കളും കുഞ്ഞുങ്ങളുമായി പത്തിലധികം ആളുകളാണ് ഉള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടൽ കൂടുതലാണെങ്കിലും മരണനിരക്കു കുറവാണ്. എന്നാൽ ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ ഉരുൾപൊട്ടൽ കാരണമുള്ള മരണനിരക്ക് കേരളത്തിൽ കൂടുതലാണ്.