30 മീറ്റർ ഉയരത്തിൽ ‘ചെളിത്തിരമാല’: അർമേറോ നഗരം മുങ്ങി, അന്ന് കൊല്ലപ്പെട്ടത് 70 ശതമാനം ജനസംഖ്യ
Mail This Article
മണ്ണിടിച്ചിലിനും ചെളിയൊഴുക്കിനും പല കാരണങ്ങളുണ്ട്. അഗ്നിപർവത വിസ്ഫോടനം മൂലവും ഇതു സംഭവിക്കാം. ഇങ്ങനെ നടന്ന ദുരന്തങ്ങളിൽ ഏറ്റവും പ്രശസ്തമാണ് 1985ൽ ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയയിൽ സംഭവിച്ച ഒരു അഗ്നിപർവത വിസ്ഫോടനം. നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവതമാണ് അന്ന് പൊട്ടിത്തെറിച്ചത്. പ്രസിദ്ധമായ റിങ് ഓഫ് ഫയർ ശൃംഖലയിൽ ഉൾപ്പെട്ട അഗ്നിപർവതമാണ് നെവാഡോ. കൊളംബിയൻ തലസ്ഥാനം ബൊഗോട്ടയിൽ നിന്നു 169 കിലോമീറ്റർ അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.
69 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് 1985ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ അഗ്നിപർവത വിസ്‌ഫോടനങ്ങളിൽ ഒന്നായാണ് ഇതു കരുതപ്പെടുന്നത്. കൊളംബിയയുടെ ചരിത്രത്തിൽ ഇത്രയും തീവ്രമായ മറ്റൊരു ദുരന്തം ഇതുവരെ നടന്നിട്ടില്ല. ഈ അഗ്നിപർവതത്തിനു സമീപമുള്ള നഗരമായിരുന്നു അർമേറോ. കൊളംബിയയുടെ അരി ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങളിൽ നല്ലൊരു പങ്ക് വന്നിരുന്നത് ഈ നഗരത്തിൽ നിന്നാണ്. അക്കാലത്ത് വലിയ തിരക്കുള്ള, ധാരാളം കൃഷിക്കാർ പാർത്തിരുന്ന ഒരു ലാറ്റിൻ അമേരിക്കൻ നഗരം.
1985 നവംബർ 13നായിരുന്നു ആ കാളരാത്രി. അഗ്നിപർവതം പൊട്ടിത്തെറിച്ചു. ചാരവും ലാവയും ചേർന്ന മിശ്രിതം പുറത്തേക്കു തെറിച്ചു. ഇവ മഞ്ഞിനെ ഉരുക്കി ചെളിനിറഞ്ഞു പുറത്തേക്കൊഴുകി. 30 മീറ്റർ വരെ പൊക്കമുള്ള ചെളിത്തിരമാല രൂപപ്പെട്ടു. ഇത്തരം 3 തിരമാലകൾ അന്നേ ദിവസം രൂപപ്പെട്ടു. മണിക്കൂറിൽ 30 കിലോമീറ്റർ എന്ന വേഗതയിൽ ഈ ചെളിത്തിരമാല അർമേറോ നഗരത്തെ ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി.
സുഖ സുഷുപ്തിയിലായിരുന്ന അർമേറോ നിവാസികൾ ഇതൊന്നും അറിഞ്ഞിരുന്നില്ല. നഗരത്തെ മൂടിയ ചളിയിൽ പെട്ട് നഗരത്തിന്‌റെ 70 ശതമാനം ആളുകളും കൊല്ലപ്പെട്ടു. 23000 പേരാണ് അർമേറോയിൽ മാത്രം മരിച്ചത്.
അൽമേറോയിലെ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന് പിൽക്കാലത്ത് ഇവിടെ പഠനങ്ങൾ നടത്തിയ ആളുകൾ പറഞ്ഞിട്ടുണ്ട്. തൊട്ടുമുൻപുള്ള വർഷം മുതൽ തന്നെ ഒരു അഗ്നിപർവത വിസ്‌ഫോടനത്തിനുള്ള എല്ലാ സാധ്യതകളും നെവാഡോ കാട്ടിയിരുന്നു. ഇതിനു ചുറ്റും പ്രകമ്പനങ്ങളുണ്ടായി. നെവാഡോയിൽ ഹൈക്കിങ് നടത്തിയ സാഹസികർ, പർവതത്തിൽ നിന്നു വാതകങ്ങൾ ഉയരുന്നുണ്ടെന്ന മുന്നറിയിപ്പു നൽകി.
ഏതായാലും അർമേറോ ദുരന്തം പിൽക്കാലത്ത് അഗ്നിപർവത ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഒരു നിർണായക പാഠമായി മാറി. ഇന്നു കൊളംബിയൻ സർക്കാർ നെവാഡോ അഗ്നിപർവതത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.