ADVERTISEMENT

ജപ്പാനിൽ ദിവസങ്ങൾക്ക് മുൻപ് രണ്ടു വലിയ ഭൂചലനങ്ങളുണ്ടായി. 6.9, 7.1 തീവ്രത അടയാളപ്പെടുത്തിയ കമ്പനങ്ങൾക്ക് ശേഷം സൂനാമി സാധ്യതയും ഉടലെടുത്തു. ഭൂചലനങ്ങൾ ജപ്പാൻകാർക്ക് പുത്തരിയല്ല. ഒരു ദ്വീപസമൂഹമാണ് ജപ്പാൻ. ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭൂകമ്പ സാധ്യതയുമേറെയാണ്. അഗ്നിപർവതങ്ങളും ധാരാളമുണ്ട്. ഇത്തരത്തിൽ സങ്കീർണമായ ഭൗമസാഹചര്യം കാരണം ജപ്പാനിൽ പ്രാചീന കാലങ്ങൾ മുതൽതന്നെ പ്രകൃതിദുരന്തങ്ങൾ സാധാരണമായിരുന്നു. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, സൂനാമികൾ തുടങ്ങിയവയൊക്കെ രാജ്യത്തു സംഭവിച്ചിട്ടുണ്ട്.

അടുത്തുള്ള സംഭവങ്ങളിൽ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2011ൽ ജപ്പാനിൽ സംഭവിച്ച ടൊഹോകു ഭൂകമ്പവും സൂനാമിയും. 19759 പേരാണ് അന്ന് ഈ പ്രകൃതിദുരന്തത്തിൽ കൊല്ലപ്പെട്ടത്.സമീപകാലങ്ങളിൽ ഗറില്ല റെയ്ൻഫോൾ എന്ന പ്രതിഭാസവും ജപ്പാനിലുണ്ട്. ഒരു സ്ഥലത്ത് പെട്ടെന്ന് മഴപെയ്ത് ദുരിതം വിതയ്ക്കുന്നതാണ് ഇത്.

ഭൂകമ്പത്തിൽ ജപ്പാനിലെ റോഡ് തകർന്ന നിലയിൽ (Photo by Yusuke FUKUHARA / Yomiuri Shimbun / AFP)
ഭൂകമ്പത്തിൽ ജപ്പാനിലെ റോഡ് തകർന്ന നിലയിൽ (Photo by Yusuke FUKUHARA / Yomiuri Shimbun / AFP)

തളരാത്ത ആത്മധൈര്യം ജപ്പാന്റെ പ്രത്യേകതയാണ്, അതേപോലെ തന്നെ അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാനുള്ള കഴിവും ഈ രാജ്യത്തിന്റെ മുഖമുദ്രയാണ്. ലോകം വിറങ്ങലിച്ച ആണവാക്രമണത്തെ അതിജീവിച്ച രാജ്യമാണ് ജപ്പാനെന്നത് ഓർക്കണം. ഇത്രയേറെ ദുരന്തസാധ്യതകളാൽ ചുറ്റപ്പെട്ടിട്ടും അവർ അതിനെ അതിജീവിക്കാനുള്ള പഠനങ്ങളും പ്രവർത്തനങ്ങളും നീണ്ടനാളായി നടത്തുന്നുണ്ട്.

ഈ പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാന നടപടിയായി കുട്ടികളെയും അവർ ദുരന്തപ്രതിരോധം പഠിപ്പിക്കുന്നു. ദുരന്തം നശീകരണ നൃത്തം നടത്തിയ 2011ലെ സൂനാമി വേളയിലും ജാപ്പനീസ് വിദ്യാർഥികൾ പ്രകടിപ്പിച്ച സമചിത്തതയും പരസ്പരമുള്ള കരുതലും ലോകശ്രദ്ധ നേടിയിരുന്നു. ഡേ കെയർ സെന്ററുകൾ മുതൽ ജപ്പാൻ കുട്ടികളെ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ പഠിപ്പിക്കാറുണ്ട്. പ്രൈമറി, ഹൈസ്‌കൂൾ തലത്തിലും ദുരന്തനിവാരണ വിദ്യാഭ്യാസം ജപ്പാൻ നൽകുന്നു.

തകർച്ച...ജപ്പാനിലെ നോട്ടോയിൽ ഭൂകമ്പത്തിൽ തകർന്ന് വിള്ളൽ വീണ റോഡിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ.ചിത്രം: എപി
തകർച്ച...ജപ്പാനിലെ നോട്ടോയിൽ ഭൂകമ്പത്തിൽ തകർന്ന് വിള്ളൽ വീണ റോഡിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ.ചിത്രം: എപി

സെപ്റ്റംബർ ഒന്ന് രാജ്യത്ത് ദുരന്ത നിവാരണദിനമായും അതെത്തുടർന്നുള്ള ഒരാഴ്ച ദുരന്ത നിവാരണ വാരമായും ആഘോഷിക്കുന്നുണ്ട്.ഹസാർഡ് മാപ്പുകൾ എന്നു പേരുള്ള ഭൂപടങ്ങൾ, സ്‌കൂളുകളിൽ സ്ഥാപിച്ചിട്ടുണ്ട്. എവിടെയൊക്കെയാണ് ദുരന്തമുണ്ടാകാൻ സാധ്യതയെന്ന വിവരം ഈ മാപ്പുകൾ കുട്ടികൾക്കു നൽകും.

അതുകൂടാതെ തന്നെ ഒരു ദുരന്തമുണ്ടായാൽ ഏതു റൂട്ടുകളിലൂടെ രക്ഷപ്പെടാമെന്ന വിവരവും ഇവർക്കു നൽകുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ വരാൻ സാധ്യതയുള്ള പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയും അവയെ തടുക്കേണ്ട മാർഗങ്ങളെക്കുറിച്ചുമെല്ലാം വിവരങ്ങൾ നൽകുന്ന ലഘുലേഖകൾ ജാപ്പനീസ് അധികൃതർ ആളുകളുടെ വീടുകളിലെത്തിക്കാറുണ്ട്.

സൂനാമിയിൽ തകർന്ന ഫുക്കുഷിമയിലെ വീടുകൾ (Photo: X/@Quantectum_Jap)
സൂനാമിയിൽ തകർന്ന ഫുക്കുഷിമയിലെ വീടുകൾ (Photo: X/@Quantectum_Jap)

അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ പ്രകൃതിദുരന്തങ്ങളുടെ ആക്കവും തോതും കൂട്ടിക്കൊണ്ടിരിക്കുന്ന നിലവിലെ ലോകസാഹചര്യത്തിൽ ജപ്പാൻ നൽകുന്ന പാഠങ്ങൾക്ക് വലിയ വിലയുണ്ട്.

English Summary:

Japan's Resilience: How a Nation Prepares for Earthquakes and Tsunamis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com