ADVERTISEMENT

ധാരാളം സിംഹങ്ങളെ കാണാനാവും എന്നതാണ് ബോട്സ്വാനയിലെ ചോബെ ദേശീയ ഉദ്യാനത്തിന്റെ പ്രത്യേകത. അല്പം ക്ഷമയോടെ കാത്തിരുന്നാൽ സിംഹങ്ങൾ ഇര പിടിക്കുന്നതിൻ്റെ അപൂർവമായ പല കാഴ്ചകളും ഇവിടെ കാണാനുനാകും. സഞ്ചാരിയായ ക്രിസ് ഗോൺസാൽവസ് ചോബെയിൽ നിന്നും പകർത്തിയ അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിംഹങ്ങൾ കൂട്ടം ചേർന്ന് ഒരു ജിറാഫിനെ വേട്ടയാടുന്നതിന്റെ ദൃശ്യങ്ങളാണിത്.

ധാരാളം സിംഹങ്ങൾ അടങ്ങിയ സെറോൺഡെല എന്നു പേരുള്ള കൂട്ടത്തെ നിരീക്ഷിക്കുകയായിരുന്നു ക്രിസ്. അംഗങ്ങളുടെ എണ്ണം കൂടുതലായതുകൊണ്ട് തന്നെ ഭക്ഷണം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വലിയ മൃഗങ്ങളെയാണ് ഇവ ലക്ഷ്യം വയ്ക്കുന്നത്. ക്രിസ് ദൃശ്യങ്ങൾ പകർത്തിയ ദിവസം സിംഹങ്ങൾക്ക് മുന്നിൽ വന്നു പെട്ടത് ഒരു ജിറാഫാണ്. ഇരയെ വരുതിയിലാക്കി കീഴടക്കി ഭക്ഷിക്കാനായിരുന്നു സിംഹക്കൂട്ടത്തിന്റെ പദ്ധതി.

സിംഹക്കൂട്ടത്തിന് നടുവിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു ജിറാഫ്. സിംഹങ്ങളിൽ ചിലത് ജിറാഫിന് സമീപത്തു തന്നെ വിശ്രമിക്കുന്നതായി കാണാം. സിംഹ കുഞ്ഞുങ്ങളാകട്ടെ തൊട്ടടുത്ത് തന്നെ കളിച്ചു രസിക്കുകയായിരുന്നു. ഏറെ നേരമായി സിംഹക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിട്ടെന്നപോലെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു ജിറാഫ്. ഇര കൈവിട്ടു പോകില്ല എന്ന ഉറപ്പിലായിരിക്കണം സിംഹങ്ങൾ സംയമനത്തോടെ അതിനുചുറ്റും വിശ്രമിച്ചത്.

എന്നാൽ ഈ ശാന്തതയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒരു പെൺ സിംഹം ജിറാഫിന്റെ പിന്നിലൂടെ വന്ന് അതിന്റെ പുറത്തേയ്ക്ക് ചാടി കയറാൻ ശ്രമിച്ചു. പെട്ടെന്നുള്ള ആക്രമണമായിരുന്നെങ്കിലും ജിറാഫ് പതറാതെ ശരീരമൊന്നു കുടഞ്ഞതോടെ സിംഹം നിലത്തുവീണു. രക്ഷപ്പെട്ടോടാനായിരുന്നു ജിറാഫിന്റെ അടുത്ത നീക്കം. എന്നാൽ അപ്പോഴേയ്ക്കും സിംഹക്കൂട്ടം ഒന്നായെത്തി ജിറാഫിന്റെ പിന്നാലെ കൂടി. തളർന്നുപോയ ജിറാഫ് കാലുകൾ ഉപയോഗിച്ച് അടുത്തു വരുന്ന സിംഹങ്ങളെയെല്ലാം തൊഴിച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതിനിടെ തക്കംപാർത്തിരുന്ന മറ്റൊരു പെൺസിംഹം ഒറ്റച്ചാട്ടത്തിന് ജിറാഫിന്റെ പുറത്ത് കയറി കഴുത്തിൽ തന്നെ പിടികൂടി. സിംഹത്തെ താഴെയിടാൻ ജിറാഫിന് സാധിച്ചെങ്കിലും നിവർന്നു നിൽക്കാനുള്ള ആരോഗ്യം അതിനോടകം നഷ്ടപ്പെട്ടിരുന്നു. 

തൊട്ടടുത്ത നിമിഷം തന്നെ ജിറാഫ് സിംഹങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണു. ഇരയെ കീഴ്പ്പെടുത്തിയതിന്റെ ആവേശത്തിൽ സിംഹക്കൂട്ടം ജിറാഫിനു മേലെ ചാടിവീണ് ഭക്ഷിക്കാൻ ആരംഭിക്കുന്നതും വിഡിയോയിൽ കാണാം. ദൃശ്യങ്ങൾ പങ്കുവച്ച് രണ്ടുദിവസങ്ങൾകൊണ്ട് 20 ലക്ഷത്തിനു മുകളിൽ ആളുകളാണ് കണ്ടത്. സിംഹത്തെക്കാൾ വലിയ ജീവികളാണെങ്കിൽ പോലും കൂട്ടംതെറ്റി വന്നാൽ ഒരു ജീവിക്കും നിലനിൽപ്പില്ല എന്ന് തെളിയിക്കുകയാണ് വിഡിയോ എന്ന് പലരും കമന്റ് ബോക്സിൽ കുറിക്കുന്നു. അതേസമയം ജിറാഫ് പൂർണ്ണമായും തളർന്നു കുഴഞ്ഞു വീഴുന്നത് വരെ ക്ഷമയോടെ കാത്തിരുന്ന് അതിനെ കെണിയിലാക്കിയ സിംഹങ്ങളാണ് കയ്യടി അർഹിക്കുന്നത് എന്നും കമന്റുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com