മനുഷ്യനാണെന്ന് നോക്കില്ല, കണ്ണിൽപ്പെട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും: സൂക്ഷിക്കണം ഈ പക്ഷികളെ !
Mail This Article
ഭൂമിയിലെ ജീവജാലങ്ങളിൽ സാമർഥ്യംകൊണ്ട് ഒരു പടി മുന്നിൽ നിൽക്കുന്നവയാണ് മാഗ്പൈ പക്ഷികൾ. സാധാരണ പക്ഷികളിൽ നിന്നും വ്യത്യസ്തമായി കണ്ണിൽ കാണുന്ന വസ്തുക്കൾ ഉപയോഗപ്രദമായി കൈകാര്യം ചെയ്യാനും ശബ്ദങ്ങൾ അനുകരിക്കാനും പ്രതികൂല സാഹചര്യങ്ങളിൽ സങ്കടപ്പെടാനുമൊക്കെ ഇവയ്ക്ക് സാധിക്കും. ഇവയുടെ ഈ കഴിവുകൾ പലപ്പോഴും മനുഷ്യരെ അത്ഭുതപ്പെടുത്താറുമുണ്ട്. പൊലീസ് വാഹനത്തിന്റെ സൈറൻ അതേപടി അനുകരിക്കുന്ന ഒരു മാഗ്പൈ പക്ഷിയുടെ ദൃശ്യങ്ങൾ ഇംഗ്ലണ്ടിൽ നിന്നും അടുത്തയിടെ പുറത്തുവന്നത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇത്രയൊക്കെ കഴിവുകൾ ഉണ്ടെങ്കിലും ഇവ മനുഷ്യർക്ക് ഒരു പേടി സ്വപ്നം തന്നെയാണ്. കാരണം മറ്റൊന്നുമല്ല തരം കിട്ടിയാൽ മനുഷ്യന്റെ കണ്ണ് ചൂഴ്ന്നെടുക്കാൻ ശ്രമിക്കുന്ന ഭീകരന്മാരാണ് ഇവ.
വ്യത്യസ്ത ഇനങ്ങളിൽ പെട്ട മാഗ്പൈ പക്ഷികളെ യൂറോപ്പ്, ഏഷ്യ, വടക്കൻ അമേരിക്ക എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്. എങ്കിലും ഓസ്ട്രേലിയയിൽ കണ്ടുവരുന്ന മാഗ്പൈകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും അപകടകാരികൾ. ഓസ്ട്രേലിയൻ മാഗ്പൈകൾ മനുഷ്യന്റെ കണ്ണുകൾ ലക്ഷ്യംവച്ച് നടത്തിയ ധാരാളം ആക്രമണങ്ങളുടെ വാർത്തകൾ പുറത്തു വരാറുമുണ്ട്. കഴിഞ്ഞവർഷം ഓസ്ട്രേലിയക്കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അപ്രതീക്ഷിതമായി ഒരു മാഗ്പൈ പക്ഷി ആക്രമിച്ച് കണ്ണുകൾക്ക് സാരമായി പരിക്കേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു വർഷത്തിനുശേഷവും ഈ ദൃശ്യങ്ങൾ മുന്നറിയിപ്പെന്നവണ്ണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ക്യാമറയും കൈയിലേന്തി നടന്നു നീങ്ങുന്നതിനിടയിൽ പെട്ടെന്ന് വശത്തു നിന്നും പറന്നുവന്ന മാഗ്പൈ യുവതിയുടെ വലത് കണ്ണിനുള്ളിൽ കൊത്തി നേത്രഗോളം ചൂഴ്‌ന്നെടുക്കാൻ ശ്രമിക്കുകയായിരുന്നു. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സ്ലോ മോഷനിൽ പരിശോധിക്കുമ്പോൾ പക്ഷിയുടെ കൊക്ക് പൂർണമായും കൺതടത്തിന് ഉള്ളിലേയ്ക്ക് ഇറങ്ങിയതായും കാണാം. കണ്ണ് മുഴുവൻ ചുവയ്ക്കുകയും അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തതോടെ ഇവർക്ക് വൈദ്യസഹായം തേടേണ്ടി വന്നു.
എന്നാൽ കണ്ണുകളെ ലക്ഷ്യംവച്ച് മാഗ്പൈ പക്ഷികൾ നടത്തുന്ന ആക്രമണം ഒറ്റപ്പെട്ടതല്ല എന്ന് തെളിയിക്കുന്ന തരത്തിൽ ധാരാളം സംഭവങ്ങൾ ഓസ്ട്രേലിയയിൽ നിന്നുതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിഡ്നിയുടെ കിഴക്കൻ മേഖലയിൽ മറ്റൊരു സ്ത്രീയുടെ ഇടം കണ്ണ് ലക്ഷ്യമാക്കി ഒരു മാഗ്പൈ ആക്രമിച്ചതാണ് അവയിൽ ഏറ്റവും ഒടുവിലത്തേത്. പക്ഷി ആക്രമിക്കാൻ തുനിഞ്ഞതിന് തൊട്ടു പിന്നാലെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട 40 കാരി ഉടൻതന്നെ വൈദ്യസഹായം തേടുകയും ചെയ്തു. പക്ഷിയുടെ കൊക്കുകൾ ഉരഞ്ഞ് ഇവരുടെ കണ്ണിനുള്ളിൽ മുറിവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 2024ൽ ഇതുവരെ ഓസ്ട്രേലിയയിൽ 150 നു മുകളിൽ മാഗ്പൈ ആക്രമണങ്ങൾ ഉണ്ടായതായാണ് കണക്ക്.
ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങൾ പ്രജനനകാലമായതിനാൽ മാഗ്പൈ പക്ഷികൾ കൂടുതൽ ഊർജസ്വലരാകുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ഇവ ആക്രമിക്കാനുള്ള സാധ്യതയും ഏറെയാണ്. മാഗ്പൈയുടെ കണ്ണിൽപ്പെടാതെ സ്വന്തം കണ്ണുകളെ രക്ഷിക്കാൻ ജനങ്ങൾ മുൻകരുതലുകളെടുക്കണം എന്ന് അധികൃതർ അറിയിക്കുന്നു. മാഗ്പൈകളുടെ സാന്നിധ്യം അധികമുള്ള സ്ഥലങ്ങളിൽ കൂടി ഒറ്റയ്ക്ക് നടക്കരുത് എന്നതാണ് അവയിൽ പ്രധാനം. ഭയപ്പെട്ട് ഓടുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്താൽ പക്ഷികൾ കൂടുതൽ പ്രകോപിതരാകും. കുട ചൂടുകയോ സൺഗ്ലാസുകൾ ധരിക്കുകയോ ചെയ്യുക എന്നതാണ് ആക്രമണ മേൽക്കാതിരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം.
പ്രധാനമായും ആൺ വർഗ്ഗത്തിൽപ്പെട്ട മാഗ്പൈ പക്ഷികളാണ് ആക്രമണത്തിന് മുതിരുന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ ആക്രമണങ്ങൾ അവയുടെ പ്രതിരോധ രീതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രജനന കാലമായതിനാൽ കൂടുകൾക്കോ കുഞ്ഞുങ്ങൾക്കോ ഭീഷണിയുണ്ടാവും എന്ന തോന്നലാണ് ഇവയെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നത്. ശത്രുക്കളെ വിരട്ടി അകറ്റി നിർത്താനുള്ള പക്ഷിയുടെ തന്ത്രമാണ് ഇത്.
പ്രജനന കാലഘട്ടം അല്ലാത്ത സമയത്ത് ഇവ പൊതുവേ ശാന്തരാണ് എന്നത് ഇതിന് ഉദാഹരണമായി പക്ഷി നിരീക്ഷകർ എടുത്തുകാട്ടുന്നു. മനുഷ്യരുടെ മുഖം ഓർത്തുവയ്ക്കാൻ മാഗ്പൈകൾക്ക് കഴിവുണ്ടെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. അതായത് ഒരുതവണ അവ ഒരാളെ ശത്രുവായി കണ്ടാൽ വീണ്ടും ആക്രമണം ഏൽക്കാനുള്ള സാധ്യത ഏറെയാണ്. 25 മുതൽ 30 വയസ്സുവരെ ജീവിക്കുന്നവയാണ് മാഗ്പൈ പക്ഷികൾ. മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമായി ഒരേയൊരു ഇണയെ മാത്രം കണ്ടെത്തി ജീവിക്കും എന്നതും ഇവയുടെ പ്രത്യേകതയാണ്. കീടങ്ങളെയും പ്രാണികളെയും ഭക്ഷണമാക്കുന്നതിനാൽ കർഷകർക്കും പൂന്തോട്ടങ്ങൾ നിർമിക്കുന്നവർക്കും ഇവ ഏറെ ഉപകാരികളുമാണ്.