ADVERTISEMENT

വയനാട് പുഞ്ചിരിമട്ടത്തുനിന്നും ഉരുൾപൊട്ടി പുന്നപ്പുഴയിലൂടെ ഒഴുകിയെത്തിയത് 50 ലക്ഷം ടൺ അവശിഷ്ടങ്ങൾ. മണ്ണും പാറകളും വീടിന്റെ അവശിഷ്ടങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. മേൽമണ്ണുമാത്രം മൂന്നുലക്ഷം ടണ്ണാണ് ഒലിച്ചുപോയത്. വിദഗ്ധസമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. പ്രഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്. പുന്നപ്പുഴയിലൂടെ ഏഴുകിലോമീറ്ററോളമാണ് അവശിഷ്ടങ്ങൾ ഒഴുകിയെത്തിയത്.

വയനാട്ടിലേത് ചുവന്ന പശിമരാശി മണ്ണായതിനാൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. ചൂരൽമല, മുണ്ടക്കൈ മേഖലയിലെ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ല. ഇവിടെ ആളുകളെ താമസിപ്പിക്കരുത്. ഈ മേഖലയ്ക്കൊപ്പം മറ്റിടങ്ങളിലും ശ്രദ്ധപുലർത്തേണ്ടതുണ്ട്. ഉരുൾപൊട്ടലിനുശേഷം പുന്നപ്പുഴയുടെ ഒഴുക്കിന്റെ രീതി മാറി. ചിലയിടങ്ങളിൽ കൂടുതൽ വീതിയിൽ ഒഴുകുന്നുണ്ട്. ഇത്തരം സ്ഥലങ്ങൾ പരിശോധിച്ച് പുഴയുടെ വശങ്ങൾ ഇടിയാതിരിക്കാൻ മുളയോ പാറക്കലുകളോ നിരത്തി സുരക്ഷിതമാക്കണം. ചൂരൽമല അങ്ങാടിയും സ്കൂൾ റോഡും പുഴയുടെ പഴയ കൈവഴിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഒഴിച്ചിടുന്നതാണ് ഉത്തമം, വീടുപണിയുന്നത് സുരക്ഷിതമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 

 (Photo by Hemanth Byatroy / Humane Society International, India / AFP)
(Photo by Hemanth Byatroy / Humane Society International, India / AFP)

പടവെട്ടി ഭാഗത്തുള്ളവർക്കായി തകർന്ന റോഡ് പണിയേണ്ടതുണ്ട്. അത് സാധാരണത്തേക്കാൾ ഉയരത്തിൽ പണിയണം. ബെയ്‌ലി പാലത്തിനുപകരം പുതിയ പാലം പണിയുമ്പോൾ ഉയരത്തില് തന്നെ കെട്ടണം. ചൂരൽമല അങ്ങാടിയിലെ കെട്ടിടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം. പുതിയ കെട്ടിടങ്ങൾ പണിയുന്നുണ്ടെങ്കിൽ ഉയർത്തിപ്പണിയണമെന്നും വിദഗ്ധസമിതി പറയുന്നു.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തിന്റെ ഒരു കിലോമീറ്റർ വിസ്തീർണത്തിൽ ക്വാറികളോ ചെക്ക് ഡാമുകളോയില്ല. അതിനാൽ ഇവയൊന്നും ദുരന്തത്തിന് കാരണമാകില്ല.  ഈ പ്രദേശം 36 ഡിഗ്രിയിൽ കൂടുതൽ ചെരുവുള്ള പ്രദേശമാണ്. രണ്ട് ദിവസത്തിൽ ഇവിടെ ലഭിച്ചത് 572.8 മില്ലിമീറ്റർ മഴയാണ്. ദുരന്തമുണ്ടായ ജൂലൈ 30ന് രണ്ട് മണിക്കൂറിൽ 50 മില്ലിമീറ്റർ മഴ. ഇതെല്ലാമാണ് ഉരുൾപൊട്ടലിനു പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് സൂക്ഷ്മ പ്രാദേശിക സർവേ നടത്തേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധസമിതി നിർദേശിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com